ലോക്ക്ഡൗണ്‍ അവസാനിപ്പിക്കണമെന്ന ആവശ്യവുമായി അമേരിക്കയില്‍ ആയിരങ്ങള്‍ തെരുവില്‍; പിന്തുണച്ച് ട്രംപ്
വാഷിങ്ടണ്‍: കൊവിഡ് പ്രതിരോധത്തിന്റെ ഭാഗമായി ഏര്‍പ്പെടുത്തിയ ലോക്ഡൗണ്‍ എടുത്തുമാറ്റണമെന്നാവശ്യപ്പെട്ട് അമേരിക്കയില്‍ പ്രതിഷേധങ്ങള്‍ വ്യാപകമാകുന്നു. മെയ് നാലു വരെ പ്രഖ്യാപിച്ച ലോക്ക്ഡൗണ്‍ അതിന് മുമ്പു തന്നെ അവസാനിപ്പിക്കണമെന്നാണ് ആവശ്യം.
ഡെമോക്രാറ്റിക് പാര്‍ട്ടി ഭരിക്കുന്ന മൂന്ന് അമേരിക്കന്‍ സംസ്ഥാനങ്ങള്‍ 'മോചിപ്പിക്കണമെന്ന്' റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്കാരന്‍ കൂടിയായ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ട്വിറ്ററിലൂടെ ആഹ്വാനം ചെയ്തിരുന്നു.
മിനസോട്ട, മിഷിഗണ്‍, വിര്‍ജീനിയ തുടങ്ങിയ അമേരിക്കന്‍ സംസ്ഥാനങ്ങളെ 'മോചിപ്പിക്കണമെന്ന്' ആയിരുന്നു ട്രംപിന്റെ ട്വീറ്റ്.
ട്വീറ്റിന് പിന്നാലെ പ്രസിഡന്റിനെതിരെ കടുത്ത വിമര്‍ശനങ്ങളുമായി വാഷിങ്ടണ്‍ ഗവര്‍ണര്‍ അടക്കമുള്ളവര്‍ രംഗത്തെത്തിയിരുന്നു. ''നിയമവിരുദ്ധവും അപകടകരവുമായ പ്രവര്‍ത്തികളെ പ്രോത്സാഹിപ്പിക്കുന്നതാണ് പ്രസിഡന്റിന്റെ പ്രസ്താവനകള്‍. അയാള്‍ ദശലക്ഷക്കണക്കിന് ജനങ്ങളെ കൊവിഡ് രോഗത്തിന്റെ അപകട പരിധിയിലാക്കുകയാണ്'' വാഷിങ്ടണിലെ ഗവര്‍ണറായ ജേ ഇന്‍സ്ലീ തുറന്നടിച്ചു.
ലോക്ഡൗണും നിയന്ത്രണങ്ങളും നീക്കി അമേരിക്കന്‍ വിപണി എത്രയും വേഗം തുറക്കുമെന്ന് ട്രംപ് കുറച്ചു ദിവസങ്ങളായി ആവര്‍ത്തിക്കുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."