ലേബര്‍ ക്യാംപുകളില്‍ രോഗം ബാധിച്ചാല്‍ കാട്ടുതീ പോലെ പടരും
ജിദ്ദ: പ്രവാസം അതു അനുഭവിച്ചറിയേണ്ട ഒരു അനുഭൂതി തന്നെയാണ്. പ്രതേകിച്ചു അറബ് നാടുകളിലെ പ്രവാസം. പക്വത കൈവരിക്കും മുമ്പേ ജന്മ നാടിന്റെ മടിത്തട്ടില്‍ നിന്നിറങ്ങി ഓരോ പ്രവാസിയും നടക്കാന്‍ തുടങ്ങുന്നത് ഈ മരുഭൂമയില്‍ നിന്നാണ്.
എന്നാല്‍ കൊറോണ ലോകത്താകമാനം കൊടുങ്കാറ്റ് പോലെ ആഞ്ഞു വീശുമ്പോള്‍ പ്രവാസിക്ക് ഏകാലത്തെയും വലിയ പ്രതിലന്ധിയാണ് ഈ കൊവിഡ് കാലത്ത്. താന്‍ താമസിക്കുന്ന രാജ്യത്തിന്റെയും, തന്റെ ഉറ്റവരും ഉടയവരും താമസിക്കുന്ന മാതൃരാജ്യത്തിന്റെയും ആവലാതികളും വേവലാതികളും ഒന്നിച്ച് പേറേണ്ടി വരുന്നു. കൂടാതെ രണ്ട് രാജ്യത്തും ഇതു മൂലമുണ്ടായ യാത്രാവിലക്കുകളും മറ്റു നടപടികളും നാടുമായുള്ള ബന്ധത്തില്‍ താത്ക്കാലികമായെങ്കിലുമുണ്ടാക്കുന്ന വിള്ളലും പ്രവാസിയെ തളര്‍ത്തുന്നുണ്ട്
എന്നാല്‍ എലക്ഷക്കണക്കിന് കുടിയേറ്റ ജോലിക്കാരുള്ള ഗള്‍ഫിലെ ആറ് രാജ്യങ്ങളും കര്‍ശന നിയന്ത്രണങ്ങള്‍ പ്രഖ്യാപിച്ചതോടെ വിദേശികളായ ജോലിക്കാര്‍ ഏറെ ആശങ്കയിലാണ്. ശമ്പളമില്ലാതെ താമസസ്ഥലത്ത് ദിവസം തള്ളി നീക്കുകയാണവര്‍. ലേബര്‍ ക്യാമ്പുകള്‍ ഉള്‍പ്പെടെയുള്ള സ്ഥലങ്ങളില്‍ തിങ്ങിഞെരുങ്ങിയാണ് താമസം. സാമൂഹിക അകലം പാലിക്കുക എന്ന നിബന്ധനകള്‍ പോലും ഒരിക്കലും ഗള്‍ഫിലെ പ്രവാസികള്‍ക്കിടയില്‍ സാധ്യമല്ല. എന്നാല്‍ അത്തരം ലേബര്‍ ക്യാമ്പുകളിലെ പ്രവാസികളുടെ ജീവിതം നമ്മള്‍ ആരെങ്കിലും അനുഭവിച്ചിട്ടുണ്ടോ?
അല്ലെങ്കില്‍ അവരുടെ അവസ്ഥ നമ്മള്‍ എത്രത്തോളം മനസ്സിലാക്കാന്‍ ശ്രമിച്ചിട്ടുണ്ട്.
ഓരോ ലേബര്‍ ക്യാമ്പുകളിലും ഏകദേശം ആയിരത്തിനു മുകളില്‍ തൊഴിലാളികളുണ്ടാവും. ഇന്ത്യ, ബംഗ്ലാദേശ്, പാകിസ്താന്‍, നേപ്പാള്‍, ശ്രീലങ്ക, ഫിലിപ്പീന്‍സ് എന്നീ രാജ്യങ്ങളില്‍ നിന്നുള്ളവരായിരിക്കും അതില്‍ കൂടുതല്‍ പേരും. മിക്കവരും സാധാരണ ജോലിയാണ് ചെയ്യുന്നത്. വന്‍കിട കമ്പനികളിലും മറ്റും ജോലി ചെയ്യുന്നവര്‍ ചുരുക്കമാണ്. അതുകൊണ്ടുതന്നെ ഇവരുടെ താമസം തിങ്ങിനിറഞ്ഞ റൂമുകളിലാമാണ്.
തിങ്ങിനിറഞ്ഞ് താമസിക്കുന്നതാണ് വലിയ പ്രതിസന്ധി. മാത്രമല്ല, സമ്പൂര്‍ണ ശുചിത്വം പാലിക്കലും മുഴുവനായി ക്യാമ്പുകളില്‍ സാധിക്കില്ലെന്ന് സഊദിയിലെ പ്രമുഖ കമ്പനിയിലെ മലപ്പുറം സ്വദേശി പറയുന്നു. ഓയില്‍ കമ്പനി ജീവനക്കാരനാണ് ഇയാള്‍. മറ്റു ആറു പേര്‍ക്കൊപ്പമാണ് ഇയാള്‍ ഒരു മുറിയില്‍ താമസിക്കുന്നത്. അതാകട്ടെ മൂന്നു പേര്‍ക്ക് കിടക്കാവുന്ന റൂമില്‍. ഇവരുടെ താമസസ്ഥലത്ത് 850 പേരുണ്ട്. ആകെയുള്ളത് 25 ബാത്ത് റൂമുകളാണ്. രാവിലെ ജോലിക്ക് പോകുന്ന സമയത്ത് പോലും ബാത്ത് റൂമിലേക്കും കുളിക്കാന്‍ വേണ്ടിയും ക്യൂ നില്‍ക്കേണ്ട അവസ്ഥയാണ്. ഇവിടെ സാമൂഹിക അകലം പാലിക്കല്‍ സാധ്യമല്ല. ഇവിടെയുള്ളവരെ ദൈവം രക്ഷിക്കട്ടെ എന്നും ഇയാള്‍ പറയുന്നു. ഭക്ഷണം പാക്കം ചെയ്യാനുള്ളതും ഒരു ചെറിയ കിച്ചന്‍. അതില്‍ തന്നെ എല്ലാവരും പാകം ചെയ്യണം. അതു മാത്രമല്ല. ആ പാകം ചെയ്ത ഭക്ഷണം സൂക്ഷിക്കുന്നതും തന്നെ അവരവരുടെ റൂമില്‍ തന്നെ. ഒരോ റൂമില്‍ രണ്ടും മൂന്നും മെസ്സ് ഉള്ളവരുടെ അവസ്ഥ ഒന്നു ചിന്തിച്ചു നോക്കൂ. ആ ചെറിയ റൂമില്‍ ആറു പേരുടെ കിടത്തം അവരുടെ ഭക്ഷണം, ഡ്രസ്സുകള്‍. നാട്ടിലുള്ള ഒരു പ്രവാസിയുടെ കുടുംബത്തിനു തന്റെ കടുംബ നാഥന്റെ ഈ ജീവിത രീതി ചിന്തിക്കാന്‍ സാധിക്കുമോ? ഇവിടങ്ങളില്‍ കൊറോണ രോഗം ബാധിച്ചാല്‍ കാട്ടുതീ പോലെ വ്യാപിക്കും.
പല ക്യാമ്പുകളിലും അവസ്ഥ അതി ദയനീയമാണ്. പലര്‍ക്കും ജോലിയില്ലാത്തതിനാല്‍ ശമ്പളവും ലഭിക്കുന്നില്ല. കൈവശമുണ്ടായിരുന്ന അവശ്യ വസ്തുക്കള്‍ തീര്‍ന്നിരിക്കുന്നു. ചില സ്ഥലങ്ങളില്‍ മാത്രം സന്നദ്ധ സംഘടനകളുടെ സഹായം ലഭിക്കുന്നുണ്ട്. എന്നാല്‍ ഗതാഗത സംവിധാനങ്ങള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തിയത് കാരണം നാട്ടിലേക്ക് തിരിക്കാന്‍ പ്രവാസികള്‍ക്ക് സാധിക്കില്ല.
അതേ സമയം സഊദിയില്‍ ഇപ്പോള്‍ അധികവും കൊറോണ വൈറസ് കേസുകളും വിദേശികളിലാണെന്ന് ആരോഗ്യ മന്ത്രാലയം ഇറക്കിയ പ്രസ്താവനയില്‍ പറയുന്നു.
ലേബര്‍ ക്യാമ്പുകളില്‍ കൊറോണ വൈറസ് ബാധിതരുടെ എണ്ണം ദിനംപ്രതി പെരുകുന്നതെന്നും ആരോഗ്യകാര്യ മന്ത്രി തൗഫീഖ് അല്‍ റബിയ വ്യക്തമാക്കിയിരുന്നു. ഇതിന്റെ ഭാഗമായി
തൊഴിലാളികളുടെ ആരോഗ്യ നില പരിശോധിക്കുന്നതിന് ക്യാമ്പുകളില്‍ സംവിധാനമേര്‍പ്പെടുത്തി. ക്യാമ്പുകളില്‍ ആവശ്യമായ രോഗ പ്രതിരോധ സാമഗ്രികളുടെ ലഭ്യത ഉറപ്പ് വരുത്താനും അധികാരികള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിരുന്നു. സ്ഥല പരിമിതി നേരിടുന്ന ലേബര്‍ ക്യാമ്പുകളിലെ 80 ശതമാനം വരെയുള്ള ആളുകളെ മാറ്റിപാര്‍പ്പിക്കുന്ന പ്രക്രിയ തുടരുകയാണ്. രോഗ ലക്ഷണങ്ങള്‍ പ്രകടിപ്പിക്കുന്നവരെ പ്രത്യേകം ക്വറന്റൈന്‍ സെന്ററുകളിലേക്കും മാറ്റി പാര്‍പ്പിക്കുന്നുമുണ്ട്. ജിദ്ദയില്‍ മാത്രം തൊഴിലാളികള്‍ കൂട്ടമായി താമസിക്കുന്ന 531 ലേബര്‍ ക്യാമ്പുകളാണ്ടെന്ന് മന്ത്രാലയം കണ്ടെത്തിയിരുന്നു. എന്നാല്‍ പല ക്യാമ്പുകളിലും ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചെങ്കിലും പല കമ്പനികളും ഇപ്പോള്‍ വിദേശികളെ വച്ചു ജോലി മുന്നേട്ടു കൊണ്ടുപോവുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."