പ്രവാസികളുടെ മടക്കം: രണ്ടുലക്ഷം പേര്‍ക്കായുള്ള സൗകര്യങ്ങള്‍ സജ്ജമാക്കിയെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: പ്രവാസികള്‍ക്ക് തിരിച്ചുവരാനുള്ള സൗകര്യം കേന്ദ്രം ഏര്‍പ്പെടുത്തിയാല്‍ അവര്‍ നാട്ടിലെത്തുമ്പോഴുള്ള മുഴുവന്‍ കാര്യങ്ങളും സംസ്ഥാന സര്‍ക്കാര്‍ ഏറ്റെടുക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. തിരികെയെത്തുന്നവരെ പ്രോട്ടോകോള്‍ പാലിച്ചുകൊണ്ട് പരിശോധനയ്ക്ക് വിധേയരാക്കി വിമാനത്താവളങ്ങള്‍ക്കു സമീപം തന്നെ ക്വാറന്റൈന്‍ ചെയ്യുന്നതിനുള്ള സംവിധാനം ഒരുക്കിയിട്ടുണ്ട്. നിലവില്‍ രണ്ടു ലക്ഷം പേര്‍ക്കായുള്ള സംവിധാനമാണ് ഒരുക്കിയിട്ടുള്ളതെന്നും അതിലേറെപേര്‍ എത്തിയാല്‍ അതിനും പദ്ധതി തയാറാക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
പ്രവാസികളെ തിരിച്ചെത്തിക്കുന്നതിന് കേന്ദ്രം പ്രത്യേക വിമാനം ഏര്‍പ്പെടുത്തിയാല്‍ ഗര്‍ഭിണികള്‍, രോഗികള്‍, വയോധികര്‍, താല്‍ക്കാലിക വിസയില്‍ പോയവര്‍ തുടങ്ങിയവര്‍ക്കായിരിക്കും മുന്‍ഗണന. വിഷയത്തില്‍ കേന്ദ്രത്തില്‍നിന്ന് അനുകൂല തീരുമാനം ഉണ്ടാകുമെന്നാണ് പ്രതീക്ഷയെന്നും മുഖ്യമന്ത്രി പറഞ്ഞു. അതുവരെ പ്രവാസികള്‍ എവിടെയാണോ അവിടെയുള്ള സര്‍ക്കാരിന്റെ നിര്‍ദേശങ്ങള്‍ പാലിച്ചുകൊണ്ട് കഴിയണം. പ്രവാസി സംഘടനകള്‍ സഹായം ഉറപ്പാക്കണം.
എല്ലായിടത്തും നോര്‍ക്ക ഹെല്‍പ്പ് ഡസ്‌ക് ആരംഭിച്ചിട്ടുണ്ട്. ലോക്ക്ഡൗണ്‍ അവസാനിക്കുന്നതോടെ രാജ്യത്തിനു പുറത്തും മറ്റു സംസ്ഥാനങ്ങളിലുമുള്ള മലയാളികള്‍ കൂട്ടത്തോടെ തിരികെയെത്തും. അതുകൊണ്ടുതന്നെ അതീവ ജാഗ്രത പുലര്‍ത്താനുള്ള ദിവസങ്ങളാണ് വരാനിരിക്കുന്നതെന്നും നേരിയ അശ്രദ്ധ പോലും വലിയ അപകടത്തിലേക്ക് നയിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."