കലിയിളകി കടല്‍; തീരദേശം ദുരിതത്തില്‍
പൊന്നാനി: കലിയിളകിയ കടലിനു മുന്നില്‍ തീരദേശത്തെ ജീവിതം ദുരിതത്തിലായി. തകര്‍ച്ചാ ഭീഷണി നേരിടാത്തതായൊന്നും ഇപ്പോള്‍ ഈ ഭാഗത്തില്ല. കടല്‍ ഭിത്തിയും ലൈറ്റ് ഹൗസ് റോഡും തകരുകയാണ്.
മണല്‍ മൂടിയ ജങ്കാര്‍ റോഡ് ഗതാഗത യോഗ്യമല്ലാതായി. വീടുകള്‍ക്കു മുന്നില്‍ വെള്ളക്കെട്ടാണ്. ഇവിടെ പകര്‍ച്ചവ്യാധി ഭീഷണി ഉയര്‍ത്തുന്ന തരത്തില്‍ മാലിന്യവും മലിനജലവും കെട്ടിക്കിടക്കുകയാണ്. കടല്‍ഭിത്തികളുടെ അറ്റകുറ്റപ്പണികള്‍ നടക്കാത്തതിനാല്‍ തകര്‍ന്നടിഞ്ഞ ഭിത്തികളുടെ കരിങ്കല്ലുകള്‍ കടലിലേക്ക് ഒഴുകിക്കൊണ്ടിരിക്കുകയാണ്.
ഭിത്തിയില്ലാത്ത ഭാഗങ്ങളില്‍ വീടുകള്‍ക്കുമേല്‍ തിരയടിച്ചു കേടുപാടുകള്‍ സംഭവിക്കുന്നു. കടലാക്രമണ ഭീഷണി നേരിടുന്ന കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിക്കാന്‍ ദുരിതാശ്വാസ ക്യാംപുകള്‍ തുടങ്ങിയിട്ടുണ്ട്.
പൊന്നാനിയില്‍ ആനപ്പടി എ.എം.എല്‍.പി സ്‌കൂളിലാണ് സൗകര്യം ഒരുക്കിയിരിക്കുന്നത്. പാലപ്പെട്ടി ഫിഷറീസ് സ്‌കൂള്‍, വെളിയങ്കോട് ജി.എം.യു.പി സ്‌കൂള്‍ എന്നിവിടങ്ങളിലും ക്യാംപുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. കടല്‍ ഭിത്തിയില്ലാത്ത ഭാഗത്തു മണല്‍ക്കൂനകള്‍ കൂട്ടിയിട്ടു താല്‍ക്കാലിക സംരക്ഷണം ഒരുക്കാനും ശ്രമങ്ങള്‍ നടക്കുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."