സ്പ്രിംഗ്ലര്‍ വിവാദം രാഷ്ട്രീയമായി നേരിടും: കോടിയേരി
തിരുവനന്തപുരം: സ്പ്രിംഗ്ലര്‍ കരാറുമായി ബന്ധപ്പെട്ട് പ്രതിപക്ഷം ഉയര്‍ത്തുന്ന പ്രചാരണങ്ങളെ രാഷ്ട്രീയമായി നേരിടുമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍.
സാധാരണസ്ഥിതി പുനഃസ്ഥാപിച്ചുകഴിഞ്ഞാല്‍ കരാര്‍ സംബന്ധിച്ച എല്ലാ കാര്യങ്ങളും പാര്‍ട്ടി പരിശോധിക്കും. ഇടതുമുന്നണി യോഗത്തില്‍ ചര്‍ച്ച ചെയ്യുകയും ചെയ്യും. സ്പ്രിംഗ്ലര്‍ വിഷയത്തില്‍ വിയോജിപ്പ് പ്രകടിപ്പിച്ചിരുന്ന സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ എ.കെ.ജി സെന്ററിലെത്തി ചര്‍ച്ച നടത്തിയതിനുശേഷം നടത്തിയ ഓണ്‍ലൈന്‍ വാര്‍ത്താസമ്മേളനത്തിലാണ് കോടിയേരി പാര്‍ട്ടി നിലപാട് വ്യക്തമാക്കിയത്. അസാധാരണ സാഹചര്യത്തില്‍ സര്‍ക്കാര്‍ സ്വീകരിച്ച നിലപാടിനെ പാര്‍ട്ടി അംഗീകരിക്കുകയാണ്. കരാര്‍ സംബന്ധിച്ച് തുറന്ന ചര്‍ച്ചയ്ക്ക് തയാറാണെന്ന് സി.പി.ഐ നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്. നിലവിലെ സാഹചര്യങ്ങള്‍ കാനം രാജേന്ദ്രനുമായി ചര്‍ച്ച ചെയ്തിട്ടുണ്ട്. പാര്‍ട്ടിയിലും മുന്നണിയിലും ചര്‍ച്ച ചെയ്ത ശേഷമല്ല കരാറില്‍ ഏര്‍പ്പെട്ടത്. ഡാറ്റ കൈമാറ്റം സംബന്ധിച്ച പാര്‍ട്ടി നയത്തില്‍ മാറ്റമില്ല. വാണിജ്യ ആവശ്യത്തിന് ഉപയോഗിക്കാന്‍ പാടില്ലെന്നതും വിവരങ്ങള്‍ ചോരാന്‍ സാഹചര്യമുണ്ടാകരുതെന്നുമാണ് പാര്‍ട്ടി നിലപാട്. വിവരങ്ങള്‍ ഇതുവരെ ചോര്‍ന്നിട്ടില്ല. ചോരാതിരിക്കാനുള്ള സംവിധാനങ്ങളും സര്‍ക്കാര്‍ സ്വീകരിച്ചിട്ടുണ്ട്. കൊവിഡ് പ്രതിരോധപ്രവര്‍ത്തനങ്ങള്‍ക്ക് വിവരശേഖരണം ആവശ്യമായപ്പോഴാണ് സൗജന്യമായി ആറ് മാസത്തേക്ക് സ്പ്രിംഗ്ലറിന്റെ സേവനം ഉപയോഗപ്പെടുത്താന്‍ ഐ.ടി വകുപ്പ് തീരുമാനിച്ചത്. സ്പ്രിംഗ്ലര്‍ കരാറില്‍ ഉയരുന്ന ആക്ഷേപങ്ങള്‍ പരിശോധിക്കാന്‍ രണ്ടംഗ സമിതിയെ സര്‍ക്കാര്‍ നിയോഗിച്ചു. ഇതുസംബന്ധിച്ച വിശദാംശങ്ങള്‍ ഹൈക്കോടതിയെയും അറിയിച്ചിട്ടുണ്ട്. ആവശ്യമായ സംവിധാനങ്ങള്‍ ഉറപ്പാക്കിയും നിയമനടപടികള്‍ പാലിച്ചുമാണ് കരാറില്‍ ഏര്‍പ്പെട്ടിരിക്കുന്നത്. കൊവിഡ് പ്രതിരോധപ്രവര്‍ത്തനങ്ങളുടെ ഐക്യം പ്രതിപക്ഷം അട്ടിമറിച്ചിരിക്കുകയാണ്. അടിസ്ഥാനരഹിതമായ ആരോപണങ്ങളാണ് പ്രതിപക്ഷം ഉന്നയിക്കുന്നത്. മുഖ്യമന്ത്രിയുടെ മകളുമായി ബന്ധപ്പെട്ട് പ്രതിപക്ഷം ഉയര്‍ത്തിയ ആരോപണം ഇപ്പോഴത്തെ വിവാദങ്ങളുടെ ഉപകഥ മാത്രമാണ്. പ്രതിപക്ഷം കഥകള്‍ മെനയുകയാണ്. ഒരു തെളിവും കൊണ്ടുവരാന്‍ കഴിഞ്ഞിട്ടില്ല. ചാരക്കേസില്‍ മുന്‍ മുഖ്യമന്ത്രി കരുണാകരന്റെ കുടുംബത്തെ പ്രതിക്കൂട്ടില്‍ നിര്‍ത്താന്‍ ശ്രമിച്ചവരാണ് ഇപ്പോഴത്തെ കോണ്‍ഗ്രസ് നേതൃത്വത്തിലുള്ളവര്‍. അതിന്റെ ആവര്‍ത്തനമാണ് ഇപ്പോള്‍ നടക്കുന്നതെന്നും കോടിയേരി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."