സ്‌ട്രോക്ക്, എല്ലിന് പൊട്ടല്‍, ന്യൂമോണിയ, കിഡ്‌നി തകരാര്‍; കണ്ണൂരിലെ 84 കാരന്റെ രോഗമുക്തി കേരളത്തിന് അഭിമാനകരം
കോഴിക്കോട്: കോഴിക്കോട് മെഡിക്കല്‍ കോളജില്‍ നിന്ന് ഇന്ന് കൊവിഡ് 19 മുക്തനായ കണ്ണൂര്‍ സ്വദേശിയുടെ മടങ്ങിവരവ് കേരളത്തിന് അഭിമാനകരമാണ്. 84 കാരനായ കണ്ണൂര്‍ കൂത്തുപറമ്പ് സ്വദേശി അബൂബക്കറിന്റെ തിരിച്ചുവരവ് മെഡിക്കല്‍ കോളജ് ആശുപത്രിയിലെ ഡോക്ടര്‍മാരുടേയും നഴ്‌സുമാരുടേയും സമര്‍പ്പണ ബോധത്തോടെയുള്ള ചികിത്സയുടെ ഫലമാണ്.
ഒരു വര്‍ഷം മുന്‍പ് സ്‌ട്രോക്ക് വന്ന ഇദ്ദേഹം കൊവിഡ് 19 ന് പുറമെ കിഡ്‌നി തകരാറും കടുത്ത ന്യൂമോണിയയും ബാധിച്ച് അതീവ ഗുരുതരാവസ്ഥയിലാണ് മെഡിക്കല്‍ കോളജിലെത്തിയത്. മാര്‍ച്ച് 13 ന് ദുബൈയില്‍ നിന്നും വന്ന മകന്‍ വീട്ടില്‍ നിരീക്ഷണത്തിലായിരുന്നു. ഇതിനിടയ്ക്ക് വീണ് അബൂബക്കറിന്റെ എല്ല് പൊട്ടി. രണ്ട് ദിവസത്തിന് ശേഷമാണ് പനിയാരംഭിച്ചത്.
പ്രായാധിക്യത്താല്‍ ഏറെ അസുഖങ്ങള്‍ അലട്ടിയിരുന്ന ഇദ്ദേഹത്തെ വിദഗ്ധ ചികിത്സകള്‍ നല്‍കി രോഗം ഭേദമാക്കിയാണ് ആശുപത്രിയില്‍ നിന്നും വിട്ടയച്ചത്. 24 മണിക്കൂറും അടുത്ത് നിന്ന് നിരീക്ഷിക്കുകയും നിരന്തരം രക്തപരിശോധനയും മറ്റും നടത്തുകയും തീവ്രപരിചരണ വിഭാഗത്തില്‍തന്നെ വിദഗ്ധ പരിചരണം ഉറപ്പാക്കുകയും ചെയ്തു.
കാന്റീനിലെ ഭക്ഷണം കഴിക്കാന്‍ പറ്റാത്തതിനാല്‍ നഴ്‌സിങ് സൂപ്രണ്ടുമാരും നഴ്‌സുമാരും മറ്റും അവരുടെ സ്വന്തം വീടുകളില്‍ പ്രത്യേകം ഭക്ഷണം തയ്യാറാക്കി കൊണ്ടുവന്നാണ് ഇദ്ദേഹത്തിന് ട്യൂബ് വഴി ഭക്ഷണം നല്‍കിയത്.
എല്ലാ അര്‍ഥത്തിലും പൂര്‍ണ സമര്‍പ്പണത്തോടെ മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ ഡോക്ടര്‍മാരും നഴ്‌സുമാരും പ്രവര്‍ത്തിച്ചതിന്റെ ഫലമാണ് 84 കാരന്റെ രോഗമുക്തി. കൊവിഡ്-19 സ്ഥിരീകരിച്ച വ്യക്തിയെ പിന്നീട് രണ്ട് തവണ പരിശോധിച്ച് നെഗറ്റീവായാലാണ് രോഗമുക്തി ഉറപ്പാക്കുന്നതെങ്കില്‍ ഇദ്ദേഹത്തിന്റെ സ്രവ സാംപിള്‍ മൂന്ന് തവണ പരിശോധിച്ച് ഉറപ്പുവരുത്തിയതായി മെഡിക്കല്‍ കോളജ് ആശുപത്രി സൂപ്രണ്ട് ഡോ. കെ സജിത്ത് കുമാര്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."