യാത്രാ പ്രതിസന്ധി: റിയാദിൽ മാത്രം 145 ഗര്‍ഭിണികള്‍ ഉൾപ്പെടെ ആയിരത്തിലധികം പേർ സഹായം തേടിയതായി കെഎംസിസി; മുഖ്യമന്ത്രി, അംബാസിഡർ എന്നിവർക്ക് നിവേദനം നൽകി
റിയാദ്: കൊവിഡ്-19 യാത്രാ പ്രതിസന്ധിക്കിടെ അടിയന്തിരമായി നാട്ടിലെത്തേണ്ടവരുടെ കണക്കുകൾ ശേഖരിച്ചപ്പോൾ കണ്ടെത്തിയത് റിയാദിൽ നിന്നും മാത്രമായി നാട്ടിലേക്ക് പോകാനായി കാത്ത് നിൽക്കുന്നത് ഗർഭിണികൾ ഉൾപ്പെടെ നൂറുകണക്കിന് പേർ. റിയാദ് മലപ്പുറം ജില്ലാ കെഎംസിസി യാണ് ഓൺലൈൻ വഴി വിവരങ്ങൾ ശേഖരിച്ചത്. യാത്രാ നിയന്ത്രണങ്ങൾ കാരണം നാട്ടിലേക്ക് മടങ്ങാൻ കഴിയാത്ത ഗർഭിണികൾ, രോഗികൾ, വിസിറ്റ് വിസ കാലാവധി തീർന്നവർ, ജോലി നഷ്ടപ്പെട്ട് ഫൈനൽ എക്സിറ്റ് കാത്ത് നിൽക്കുന്നവർ, തൊഴിൽ കരാർ തീർന്നവർ, മാസങ്ങളായി ജോലിയോ ശമ്പളമോ ഇല്ലാതെ പ്രയാസപ്പെടുന്നവർ, വാർഷികാവധിക്ക് നാട്ടിൽ പോകാൻ നിൽക്കുന്നവർ തുടങ്ങി ആയിരക്കണക്കിന് മലയാളികളാണ് റിയാദിൽ മാത്രമുള്ളത്.
പ്രത്യേകം തയ്യാറാക്കിയ ഗൂഗ്ൾ ഫോം ഉപയോഗിച്ച് രണ്ട് ദിവസങ്ങളിലായി നടത്തിയ വിവരശേഖരണത്തിൽ 145 ഗർഭിണികൾ, ജോലി നഷ്ടമായ 255 പേർ, ഫൈനൽ എക്സിറ്റ് ആയവർ 171, വിസിറ്റ് വിസ കാലാവധി തീർന്നവർ 123, പ്രായമായവർ 29, വാർഷികാവധിക്ക് നാട്ടിൽ പോകേണ്ടവർ 264, മറ്റുകാരണങ്ങൾ കൊണ്ട് നാട്ടിൽ പോകേണ്ടവർ 159 എന്നിങ്ങനെ നിരവധി പേർ റിയാദിൽ മാത്രം ഉണ്ടെന്നാണ് കണ്ടെത്തിയത്. റിയാദിൽ നിന്നും മാത്രമായി ഇത്രയധികം കണ്ടെത്തിയപ്പോൾ സഊദി അറേബ്യയുടെ വിവിധ ഭാഗങ്ങളിൽ ഉള്ള മലയാളികളുടെ എണ്ണം പതിനായിരക്കണക്കിന് ആയിരിക്കുമെന്നാണ് സൂചന
നിയന്ത്രണങ്ങൾ കാരണം പ്രവാസ ലോകത്ത് കുടുങ്ങിപ്പോയ മലയാളികളെ എത്രയും വേഗം നാട്ടിലെത്തിക്കാൻ അടിയന്തിര നടപടികൾ കൈകൊള്ളണമെന്നാവശ്യപ്പെട്ട് സഊദിയിലെ ഇന്ത്യൻ അംബാസിഡർ ഡോ: ഔസാഫ് സഈദ്, കേരള മുഖ്യമന്ത്രി തുടങ്ങിയവർക്ക് നിവേദനവും നൽകിയിട്ടുണ്ട്. കൂടാതെ, കേരളത്തിൽ നിന്നുള്ള വിവിധ എം പി മാർ എംഎൽഎമാർ തുടങ്ങിയവർക്കും വിഷയത്തിൽ നിവേദനം നൽകി. മുൻഗണനാ ക്രമത്തിൽ ഇത്തരത്തിൽ പ്രയാസമനുഭവിക്കുന്നവരെ നാട്ടിലെത്തിക്കാൻ സത്വര നടപടികളുണ്ടാകണമെന്ന് നിവേദനം നൽകിയ റിയാദ് മലപ്പുറം ജില്ലാ കെഎംസിസി പ്രസിഡന്റ് മുഹമ്മദ് വേങ്ങര, ജനറൽ സെക്രട്ടറി അസീസ് വെങ്കിട്ടയും വിവര ശേഖരണത്തിന് നേതൃത്വം നൽകിയ മൊയ്‌തീൻ കുട്ടി തെന്നല, ശരീഫ് അരീക്കോട്, ഷൗക്കത്ത് കടമ്പോട്ട്, റഫീഖ് മഞ്ചേരി, മുനീർ വാഴക്കാട്, ബഷീർ ഇരുമ്പുഴി, യാക്കൂബ് ഒതായി, സിറാജ് ഊർപ്പയിൽ, നവാസ് എം കെ എന്നിവരും ആവശ്യപെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."