ഗതാഗത മന്ത്രി നിലപാട് കര്‍ക്കശമാക്കി കെ.എസ്.ആര്‍.ടി.സിയില്‍
തിരുവനന്തപുരം: ജീവനക്കാര്‍ക്ക് ശമ്പളം നല്‍കുന്നതു സംബന്ധിച്ച് ധന-ഗതാഗത വകുപ്പുമന്ത്രിമാര്‍ തമ്മില്‍ വിലപേശല്‍.
ഒടുവില്‍ കെ.എസ്.ആര്‍.ടി.സി ജീവനക്കാര്‍ക്ക് ശമ്പളത്തിനുള്ള പണം ഉറപ്പിച്ച് വകുപ്പുമന്ത്രി തോമസ്ചാണ്ടിയുടെ ആദ്യ ഇടപെടല്‍ വിജയിച്ചു.
ശമ്പളം നല്‍കാന്‍ കെ.ടി.ഡി.എഫ്.സി അനുവദിച്ച 80 കോടിയുടെ വായ്പ വാങ്ങാന്‍ തടസ്സംനിന്ന ധനവകുപ്പ് പിന്നീട് അനുമതി നല്‍കുകയായിരുന്നു. ഇന്നലെ ഗതാഗതമന്ത്രി തോമസ് ചാണ്ടിയും ധനമന്ത്രി തോമസ് ഐസകും നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം. ജനപ്രതിനിധി എന്നതിനപ്പുറം തന്റെ ബിസിനസ് മാനേജ്‌മെന്റ് വൈദഗ്ധ്യം കൂടി തെളിയിച്ചിരിക്കുകയാണ് ഗതാഗതമന്ത്രി തോമസ് ചാണ്ടി.
കെ.എസ്.ആര്‍.ടി.സിയിലെ നിലവിലെ പ്രശ്‌നം ജീവനക്കാര്‍ക്ക് ശമ്പളം നല്‍കുക എന്നതാണ്. ആദ്യം കെ.ടി.ഡി.എഫ്.സി അനുവദിച്ച വായ്പ അംഗീകരിക്കാന്‍ ധനവകുപ്പ് തയാറാകണമെന്ന് കര്‍ക്കശമായി മന്ത്രി ആവശ്യപ്പെട്ടു. വായ്പ എടുക്കുന്നതിനെ ധനവകുപ്പ് അംഗീകരിച്ചില്ലെങ്കില്‍ സ്വന്തം പോക്കറ്റില്‍ നിന്നുമെടുത്ത് ജീവനക്കാര്‍ക്ക് ശമ്പളം നല്‍കുമെന്നും തോമസ്ചാണ്ടി പറഞ്ഞു.
ഇതോടെ ചര്‍ച്ചകളെല്ലാം നിര്‍ത്തിവച്ച് ധനമന്ത്രി തോമസ് ഐസക് കെ.ടി.ഡി.എഫ്.സി വായ്പ അംഗീകരിക്കുകയായിരുന്നു. ജീവനക്കാര്‍ക്ക് ശമ്പളം വിതരണം ചെയ്തു തുടങ്ങിയതായി ഗതാഗതമന്ത്രിയുടെ ഓഫിസ് സുപ്രഭാതത്തോടു പറഞ്ഞു.
എല്‍.ഡി.എഫ് മന്ത്രിസഭ അധികാരത്തില്‍ വന്നശേഷം ആദ്യമായാണ് കെ.എസ്.ആര്‍.ടി.സി ജീവനക്കാര്‍ക്ക് ഇത്രയും നേരത്തേ ശമ്പളം നല്‍കാന്‍ നടപടി എടുക്കുന്നത്. കഴിഞ്ഞ പത്തുമാസങ്ങളിലും ശമ്പളം വൈകുകയോ, ഇതിന്റെ പേരില്‍ ജീവനക്കാര്‍ സമരത്തിലേര്‍പ്പെടുകയോ ചെയ്തിരുന്നു. ശമ്പളം ലഭിക്കാത്തതിന്റെ പേരില്‍ ജീവനക്കാരന്‍ ആത്മഹത്യ ചെയ്ത സംഭവം വരെയുണ്ടായി.
തോമസ്ചാണ്ടി മന്ത്രിസ്ഥാനം ഏറ്റെടുത്തശേഷം ആദ്യം ഇടപെട്ട് നടപടി എടുത്ത വിഷയമാണ് ജീവനക്കാരുടെ ശമ്പളം നല്‍കല്‍. ശമ്പളം പെന്‍ഷന്‍ എന്നിവയ്ക്കായി എപ്പോഴും വായ്പ എടുക്കേണ്ട സ്ഥിതി മറികടക്കുകയാണ് വേണ്ടതെന്ന് ധനമന്ത്രി പറഞ്ഞെങ്കിലും വകുപ്പുമന്ത്രി ചെവിക്കൊണ്ടില്ല.
കെ.എസ്.ആര്‍.ടി.സിയെ സഹായിക്കേണ്ടത് സര്‍ക്കാരാണ്. സര്‍ക്കാരിന് സഹായിക്കാനാവില്ലെന്ന് പറഞ്ഞാല്‍ തന്റെ പണം ഉപയോഗിച്ച് ചെയ്യാന്‍ കഴിയുന്നത് ചെയ്യുമെന്ന നിലപാടിലാണ് തോമസ്ചാണ്ടി എത്തിയത്. ഇതോടെ ധനമന്ത്രി നിലപാടില്‍ അയവു വരുത്തുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."