മാംസപരിശോധനക്ക് ജില്ലയില്‍ ലാബില്ല
ഒലവക്കോട് : ജില്ലയില്‍ മാംസപരിശോധനക്ക് മതിയായ ലാബ് സൗകര്യമില്ലാത്തതിനാല്‍ കടകളില്‍നിന്നു ലഭിക്കുന്ന ഇറച്ചിയുടെ ഗുണനിലവാരം സംബന്ധിച്ച് ആശങ്ക. ഹോട്ടലുകളില്‍ പാചകത്തിനായി എത്തിക്കുന്ന ഇറച്ചി ഏത് മൃഗത്തിന്റേതാണെന്ന് കണ്ടുപിടിക്കാനുള്ള സംവിധാനമില്ലാത്തത് ഹോട്ടലുടമകളിലും സംശയമുണ്ടാക്കുന്നു. ഇറച്ചി വിതരണക്കാരില്‍ നിന്നും വിശ്വാസിച്ച് വാങ്ങുകയേ ഹോട്ടലുകാര്‍ക്ക് നിവൃത്തിയുള്ളൂ.
നിലവില്‍ തിരുവനന്തപുരത്തെ സര്‍ക്കാര്‍ അനലറ്റിക്കല്‍ ലാബിലും എറണാകുളത്തെ റീജിയണല്‍ ലാബിലുമാണ് മാംസപരിശോധനാ സംവിധാനമുള്ളത്. ജില്ലയില്‍ രോഗം ബാധിച്ചതും ചത്തതുമായ പശുക്കളുടെയും മറ്റും ഇറച്ചി വില്‍പ്പന നടത്തുന്നതായി നേരത്തെ പരാതിയുയര്‍ന്നിരുന്നു. ഇത്തരത്തിലുള്ള മാംസം ശ്രദ്ധയില്‍ പെട്ടാല്‍ ഭക്ഷ്യസുരക്ഷാവകുപ്പ് മണ്ണുത്തിയിലെ വെറ്ററിനറി യൂണിവേഴ്‌സിറ്റിയെയാണ് പരിശോധനക്കായി ആശ്രയിക്കുന്നത്.
ഹോട്ടലുകളില്‍ വിളമ്പുന്ന ഇറച്ചിക്ക് കാലപ്പഴക്കമുണ്ടോയെന്ന് മനസ്സിലാക്കുന്ന മൈക്രോബയോളജി ലാബ് പാലക്കാട് ജില്ലയില്‍ ഇല്ലാത്തതാണ് മാംസപരിശോധന പ്രഹസനമാക്കുന്നത്. ഇതിനുപുറമെ പാല്‍, കുടിവെള്ളം മുതലായവയില്‍ രോഗകാരികളായ ഫംഗസ്, വൈറസ് എന്നിവയുടെ സാന്നിധ്യമുണ്ടോയെന്ന് പരിശോധിക്കുന്നതും മൈക്രോബയോളജി ലാബിലാണ്.
അയല്‍സംസ്ഥാനങ്ങളില്‍ നിന്നുമെത്തുന്ന മത്സ്യം, പാല്‍,പഴം, പച്ചക്കറി എന്നിവയില്‍ കീടനാശിനികളും ഹോര്‍മോണുകളും ആന്റിബയോട്ടിക്കുകളും ചേര്‍ത്തിട്ടുണ്ടോയെന്ന് കര്‍ശനപരിശോധനക്കു വിധേയമാക്കണമെന്ന് നിയമമുണ്ടെങ്കിലും ഇത്തരം പരിശോധനകള്‍ കടലാസിലൊതുങ്ങുകയാണ്. തിരുവനന്തപുരത്തെ പെസ്റ്റിസൈഡ് ലാബ്, മൃഗസംരക്ഷണവകുപ്പിന്റെ തൃശൂരിലെ ലാബ്, കൊച്ചിയിലെ സെന്റര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫിഷറീസ് ലാബ് എന്നിവയുടെ സേവനവും പരിശോധനക്കായി പ്രയോജനപ്പെടുത്താറുണ്ടെങ്കിലും ഇത്തരം ലാബുകളില്‍ ഉണ്ടാകുന്ന കാലതാമസവും പരിശോധനാഫലത്തിലെ അപാകതകളും ഭക്ഷ്യസുരക്ഷാ പരിശോധനയേയും അനന്തര നടപടികളെയും പ്രതികൂലമായി ബാധിക്കുന്നുണ്ട്.
പാലക്കാട് നഗരത്തില്‍ നഗരസഭയുടെ അറവുശാലയില്‍ മാത്രമാണ് പേരിനെങ്കിലും കാലികളുടെ പരിശോധന നടത്തിയിരുന്നത്. രോഗം ബാധിച്ച കന്നുകാലികളെ ഇറച്ചികടകളില്‍ അറുക്കുന്നുണ്ടോ എന്നറിയാന്‍ നിലവില്‍ സംവിധാനങ്ങളില്ല. ആരോഗ്യവിഭാഗം അധികൃതര്‍ പരിശോധിച്ച് രോഗമില്ലെന്നുറപ്പാക്കിയ കന്നുകാലികളെ മാത്രമെ മാംസത്തിനായി കശാപ്പു ചെയ്യാന്‍ കഴിയൂ എന്നാണ് വ്യവസ്ഥ.
എന്നാല്‍ പരിശോധനക്കെത്തുന്ന കാലികളുടെ നാലിരട്ടി കാലികളെയാണ് നഗരത്തിലെ മാംസവില്‍പ്പന ശാലകളില്‍ ദിവസവും അറുത്തുവില്‍ക്കുന്നത്. നഗരത്തില്‍ ആധുനിക അറവുശാല സ്ഥാപിക്കുമെന്ന ഭരണസമിതികളുടെ വാഗ്ദാനം ഇതുവരെ നടപ്പാക്കപ്പെട്ടിട്ടില്ല. പരിസ്ഥിതി മലിനീകരണമുണ്ടാക്കാത്ത അറവുശാലകള്‍ ഉണ്ടായാല്‍ നഗരത്തിലെ മാലിന്യപ്രശ്‌നത്തിനും തെരുവുനായശല്യത്തിനും ഒരു പരിധിവരെ പരിഹാരം കാണാനാകും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."