ഉറപ്പുകള്‍ ലംഘിച്ച് തുറന്ന മദ്യശാല നഗരസഭ ഇടപെട്ട് പൂട്ടിച്ചു
ചങ്ങനാശ്ശേരി: സമരസമിതി നേതാക്കള്‍ക്കും മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ ഭാരവാഹികള്‍ക്കും നല്‍കിയ ഉറപ്പുകള്‍ കാറ്റില്‍പറത്തി മാര്‍ക്കറ്റില്‍ ബിവറേജസ് കോര്‍പറേഷന്റെ മദ്യവില്‍പനശാല ഇന്നലെ വീണ്ടും തുറന്നു. എന്നാല്‍ വിവരം അറിഞ്ഞ് നാട്ടുകാരും നഗരസഭയും ഇടപെട്ടു വൈകുന്നേരം അഞ്ചോടെ പൂട്ടിച്ചു.
എന്നാല്‍ തുടര്‍ നടപടികളുമായി മുന്നോട്ടുപോവാനും സമരസമിതിയും തീരുമാനിച്ചു. സംഘര്‍ഷാവസ്ഥ ഉണ്ടാകുവാനുള്ള സാധ്യത മുന്നില്‍കണ്ട് നിരവധി പൊലിസുകാരേയും സ്ഥലത്തു വിന്യസിച്ചിരുന്നു.
കഴിഞ്ഞ ദിവസം നടന്ന ചര്‍ച്ചയില്‍ നഗരസഭയുടെ അനുമതി ലഭിച്ചതിനുശേഷമെ മാര്‍ക്കറ്റില്‍ മദ്യവില്‍പന ശാല തുറന്നു പ്രവര്‍ത്തിക്കൂവെന്നു ബിവറേജസ് കോര്‍പറേഷന്‍ അധികാരികള്‍ സമരസമിതിക്കു ഉറപ്പു എഴുതി നല്‍കിയിരുന്നു.
ഇതേത്തുടര്‍ന്നു ഒരാഴ്ചയിലേറെയായി നടന്നുവന്നിരുന്ന രാപ്പകല്‍ സമരം അവസാനിപ്പിച്ചിരുന്നു.
എന്നാല്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ അനുമതി ഇല്ലാതെതന്നെ മദ്യശാലകള്‍ തുറന്നു പ്രവര്‍ത്തിപ്പിക്കാനുള്ള ഓര്‍ഡിനന്‍സ് സര്‍ക്കാര്‍ ഇറക്കാനുള്ള സാധ്യത മുന്നില്‍കണ്ടു ബഹുജനങ്ങളെ സംഘടിപ്പിച്ചു തുടര്‍ന്നും സമരം ശക്തിപ്പെടുത്തുന്നതിനെക്കുറിച്ചുള്ള ആലോചനായോഗം ഇന്നലെ വൈകിട്ടു ആറിനു ചേരാനിരിക്കെയാണ് മൂന്നരയോടെ മദ്യശാല തുറന്നു പ്രവര്‍ത്തിച്ചത്. ഇവിടെ തുറന്നു പ്രവര്‍ത്തിക്കുന്നതിനെ അനുകൂലിക്കുന്ന നിരവധി മദ്യപാനികളുടെ സാന്നിധ്യത്തിലായിരുന്നു സ്ഥാപനം തുറന്നത്.
മദ്യപാനികള്‍ ഏറെ ആവേശത്തോടെയാണ് ഔട്ട്‌ലറ്റു തുറക്കുന്നതിനെ വരവേറ്റത്.
എന്നാല്‍ സംഭവം അറിഞ്ഞു നഗരസഭ അധികാരികള്‍ സ്ഥലത്തെത്തുകയും യൂനിറ്റു മാനേജര്‍ക്കു സ്റ്റോപ്പു മെമ്മോ നല്‍കുകയും ചെയ്തു.
മാനേജര്‍ അതു വാങ്ങാന്‍ കൂട്ടാഞ്ഞതിനെത്തുടര്‍ന്നു ഭിത്തിയില്‍ അതു പതിക്കുകയും ഉന്നതങ്ങളില്‍ നിന്നുള്ള നിര്‍ദേശത്തെത്തുടര്‍ന്നു മദ്യശാല പൂട്ടുകയും ചെയ്തു.
എന്നാല്‍ ഇതു തുറക്കുന്നതു സംബന്ധിച്ചു തുടര്‍നടപടികളുമായി മുന്നോട്ടുപോവാനാണ് ബിവറേജസ് കോര്‍പറേഷന്‍ ഒരുങ്ങുന്നത്.
അതേസമയം സമരം ശക്തിപ്പെടുത്താന്‍ സമരസമിതയും തീരുമാനിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."