അധ്യാപികയെ പീഡിപ്പിക്കാന്‍ ശ്രമം: സ്‌കൂള്‍ അക്കാദമിക് ഡയരക്ടര്‍ക്ക് തടവുശിക്ഷ
ചാലക്കുടി: അധ്യാപികയെ പീഡിപ്പിച്ചെന്ന പരാതിയില്‍ സ്‌കൂള്‍ അക്കാദമിക് ഡയരക്ടര്‍ക്കു തടവു ശിക്ഷ.
ബിലിവേഴ്‌സ് ചര്‍ച്ചിന് കീഴിലുള്ള തൃശൂര്‍ മാളക്കടുത്ത അഷ്ടമിച്ചിറ വിജയഗിരി പബ്ലിക് സ്‌കൂളില്‍ കംപ്യൂട്ടര്‍ അധ്യാപികയായിരുന്ന പയ്യന്നൂര്‍ കാങ്കോല്‍ സ്വദേശിനി നല്‍കിയ പരാതിയിലാണ് സ്‌കൂള്‍ അക്കാഡമിക് ഡയരക്ടറായിരുന്ന തിരുവല്ല കുട്ടാപ്പുഴ ബി.സി.ടി.എഫ്. ഫാക്കല്‍റ്റി ക്വാര്‍ട്ടേഴ്‌സിലെ സോജന്‍.കെ. വര്‍ഗീസിനെ ചാലക്കുടി ഒന്നാം ക്ലാസ് മജിസ്‌ട്രേട്ട് കോടതി മൂന്നു മാസം തടവിനു ശിക്ഷിച്ചത്.
രണ്ടാം പ്രതി ആളൂര്‍ കല്ലേറ്റുംകര ചക്കാലക്കല്‍ ടിനി ജിക്‌സോയെ കുറ്റക്കാരിയല്ലെന്ന് കണ്ട് വെറുതെ വിട്ടു. ഉപരിപഠനാര്‍ഥം അവധിക്ക് അപേക്ഷിച്ചെങ്കിലും സ്‌കൂള്‍ അധികൃതര്‍ അനുവദിക്കാത്തതിനെ തുടര്‍ന്ന് അധ്യാപിക 2015 നവംബര്‍ 30നു ജോലി രാജിവെക്കുന്നതായി കാണിച്ച് നവംബര്‍ ആദ്യം കത്തു നല്‍കിയിരുന്നു.
ഇതിന് പിന്നാലെ നവംബര്‍ 13ന് അക്കാഡമിക് ഡയരക്ടറായ സോജന്‍ കെ. വര്‍ഗീസ് സ്വന്തം കാബിനിലേക്കു വിളിപ്പിച്ച് ലൈംഗിക ചുവയോടെ പെരുമാറുകയും രാജി വെക്കുമ്പോള്‍ ആനുകൂല്യങ്ങളും സര്‍ട്ടിഫിക്കറ്റുകളും മറ്റും നല്‍കണമെങ്കില്‍ ഒരു ദിവസം കൂടെ ചെല്ലണമെന്ന് ലൈംഗിക ചേഷ്ടകളോടെ ആവശ്യപ്പെടുകയും ചെയ്തതായി പരാതിയില്‍ പറയുന്നു. ഇതു തെറ്റാണെന്ന് തെളിയിക്കാന്‍ പ്രതിഭാഗത്തിനു കഴിഞ്ഞില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി.
അധ്യാപികയുടെ സ്‌കൂളിലെ അവസാന പ്രവൃത്തി ദിവസമായിരുന്ന നവംബര്‍ 30നു ഫോണില്‍ വിളിച്ച് രാജവെക്കുമ്പോള്‍ ലഭിക്കേണ്ട ആനുകൂല്യങ്ങളും മറ്റും ലഭിക്കണമെങ്കില്‍ താന്‍ പറഞ്ഞത് അനുസരിക്കണമെന്ന് വീണ്ടും ആവശ്യപ്പെടുകയും അവഹേളിക്കുകയും ചെയ്തു.
ഇതോടെ സ്‌കൂളില്‍ കുഴഞ്ഞു വീണ അധ്യാപികയെ സ്‌കൂള്‍ ജീവനക്കാര്‍ മാളയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
പീഡനത്തെയും അവഹേളനത്തെയും തുടര്‍ന്നു മാനസികമായി തകര്‍ന്ന അധ്യാപികയെ സൈക്കോളജി വിഭാഗത്തിലടക്കം ചികിത്സക്ക് വിധേയയാക്കിയതായി ആശുപത്രി അധികൃതരും ചികില്‍സാ രേഖകള്‍ സഹിതം കോടതിയില്‍ സാക്ഷിമൊഴി നല്‍കി.
സംഭവം സംബന്ധിച്ച് നവംബര്‍ 30നു തന്നെ മാള പൊലിസില്‍ പരാതി നല്‍കിയെങ്കിലും കേസെടുക്കാതെ ഒത്തു തീര്‍പ്പു ശ്രമം നടത്തുകയായിരുന്നു പൊലിസ്. ഒടുവില്‍ മുതിര്‍ന്ന പൊലിസ് ഉദ്യോഗസ്ഥര്‍ക്കും ആഭ്യന്തര മന്ത്രി അടക്കമുള്ളവര്‍ക്കും പരാതി നല്‍കിയ ശേഷമാണ് മൂന്നു മാസത്തിന് ശേഷം 2016 മാര്‍ച്ച് നാലിന് മാള പൊലിസ് കേസ് രജിസ്റ്റര്‍ ചെയ്തത്. പ്രതിഭാഗത്തിനു വേണ്ടി സാക്ഷിയായെത്തിയ വിജയഗിരി സ്‌കൂള്‍ മാനേജര്‍ ഡോ.സാമുവല്‍ മാത്യു ഹാജരാക്കിയ രാജിവച്ച അധ്യാപികക്ക് ആനുകൂല്യങ്ങള്‍ നല്‍കിയതിന്റെ രേഖകള്‍ ഈ കേസുമായി ബന്ധമില്ലാത്തതാണെന്നും കോടതി കണ്ടെത്തി.
മാത്രമല്ല, ആ ആനുകൂല്യങ്ങള്‍ ലഭിക്കാന്‍ അധ്യാപികക്ക് ലേബര്‍ കോടതിയെ സമീപിക്കുന്നതടക്കമുള്ള നിയമ നടപടികള്‍ സ്വീകരിക്കേണ്ടി വന്നതായും കോടതി ചൂണ്ടിക്കാട്ടി. തുടര്‍ന്നാണ് ഐപിസി 354 എ(നാല്) പ്രകാരം അധ്യാപികയെ പീഡിപ്പിച്ചതിന് സ്‌കൂള്‍ അക്കാദമിക് ഡയരക്ടറായ സോജന്‍ കെ.വര്‍ഗീസിനെ മൂന്നു മാസം തടവിനു ശിക്ഷിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."