ജിബിന്‍ ഇനി പഠിക്കാം; വീട്ടിലേക്ക് റോഡും
വടകര: ജിബിന്‍ ഇനി പഠിക്കാം. വീട്ടുമുറ്റം വരെ വണ്ടിയുമെത്തും. ജന്മനാ അംഗപരിമിതനായ ജിബിന്‍ വിദ്യാഭ്യാസത്തിനുള്ള പണം സ്കോളര്‍ഷിപ്പായി നല്കാന് ജില്ലാഭരണകൂടം തീരുമാനിച്ചു.
വടകര ജെ.എന്‍.എം ഹയര്‍സെക്കന്‍ഡറി സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാര്‍ഥിയായ പുതുപ്പണം നടക്കല്‍മീത്തല്‍ ഒ.വി. ജിബിന്റെ അച്ഛനും അമ്മയും ആത്മഹത്യ ചെയ്തതോടെ അമ്മയുടെ സഹോദരിയായ വി.കെ ലിജിയുടെ സംരക്ഷണയിലാണ് വളരുന്നത്.
നടക്കാനാകാത്തതിനാല്‍ വാക്കറിന്റെ സഹായത്തോടെയാണ് യാത്ര. കാലിന്റെ പേശികള്‍ മുറുകുന്നതാണ് ജിബിന്‍ നടക്കാന്‍ തടസം സൃഷ്ടിക്കുന്നത്. പതിമൂന്നുകാരനായ ജിബിന്‍ ഫിസിയോതെറാപ്പിയ്ക്കായി പ്രതിദിനം 250 രൂപ ചെലവുണ്ട്. വീട്ടിലേക്ക് വണ്ടി വരാന്‍ സൗകര്യമില്ലാത്തതിനാല്‍ സ്കൂളിലേക്കുള്ള യാത്രയും പ്രതിസന്ധിയിലാകുകയായിരുന്നു. തുടര്‍ന്ന് റോഡ് അനുവദിക്കാനായി വടകര എം.എല്‍.എ സി.കെ നാണുവിന് അപേക്ഷ നല്‍കിയിരുന്നു.
റോഡ് നിര്‍മിക്കാന്‍ അനുമതി ലഭിച്ചെങ്കിലും ഇതുവരെ നിര്‍മാണ പ്രവര്‍ത്തികള്‍ ആരംഭിച്ചിരുന്നില്ല. ജനസമ്പര്‍ക്ക പരിപാടിയിലെത്തിയ എം.എല്‍.എയോട് റോഡ്സൗകര്യം ഉടന്‍ ഉണ്ടാക്കണമെന്ന് കലക്ടര്‍ അഭ്യര്‍ഥിച്ചതിനെ തുടര്‍ന്ന് നിര്‍മാണ പ്രവര്‍ത്തികള്‍ എത്രയും പെട്ടെന്ന് ആരംഭിക്കുമെന്ന് എം.എല്‍.എ ഉറപ്പ് നല്‍കുകയും ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."