വി.എസിന്റെ പദവി: അനിശ്ചിതാവസ്ഥ നീങ്ങി
തിരുവനന്തപുരം: ഒടുവില്‍ വി.എസിന് ഭരണപരിഷ്‌കരണ കമ്മിഷന്‍ അധ്യക്ഷപദവി നല്‍കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ തയാറായി. ഇതുസംബന്ധിച്ചുള്ള തീരുമാനം ഇന്നലെ ചേര്‍ന്ന മന്ത്രിസഭാ യോഗത്തില്‍ കൈക്കൊണ്ടു. ഭരണപരിഷ്‌ക്കരണ കമ്മിഷന്‍ അധ്യക്ഷപദവി വി.എസിനു നല്‍കുന്നതിനു മുന്നോടിയായുള്ള ആദായകരമായ പദവി സംബന്ധിച്ച നിയമത്തില്‍ ഭേദഗതി വരുത്തുന്നതിനാണ് മന്ത്രിസഭാ യോഗം അംഗീകാരം നല്‍കിയിരിക്കുന്നത്. ഇതിനായി ഇരട്ടപദവി നിയമത്തില്‍ ഭേദഗതി കൊണ്ടുവരേണ്ടതായുണ്ട്. എം.എല്‍.എയായ വി.എസിന് ക്യാബിനറ്റ് റാങ്കോടുകൂടിയ പദവി നല്‍കാന്‍ ഇരട്ട പദവി നിയമത്തില്‍ ഭേദഗതി വരുത്തണമെന്ന് ചീഫ്‌സെക്രട്ടറി, നിയമസെക്രട്ടറി എന്നിവര്‍ ശുപാര്‍ശ നല്‍കിയിരുന്നു.
അതേസമയം, പദവി സംബന്ധിച്ച മന്ത്രിസഭാ തീരുമാനത്തെക്കുറിച്ച് വിശദമായി പഠിച്ചിട്ടു പ്രതികരിക്കാമെന്നും ഇത്തരമൊരു വിഷയം നേരത്തേ കേട്ടിരുന്നുവെന്നും വി.എസ് അച്യുതാന്ദന്‍ വ്യക്തമാക്കി.
പതിനാലാം നിയമസഭയുടെ നടപ്പുസമ്മേളനത്തില്‍ തന്നെ ബില്‍ അവതരിപ്പിക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. നിയമഭേദഗതി ബില്ലായി നിയമസഭയില്‍ അവതരിപ്പിച്ചു നിയമമാക്കണം. നടപ്പുസമ്മേളനത്തിന്റെ പ്രധാന അജന്‍ഡ ബജറ്റവതരണവും പാസാക്കലുമാണ്. ഇതിനിടയില്‍ ആദായകരമായ പദവി സംബന്ധിച്ച നിയമം ഭേദഗതി ചെയ്യാനുള്ള ബില്ല് സര്‍ക്കാര്‍ നിയമസഭയില്‍ കൊണ്ടുവരാന്‍ സാധ്യത കുറവാണ്. അഥവാ കൊണ്ടുവന്നാല്‍ പ്രതിപക്ഷം സാങ്കേതിക പ്രശ്‌നങ്ങള്‍ ഉന്നയിച്ചാല്‍ ബില്‍ നിയമസഭാ സബ്ജക്ട് കമ്മിറ്റിയുടെ പരിശോധനയ്ക്കായി മാറ്റും. അങ്ങിനെ സംഭവിച്ചാല്‍ അടുത്ത നിയമസഭാ സമ്മേളനത്തില്‍ മാത്രമേ ബില്‍ വീണ്ടും അവതരിപ്പിക്കാനാകൂ. നിയമസഭയില്‍ ബില്‍ പാസാക്കാനാകാതെ വന്നാല്‍ ഓര്‍ഡിനന്‍സ് ഇറക്കാനും സര്‍ക്കാരിന് ഉദ്ദേശമുണ്ട്.
1951ലെ നിയമത്തിലാണ് ഭേദഗതി കൊണ്ടുവരുന്നത്. മുഖ്യമന്ത്രിക്കസേര ലക്ഷ്യമിട്ട് തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ താരമായ വി.എസിനെ മന്ത്രിസഭാ രൂപീകരണത്തില്‍ വിശ്വസ്തനെന്നു കരുതിയ പാര്‍ട്ടി ജനറല്‍ സെക്രട്ടറി സീതാറാം യച്ചൂരിയും കൈയൊഴിയുകയായിരുന്നു. മുഖ്യമന്ത്രി പദം പിണറായിക്കു നല്‍കിയതിനു പകരമായി, കേരളത്തിന്റെ ഫിഡല്‍ കാസ്‌ട്രോയെന്ന വിശേഷണവും ഒപ്പം മന്ത്രിസഭാ ഉപദേശകനെന്ന പ്രത്യേക പദവിയും നല്‍കുമെന്ന വാഗ്ദാനമാണ് വി.എസിനു ലഭിച്ചത്. എന്നാല്‍ തന്റെ എതിര്‍പ്പ് പല മാര്‍ഗത്തിലൂടെ നേതൃത്വത്തെ അറിയിച്ചിരുന്നു. പദവി വേണ്ടെന്നും പാര്‍ട്ടി ഘടകത്തില്‍ തിരിച്ചെടുത്താല്‍ മതിയെന്നുവരെ വി.എസ് ആവശ്യപ്പെട്ടിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."