ശിരോവസ്ത്രം അഴിപ്പിച്ച അധ്യാപികക്കെതിരേ മന്ത്രിക്ക് പരാതി
കാഞ്ഞങ്ങാട്: എസ്.എസ്.എല്‍.സി പരീക്ഷക്കിടെ ശിരോവസ്ത്രം നിര്‍ബന്ധിപ്പിച്ച് അഴിപ്പിക്കുകയും ആക്ഷേപിക്കുകയും ചെയ്തെന്ന് കാണിച്ച് അധ്യാപികക്കെതിരേ പതിനഞ്ചുകാരി വിദ്യാഭ്യാസ മന്ത്രിക്ക് പരാതി നല്കി. വെള്ളരിക്കുണ്ട് പൊലിസ് സ്റ്റേഷന് പരിധിയിലെ ഒരു വിദ്യാലയത്തിലെ പത്താംതരം വിദ്യാര്‍ഥിനിയാണ് രക്ഷിതാക്കളുടെ സഹായത്തോടെ വിദ്യാഭ്യാസ മന്ത്രിക്ക് പരാതി നല്‍കിയത്.
കഴിഞ്ഞ ദിവസം നടന്ന എസ്.എസ്.എല്‍.സി പരീക്ഷയെഴുതുന്നതിനിടെ മറ്റ് വിദ്യാര്‍ഥികളുടെ മുന്നില്‍ വച്ച് ആക്ഷേപിക്കുകയും ശിരോവസ്ത്രം നിര്‍ബന്ധിപ്പിച്ച് അഴിപ്പിച്ചുവെന്നുമാണ് വിദ്യാര്‍ഥിയുടെ പരാതി. ഇന്‍വിജിലേറ്ററായി എത്തിയ അധ്യാപിക തന്നെ പരീക്ഷാ ഹാളില്‍ വച്ച് അപമാനിക്കാന്‍ ശ്രമിക്കുകയും ഇതേ തുടര്‍ന്ന് പരീക്ഷ ശരിയായി എഴുതാന്‍ സാധിച്ചില്ലെന്നും വിദ്യാര്‍ഥിനി വീട്ടുകാരോട് പറഞ്ഞതിനെ തുടര്‍ന്നാണ് രക്ഷിതാക്കള്‍ ഇടപെട്ട് സംഭവത്തില്‍ അധ്യാപികക്കെതിരേ മന്ത്രിക്ക് പരാതി നല്‍കിയത്.
മാര്‍ച്ച് 30ന് നടന്ന കണക്ക് പരീക്ഷക്കിടെയാണ് സംഭവം. പരീക്ഷാ ഹാളിലെത്തിയ അധ്യാപിക കോപ്പിയടിക്കാനുള്ള കടലാസ് ശിരോവസ്ത്രത്തില്‍ ഒളിപ്പിച്ചു വച്ചിട്ടുണ്ടോയെന്നു ചോദിച്ച് മറ്റു വിദ്യാര്‍ഥികള്‍ക്കിടയില്‍ വച്ച് തന്നെ അപമാനിക്കാന്‍ ശ്രമിച്ചുവെന്നാണ് വിദ്യാര്‍ഥിനിയുടെ പരാതി. ഇല്ലെന്നു മറുപടി നല്‍കിയെങ്കിലും ഇത് ചെവിക്കൊള്ളാതെ ശിരോവസ്ത്രം നിര്‍ബന്ധപൂര്‍വ്വം അധ്യാപിക അഴിപ്പിക്കുകയായിരുന്നുവെന്ന് വിദ്യാര്‍ഥിനി പറയുന്നു. ശിരോവസ്ത്രം അഴിപ്പിച്ച് അപമാനിച്ച വിഷമത്തില്‍ ഒരു വിധത്തില്‍ പരീക്ഷയെഴുതിയെങ്കിലും ഹാളില്‍ നിന്നും ഇറങ്ങുമ്പോള്‍ പരീക്ഷാ പേപ്പര്‍ തുന്നിക്കെട്ടിയിട്ടില്ലെന്ന് ആരോപിച്ച് വീണ്ടും ഇതേ അധ്യാപിക തട്ടിക്കയറിയതോടെ വിദ്യാര്‍ഥിനി കരഞ്ഞു കൊണ്ട് പരീക്ഷാ ഹാളില്‍ നിന്നും ഇറങ്ങുകയും വീട്ടിലെത്തി രക്ഷിതാക്കളോട് വിവരം പറയുകയുമായിരുന്നു.
അധ്യാപികക്കെതിരേ വിദ്യാഭ്യാസമന്ത്രി, ഡി.ഡി.ഇ, സ്കൂള്‍ പ്രധാനാധ്യാപിക എന്നിവര്‍ക്കാണ് പെണ്‍കുട്ടി പരാതി നല്‍കിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."