തോരാതെ മഴ; ഒഴിയാതെ നഷ്ടങ്ങളും
മേപ്പാടി: കഴിഞ്ഞദിവസം അല്പം ശമനമുണ്ടായെങ്കിലും ജില്ലയില്‍ വീണ്ടും മഴ ശക്തമായി. ജൂണ്‍ ഒന്ന് മുതല്‍ ഇതുവരെ 429.61 മില്ലീമീറ്റര്‍ മഴയാണ് ജില്ലയില്‍ ലഭിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനകം 83.43 മില്ലീമീറ്റര്‍ മഴയും വയനാട്ടില്‍ പെയ്തു. മഴക്കൊപ്പം വീശിയടിക്കുന്ന കാറ്റില്‍ നിരവധി വീടുകള്‍ക്ക് കേടുപാടുകള്‍ സംഭവിക്കുകയും കൃഷി നശിക്കുകയും ചെയ്തു. ശക്തമായ മഴയിലും കാറ്റിലും ജില്ലയില്‍ എട്ട് വീടുകള്‍ ഭാഗികമായി തകര്‍ന്നു. മാനന്തവാടി താലൂക്കിലാണ് മഴ കൂടുതല്‍ നാശം വിതച്ചത്. നാല് വീടുകളാണ് മാനന്തവാടി താലൂക്കില്‍ ഭാഗികമായി തകര്‍ന്നത്. വൈത്തിരി, സുല്‍ത്താന്‍ ബത്തേരി താലൂക്കുകളില്‍ രണ്ട് വീതം വീടുകളും ഭാഗീകമായി തകര്‍ന്നു. ജില്ലയില്‍ താഴ്ന്ന പ്രദേശങ്ങള്‍ പലതും വെള്ളത്തിനടിയിലായെങ്കിലും ദുരിതാശ്വാസ ക്യാംപുകളൊന്നും ഇതുവരെ ആരംഭിച്ചിട്ടില്ല. മഴ ആരംഭിച്ച ശേഷം ഇതുവരെ പതിനേഴ് വീടുകള്‍ക്കാണ് കേടുപാടുകള്‍ സംഭവിച്ചത്. മഴയെ തുടര്‍ന്ന് കാരാപ്പുഴ, ബാണാസുര സാഗര്‍ ഡാമുകളില്‍ ജല നിരപ്പ് വീണ്ടും ഉയര്‍ന്നു. ഇതോടെ കാരാപ്പുഴ ഡാമിന്റെ മൂന്ന് ഷട്ടറുകള്‍ തുറന്നു.
ബാണാസുര സാഗറില്‍ 76040 എം.എസ്.എല്‍ ആണ് ജലനിരപ്പ്. കാരാപ്പുഴ ഡാമില്‍ 758.2 എം.എസ്.എല്‍ ആയി പരിമിതപ്പെടുത്തിയിട്ടുണ്ട്. മുന്‍കരുതലിന്റെ ഭാഗമായി മൂന്ന് ദിവസം മുമ്പാണ് കാരാപ്പുഴ ഡാമിന്റെ മൂന്ന് ഷട്ടറുകളും തുറന്നത്. ഡാമില്‍ നിന്നും കൂടുതലായി വെള്ളം ഒഴുക്കുന്നതിനാല്‍ പരിസര പ്രദേശത്തെ താമസക്കാര്‍ ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ അറിയിച്ചു.
കോട്ടക്കുന്നില്‍ വീടുകളില്‍വെള്ളം കയറി
സുല്‍ത്തന്‍ ബത്തേരി: ജില്ലയില്‍ തുടരുന്ന ശക്തമായ മഴയില്‍ സുല്‍ത്താന്‍ ബത്തേരി-കോട്ടക്കുന്നില്‍ വീടുകളില്‍ വെള്ളം കയറി. ഡോണ്‍ബോസ്‌കോ കോളജിന് താഴ്ഭാഗത്തുള്ള കുളത്തില്‍കരോട്ട് വിജയന്‍, കുണ്ടില്‍ മിന്‍ഷാദ്, തട്ടുപുറത്ത് അനില്‍, ബേസില്‍ എന്നിവരുടെ വീടുകളിലാണ് വെള്ളം കയറിയത്. വീടിനു സമീപത്തുകൂടെ ഒഴുകുന്ന ആര്‍മാട് തോട് കരകവിഞ്ഞാണ് വീടുകളില്‍ വെള്ളമെത്തിയത്. ഇതു കാരണം വീടിനു പുറത്തിറങ്ങാന്‍ പറ്റാത്ത അവസ്ഥയിലാണ് കുടുംബങ്ങള്‍. വേനല്‍കലത്ത് തോട്ടില്‍ വെള്ളം തടഞ്ഞു നിര്‍ത്താന്‍ തടയണ നിര്‍മിച്ചിരുന്നു. ഇതോടെ വേനല്‍കാലത്തെ മഴവെള്ളത്തോടൊപ്പം ഒലിച്ചെത്തിയ ചെളിനിറഞ്ഞ് തോടിന്റെ ആഴം കുറയുകയും ഇപ്പോള്‍ മഴശക്തമായതോടെ വെള്ളം നിറഞ്ഞ് കരകവിയുകയുമാണ് ഉണ്ടായിരിക്കുന്നത്. വീടുകളില്‍ വെള്ളം കയറിയ സംഭവമറിഞ്ഞ് സുല്‍ത്താന്‍ ബത്തേരി നഗരസഭാ ചെയര്‍മാന്‍ ടി.എല്‍ സാബു പ്രദേശം സന്ദര്‍ശിച്ചു. പ്രദേശത്തെ വെള്ളക്കെട്ട് ഒഴിവാക്കാന്‍ അടിയന്തര നടപടിയും സ്വീകരിച്ചു. അതേ സമയം മഴ ഇനിയും ശക്തമായാല്‍ നാലുവീട്ടുകാരെയും മാറ്റിപാര്‍പ്പിക്കേണ്ടിവരും.
വീശിയടിച്ച് കാറ്റ്; വാഴക്കൃഷി നശിച്ചു
സുല്‍ത്താന്‍ ബത്തേരി: ശക്തമായ കാറ്റിലും മഴയിലും നെന്മേനി കൊമ്മാട് വാഴകൃഷി നശിച്ചു. താഴത്തൂര്‍ കണ്ണാംപറമ്പില്‍ കുര്യാക്കോസിന്റെ 400ഓളം കുലച്ച നേന്ത്രവാഴകളാണ് നശിച്ചത്. കഴിഞ്ഞദിവസം പ്രദേശത്ത് വീശിയടിച്ച ശക്തമായ കാറ്റിലാണ് കുലച്ച വാഴകള്‍ നിലംപതിച്ചത്. വാഴകള്‍ നശിച്ചതോടെ വന്‍സാമ്പത്തിക ബാധ്യതയാണ് കര്‍ഷകന് വന്നിരിക്കുന്നത്. രണ്ട് വര്‍ഷം മുമ്പും ഈ കര്‍ഷകന്റെ വാഴകള്‍ കാറ്റില്‍ നശിച്ചിരുന്നു. അതിന്റെ നഷ്ടപരിഹാരതുക ഇതുവരെ ലഭിച്ചിട്ടില്ല. പ്രകൃതിക്ഷോഭം കാരണം കൃഷികള്‍ നശിക്കുന്ന കര്‍ഷകര്‍ക്ക് സമയബന്ധിതമായി നഷ്ടപരിഹാരതുക ലഭിക്കാത്തത് തിരിച്ചടിയാവുന്നുണ്ട്. ഇത്തരമൊരു അവസ്ഥയില്‍ കൃഷിനാശമുണ്ടായാല്‍ എത്രയുംപെട്ടന്ന് ബന്ധപെട്ട ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി കൃഷിനാശം വിലയിരുത്തി മതിയായ നഷ്ടപരിഹാരം എത്രയുംപെട്ടന്ന് കര്‍ഷകന് ലഭ്യമാക്കണമെന്നാണ് ആവശ്യം.
മാനന്തവാടി: കഴിഞ്ഞ ദിവസമുണ്ടായ ശക്തമായ കാറ്റില്‍ നേന്ത്രവാഴ കൃഷി നിലംപൊത്തി.
മാനന്തവാടി നഗരസഭയിലെ ഒഴക്കോടി ശ്രീകൃഷ്ണ ക്ഷേത്ര കമ്മിറ്റി പാട്ടത്തിനെടുത്ത വയലിലെ ഇരുനൂറ്റി അന്‍പതോളം കുലച്ച വാഴകളാണ് നശിച്ചത്. ഇതില്‍ പകുതിയും പാതി മൂപ്പെത്തിയിട്ടേയുള്ളൂ. എണ്ണൂറോളം വാഴകളാണ് ഉണ്ടായിരുന്നത്. കൃഷി ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി നാശനഷ്ടം വിലയിരുത്തി.
വീടിന്റെ സംരക്ഷണ ഭിത്തി തകര്‍ന്നു
മേപ്പാടി: നിര്‍ധന കുടുംബത്തിന്റെ നിര്‍മാണത്തിലിരിക്കുന്ന വീടിന്റെ സംരക്ഷണ ഭിത്തി തകര്‍ന്ന് വീട് അപകടാവസ്ഥയിലായി.
കോട്ടനാട് ലീഫ് ഷെഡിന് സമീപത്തെ കളരിക്കല്‍ സമദിന്റെ വീടിന്റെ സംരക്ഷണഭിത്തിയാണ് തകര്‍ന്ന് വീണത് വീട് അപകടാവസ്ഥയിലായി. സര്‍ക്കാര്‍ അനുവദിച്ച നാല് സെന്റ് ഭൂമിയില്‍ ലൈഫ് ഭവന പദ്ധതി പ്രകാരം നിര്‍മിക്കുന്ന വീടാണ് അപകടാവസ്ഥയിലായത്. ചരിവുള്ള ഭൂമിയായതിനാല്‍ സംരക്ഷണ ഭിത്തി നിര്‍മിക്കാന്‍ രണ്ട് ലക്ഷം രൂപയാണ് ചെലവഴിച്ചത്. ഒരു ലക്ഷം രൂപയോളം ചെലവഴിച്ച് നിര്‍മിച്ച കിണറിന് മുകളിലേക്കാണ് കോണ്‍ക്രീറ്റ് ഭിത്തി തകര്‍ന്നു വീണത്. തിങ്കള്‍ വൈകിട്ട് ആറോടെയായിരുന്നു അപകടം. ഉചിതമായ നഷ്ട പരിഹാരം ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് കുടുംബം കോട്ടപ്പടി വില്ലേജ് ഓഫില്‍ പരാതി നല്‍കി. സമാനമായ സ്ഥിതിയാണ് മേപ്പാടി ഹൈസ്‌കൂള്‍ കുന്ന് കോളനിയിലെ ശിവദാസന്റെ അവസ്ഥ. നിര്‍മാണം പൂര്‍ത്തിയായി താമസമാക്കാന്‍ ഒരുങ്ങുകയായിരുന്നു. അപ്പോഴാണ് കഴിഞ്ഞ ദിവസം വീടിനോട് ചേര്‍ന്ന മണ്‍ ഭിത്തി ഇടിഞ്ഞ് വീണത്. വീടിന്റെ ഒരു ഭാഗം പൂര്‍ണമായും തകര്‍ന്നു വീടിന് വിള്ളല്‍ വീണിട്ടുമുണ്ട്. ബ്ലോക്ക് പഞ്ചായത്തിന്റെ ഐ.എ.വൈ പദ്ധതി പ്രകാരം നിര്‍മിക്കുന്ന വീടിനാണ് നാശ നഷ്ടം നേരിട്ടത്. നെടുംബാല അഞ്ചലി ക്ലബിന് സമീപത്തെ റോഡിന്റെ സംരക്ഷണ ഭിത്തി തകര്‍ന്നു വീണു വീട് അപകടാവസ്ഥയിലായി. മൊയ്ദീന്‍ കുട്ടിയുടെ വീടിന് മുന്‍പിലേക്കാണ് മണ്ണ് ഇടിഞ്ഞ് വീണത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."