യുവനടിയെ ആക്രമിച്ച കേസ്: സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് ദിലീപിന്റെ ഹരജി
കൊച്ചി: യുവനടിയെ ആക്രമിച്ച് അശ്ലീല ദൃശ്യങ്ങള്‍ പകര്‍ത്തിയെന്ന കേസില്‍ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹരജി. കേസിലെ പ്രതിയായ ചലച്ചിത്രതാരം ദിലീപാണ് ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്. നടിയെ ആക്രമിച്ച സംഭവത്തില്‍ പങ്കാളിത്തമോ ഇതേക്കുറിച്ച് അറിവോ ഇല്ലാത്ത തന്നെ പൊലിസ് പ്രതിയാക്കിയെന്നാണ് ഹരജിക്കാരന്റെ വാദം. നിലവില്‍ അന്വേഷണം നടത്തിയ പൊലിസ് കേസില്‍ സത്യം പുറത്തു കൊണ്ടുവരാന്‍ ശ്രമിച്ചിട്ടില്ല. സംസ്ഥാന പൊലിസിന്റെ നിയന്ത്രണത്തിലല്ലാത്ത മറ്റൊരു ഏജന്‍സിയെ അന്വേഷണം ഏല്‍പിക്കണം-ഹരജിയില്‍ പറയുന്നു.
ഷൂട്ടിങിന് ശേഷം തൃശൂരില്‍ നിന്ന് കൊച്ചിയിലേക്ക് വരികയായിരുന്ന യുവനടിയെ ആക്രമിച്ച സംഭവത്തില്‍ 2017 ജൂലായ് പത്തിനാണ് ദിലീപിനെ പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്. ഇതിനു മുന്‍പ് പള്‍സര്‍ സുനിയടക്കം ഏഴ് പ്രതികള്‍ക്കെതിരേ 2017 മാര്‍ച്ച് 18 ന് അന്വേഷണ സംഘം അന്തിമ റിപ്പോര്‍ട്ട് കോടതിയില്‍ നല്‍കിയിരുന്നു.
സംഭവത്തിന്റെ ഗൂഢാലോചനയില്‍ പങ്കുണ്ടെന്ന് ആരോപിച്ചാണ് പൊലിസ് ദിലീപിനെ അറസ്റ്റ് ചെയ്തത്. ആദ്യ കുറ്റപത്രത്തില്‍ പറയുന്ന ആക്രമണ കാരണത്തിന് കടക വിരുദ്ധമായ കണ്ടെത്തലാണ് അന്വേഷണ സംഘം തന്നെ പ്രതിയാക്കി നല്‍കിയ അനുബന്ധ കുറ്റപത്രത്തിലുള്ളതെന്നും ദിലീപ് ആരോപിക്കുന്നു.
ആ നിലയ്ക്ക് കേസ് വീണ്ടും രജിസ്റ്റര്‍ ചെയ്ത് അന്വേഷിക്കാന്‍ നിര്‍ദേശം നല്‍കണമെന്നും ഹരജിയില്‍ ആവശ്യപ്പെടുന്നു. ഈ കേസില്‍ അറസ്റ്റിലായ ആദ്യ പ്രതികള്‍ കെട്ടിച്ചമച്ച നുണയുടെ അടിസ്ഥാനത്തില്‍ ഡി.ജി.പി ഉള്‍പ്പെടെയുള്ള ഉന്നത പൊലിസ് ഉദ്യോഗസ്ഥര്‍ അന്വേഷണം നടത്തിയത് ദുരുദ്ദേശ്യപരമാണെന്നാണ് ഹരജിയിലെ വാദം. ഹരജി ഹൈക്കോടതി ഇന്ന് പരിഗണിച്ചേക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."