കുട്ടികളുടെ സംരക്ഷണത്തിനായുള്ള പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതം
കാസര്‍കോട്: കുട്ടികള്‍ക്കെതിരായ ലൈംഗികാതിക്രമങ്ങള്‍, ബാലവേല, ലഹരി ഉപയോഗം തടയില്‍, പഠനം മുടങ്ങിയ കുട്ടികളെ മുഖ്യധാരാ സ്‌കൂള്‍ വിദ്യാഭ്യാസത്തിലേക്ക് കൊണ്ടുവരിക തുടങ്ങി ശിശുസംരക്ഷണത്തിനായുള്ള ജില്ലയിലെ വിവിധ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തി.
നിയമപരമല്ലാത്ത ദത്തെടുക്കല്‍ തടയുന്നതിനും അമ്മത്തൊട്ടിലുകളിലും മറ്റും ഉപേക്ഷിക്കപ്പെട്ടനിലയില്‍ കണ്ടെത്തുന്ന പിഞ്ചുകുഞ്ഞുങ്ങളെയും ദുര്‍ഘടമായ ചുറ്റുപാടുകളില്‍ കഴിയുതായി കണ്ടെത്തുന്ന ആറുവയസിനു താഴെ പ്രായമുള്ള കുട്ടികളെയും സംരക്ഷിക്കുന്നതിനായി പ്രത്യേക 'ഫൗണ്ട് ലിംഗ് ഹോം' ആരംഭിക്കുന്നതിനും വനിതാ-ശിശുവികസന വകുപ്പിന്റെ സഹായത്തോടെ ജില്ലയില്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ മേല്‍നോട്ടത്തില്‍ പെണ്‍കുട്ടികളെ സംരക്ഷിക്കുന്നതിനുള്ള 'ചില്‍ഡ്രന്‍സ് ഹോമുകള്‍' സ്ഥാപിക്കുന്നതിനും ജില്ലാതല ശിശുസംരക്ഷണ സമിതിയോഗം തിരുമാനിച്ചു.
കുട്ടികള്‍ക്കെതിരെയുള്ള ലൈംഗീകാതിക്രമങ്ങളുമായി ബന്ധപ്പെട്ട് 2018 മാര്‍ച്ച് 31വരെ ജില്ലയില്‍ 472 കേസുകള്‍ പോക്‌സോ ആക്ട് പ്രകാരം രജിസ്റ്റര്‍ ചെയ്തു. കുട്ടികള്‍ക്കെതിരെയുള്ള ലൈംഗീകാതിക്രമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യാതിരുന്നാല്‍ ശക്തമായ നിയമനടപടികള്‍ പൊലിസ് സ്വീകരിക്കും.
ബാലവേലയ്ക്ക് ഇരയാക്കപ്പെട്ടതായി കണ്ടെത്തിയ ഇതര സംസ്ഥാനങ്ങളിലേയും ജില്ലകളിലേയും ഉള്‍പ്പെടെ 28 കുട്ടികളെ കഴിഞ്ഞ വര്‍ഷങ്ങളില്‍ രക്ഷപ്പെടുത്തി കാസര്‍കോട് ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി മുന്‍പാകെ ഹാജരാക്കുകയും ഇവരെ പുനരധിവസിപ്പിക്കുകയും ചെയ്തു. ശൈശവ വിവാഹത്തിന് പ്രേരിപ്പിച്ച നിലയില്‍ കണ്ടെത്തിയ മുപ്പതോളം കുട്ടികളെ അതില്‍നിന്ന് തടയുന്നതിനും സാധിച്ചു.
വിദ്യാലയങ്ങളില്‍ നിന്നുള്ള കുട്ടികളുടെ കൊഴിഞ്ഞുപോക്ക് തടയുന്നതുമായി ബന്ധപ്പെട്ട് കുട്ടികളുടെ വിവരങ്ങള്‍ അതാത് പഞ്ചായത്ത് ശിശുസംരക്ഷണ കമ്മിറ്റികള്‍ക്ക് കൈമാറുന്നതിനും വിദ്യാഭ്യാസ വകുപ്പിന്റെ സഹകരണത്തോടെ കുട്ടികളെ തിരികെ സ്‌കൂളുകളിലെത്തിക്കുന്നതിനും കൂട്ടായ യജ്ഞം നടത്തും.
ജില്ലയിലെ മുഴുവന്‍ വിദ്യാലയങ്ങളും കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന സ്‌കൂള്‍ പ്രൊട്ടക്ഷന്‍ സമിതികള്‍ പുനസംഘടിപ്പിക്കും. സ്‌കൂള്‍ പരിസരങ്ങളില്‍ ലഹരി ഉല്‍പ്പന്നങ്ങള്‍ വില്‍പ്പന തടയുന്നതിന് അതാത് സ്‌കൂള്‍ പ്രൊട്ടക്ഷന്‍ കമ്മിറ്റികള്‍ മുന്‍കൈ എടുക്കേണ്ടതാണെന്നും യോഗം തീരുമാനിച്ചു. സ്‌കൂള്‍ പരിസരത്തും മറ്റും ലഹരിവസ്തുക്കള്‍ വില്‍ക്കുന്ന സ്ഥാപനങ്ങളുടെ ലൈസന്‍സ് റദ്ദാക്കുന്നതിനുള്ള നടപടികള്‍ പഞ്ചായത്തുകള്‍ സ്വീകരിക്കണം.
ജില്ലാപഞ്ചായത്ത് പ്രസിഡന്റ് എ.ജി.സി ബഷീറിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ കലക്ടര്‍ കെ. ജീവന്‍ബാബു സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷനംഗം അഡ്വ. ശ്രീല മേനോന്‍, ജില്ലാ ശിശുസംരക്ഷണ ഓഫിസര്‍ പി. ബിജു, അസിസ്റ്റന്റ് ലേബര്‍ ഓഫിസര്‍ പി. വത്സലന്‍, ക്രൈം ബ്രാഞ്ച് ഡിവൈ.എസ്.പി പ്രദീപ് കുമാര്‍, ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ മാധുരി എസ് ബോസ്, പ്രൊട്ടക്ഷന്‍ ഓഫിസര്‍ ഫൈഗന്റ എ.ജി പങ്കെടത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."