പരിശീലനത്തിനായി ഗജവീരന്മാര് ഇന്ന് മുതുമലയിലേക്ക്
സുല്‍ത്താന്‍ ബത്തേരി: കുങ്കിയാനകള്‍ക്കുള്ള വിദഗ്ധ പരിശീലനത്തിനായി മുത്തങ്ങയിലെത്തിച്ച ആനകളെ ഇന്ന് മുതുമലയിലേക്ക് കൊണ്ടുപോകും.
കോന്നി സുരേന്ദ്രനെയും കോടനാട് നീലകണ്ഠനെയും മുത്തങ്ങ പന്തിയിലെ സൂര്യയെയുമാണ് മുതുമല തെപ്പക്കാടുള്ള പരീശീലന ക്യാംപിലേക്ക് കൊണ്ടുപോകുന്നത് . കോടനാട് നീലകണ്ഠനെ ചൊവ്വ വൈകുന്നേരത്തോടെയും കോന്നി സുരേന്ദ്രനെ ബുധന്‍ ഉച്ചയോടെയുമാണ് മുത്തങ്ങ ആനപന്തിയിലെത്തിച്ചത്.
പരിശീലനത്തിന്റെ മുന്നൊരുക്കമെന്ന നിലയില്‍ മുത്തങ്ങ ആനപന്തിയിലുള്ള സൂര്യയുടെയും കുഞ്ചുവിന്റെയും കൊമ്പുകള്‍ ബുധനാഴ്ച്ച വൈകുന്നേരത്തോട്കൂടി ഫോറസ്റ്റ് അസി.വെറ്ററിനറി സര്ജന് ഡോ.അരൂണ്‍ സക്കറിയയുടെ നേത്യത്വത്തില്‍ മുറിച്ച് വലുപ്പം ഒരുപോലെയാക്കി. മുത്തങ്ങ പന്തിയില്‍ പരിശീലനം ലഭിച്ച കുങ്കിയാനയാണ് കുഞ്ചു. ഈ ആനയുടെ കൊമ്പ് വളര്‍ന്ന് തുമ്പിക്കൈ ആയാസരഹിതമായി ഉപയോഗിക്കാന്‍ ബുദ്ധിമുട്ടുള്ളത് കൊണ്ടും കുങ്കിയാനയായി ഉപയോഗിക്കുന്ന സമയത്ത് കാട്ടാനകളെ തുരത്തുന്നതിന് പ്രയാസമുണ്ടാകാതിരിക്കാനും കൂടിയാണ് കൊമ്പ് മുറിച്ച് മിനുക്കിയത്. സൂര്യയുടെ ഇടത് കൊമ്പ് പൊട്ടിയ നിലയിലാണ്. ഈ കൊമ്പ് പൊട്ടിയതു കാരണം വലുപ്പത്തില്‍ എറ്റക്കുറച്ചില്‍ ഉണ്ടായതിനാലാണ് രണ്ടുകൊമ്പും മുറിച്ച് ഒരുപൊലെയാക്കിയത്. ഈ മാസം 15 മുതല്‍ സെപ്തംബര്‍ 12 വരെയാണ് മുതുമലയില്‍ ഇവര്‍ക്ക് പരിശീലനം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."