ഇന്ത്യന്‍ പരിശീലകനാകാനൊരുങ്ങി എറിക്സണ്
ന്യൂഡല്‍ഹി: ഇന്ത്യന്‍ ഫുട്ബോള്‍ ടീമിനെ പരിശീലിപ്പിക്കാന്‍ താല്പര്യം പ്രകടിപ്പിച്ച് മുന്‍ ഇംഗ്ലണ്ട്, മാഞ്ചസ്റ്റര്‍ സിറ്റി ടീമുകളുടെ പരിശീലകനായ എറിക്സണ്. സ്റ്റീഫന്‍ കോണ്‍സ്റ്റന്റൈന്റെ ഒഴിവിലേക്ക് പരിശീലകരെ ക്ഷണിച്ചപ്പോഴാണ് ഇന്ത്യന്‍ ടീമിനെ പരിശീലിപ്പിക്കാന്‍ താല്പര്യമുണ്ടെന്ന് എറിക്സണ് അറിയിച്ചത്. പരിശീലകരെ ക്ഷണിച്ചുകൊണ്ട് ഇന്ത്യന്‍ ഫുട്ബോള്‍ ഫെഡറേഷന് പരസ്യം നല്‍കിയിരുന്നു. ഇതേ തുടര്‍ന്നാണ് എറിക്സണ് ഇന്ത്യന്‍ പരിശീലകനാകാന്‍ താല്പര്യം പ്രകടിപ്പിച്ചത്. എറിക്സണിന്റെ മാനേജറാണ് സി.വി അയച്ചിട്ടുള്ളതെന്ന് ഇന്ത്യന്‍ ഫുട്ബോള്‍ ഫെഡറേഷന് അറിയിച്ചു. എന്നാല്‍ ഈ വിഷയത്തില്‍ എറിക്സണ് ഇന്ത്യന്‍ ഫുട്ബോള്‍ ഫെഡറേഷനുമായി നേരിട്ട് ഒന്നും സംസാരിച്ചിട്ടില്ല. ഫുട്ബോളിന് വളക്കൂറുള്ള ഇന്ത്യ പോലുള്ളൊരു രാജ്യത്തിന്റെ പരിശീലകനാകാന്‍ താല്പര്യമുണ്ടെന്നായിരുന്നു എറിക്സണിന്റെ മാനേജര്‍ അറിയിച്ചത്. ഫിലിപ്പൈന്‍സിന്റെ പരിശീലകനായിരുന്ന എറിക്സണ് ഈ സീസണോടെ ഫിലിപ്പൈന്‍സുമായുള്ള കരാര്‍ അവസാനിപ്പിച്ചു. ഇന്ത്യ വലിയൊരു ഫുട്ബോള്‍ ശക്തിയായി വളരുകയാണെന്നും ഏഷ്യാ കപ്പില്‍ ഇന്ത്യയുടെ പ്രകടനം മികച്ചതായിരുന്നെന്നും ഇനിയും മികച്ച പരിശീലനം നടത്തിയാല്‍ അന്താരാഷ്ട്ര തലത്തില്‍ കൂടുതല്‍ നേട്ടങ്ങള്‍ കൊയ്യാന്‍ ഇന്ത്യക്കാകുമെന്നും എ.ഐ.എ.എഫ് പറഞ്ഞു. 1977 മുതല്‍ പരിശീലന രംഗത്തുള്ള എറിക്സണ് മെക്സിക്കോയെയാണ് ആദ്യമായി പരിശീലിപ്പച്ചത്. പിന്നീട് ഐവറി കോസ്റ്റിനെയും എറിക്സണ് പരിശീലിപ്പിച്ചു. പത്ത് ക്ലബുകളുടെ പരിശീലകനായും എറിക്സണ് പ്രവര്‍ത്തിച്ചിട്ടുണ്ട്. 2001 മുതല്‍ 2006വരെ ഇംഗ്ലണ്ടിന്റെ പരിശീലകനായതാണ് എറിക്സണിന്റെ പരിശീലക കരിയറിലെ സുവര്‍ണ കാലഘട്ടം. 2002, 2006 ലോകകപ്പുകളില്‍ എറിക്സണിന്റെ കീഴില്‍ ഇംഗ്ലണ്ട് ലോകകപ്പിന്റെ ക്വാര്‍ട്ടര്‍ വരെ എത്തി. ക്വാര്‍ട്ടറില്‍ ബ്രസീലിനോട് പരാജയപ്പെട്ടായിരുന്നു ഇംഗ്ലണ്ട് പുറത്തായത്. 2004 യൂറോ കപ്പിലും എറിക്സണിന്റെ കീഴിലുള്ള ഇംഗ്ലണ്ട് മികച്ച പ്രകടനം നടത്തിയിരുന്നു. ഡേവിഡ് ബെക്കാം, മൈക്കില്‍ ഓവന് എന്നിവര്‍ ടീമിലുണ്ടായിരുന്നപ്പോള്‍ എറിക്സണായിരുന്നു ഇംഗ്ലണ്ടിന്റെ പരിശീലന ചുമതല.
പരിചയ സമ്പത്തുള്ള എറിക്സണ് പരിശീലകനായി എത്തിയാല്‍ ഇന്ത്യന്‍ ഫുട്ബോളിന്റെ മുഖച്ഛായ മാറുമെങ്കിലും അദ്ദേഹത്തെ പരിശീലകനായി നിയമിക്കുന്ന കാര്യത്തില്‍ തീരുമാനമൊന്നുമായിട്ടില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."