വിയറ്റ്‌നാം ഉച്ചകോടിക്ക് നാളെ തുടക്കം
ഹനോയി: വിയറ്റ്‌നാമിലെ ഹനോയിയില്‍ ഉത്തരകൊറിയന്‍ നേതാവ് കിം ജോങ് ഉന്നുമായുള്ള ചര്‍ച്ച നാളെ തുടങ്ങാനിരിക്കെ സമാധാന ഉടമ്പടിക്കുള്ള വ്യവസ്ഥ മുന്നോട്ടുവച്ച് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ആയുധപരീക്ഷണം ഇനിയുണ്ടാവില്ലെന്ന ഉറപ്പ് ലഭിച്ചാല്‍ മാത്രമേ ഉത്തര കൊറിയയുമായി സമാധാന ഉടമ്പടിയുണ്ടാവൂവെന്ന് ട്രംപ് പറഞ്ഞു. ഉച്ചകോടിയില്‍ പങ്കെടുക്കാനായി വിയറ്റ്‌നാമിലേക്കു പുറപ്പെടാനിരിക്കെ വാഷിങ്ടണില്‍ മാധ്യമപ്രവര്‍ത്തകരുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഉച്ചകോടിക്കു ശേഷം ഡൊണാള്‍ഡ് ട്രംപും കിം ജോങ് ഉന്നും സംയുക്ത വാര്‍ത്താസമ്മേളനം നടത്തും. ഇരുവരുമായും അടുത്തവൃങ്ങളാണ് ഇക്കാര്യം അറിയിച്ചത്. എന്നാല്‍, കഴിഞ്ഞവര്‍ഷം സിംഗപ്പൂരില്‍ നടന്ന ആദ്യ ഉച്ചകോടിക്കു ശേഷം ട്രംപും ഉന്നും ഒന്നിച്ചു മാധ്യമങ്ങളെ കണ്ടിരുന്നില്ല.
രണ്ടുദിവസം നീണ്ടുനില്‍ക്കുന്ന ഉച്ചകോടിക്കായി വിയറ്റ്‌നാം ഒരുങ്ങി. ഉത്തര കൊറിയയുടെയും അമേരിക്കയുടെയും അഭ്യര്‍ഥന പരിഗണിച്ചാണ് കൂടിക്കാഴ്ചക്ക് ആതിഥ്യമരുളാന്‍ വിയറ്റ്‌നാം തീരുമാനിച്ചത്. ഉച്ചകോടി റിപ്പോര്‍ട്ട് ചെയ്യാനായി വന്‍ മാധ്യമപടയും വിയറ്റ്‌നാമിലെത്തിയിട്ടുണ്ട്.
ആണവ നിരായുധീകരണമടക്കമുള്ള വിഷയങ്ങളില്‍ ആദ്യ ഉച്ചകോടിയില്‍ സ്വീകരിച്ച തീരുമാനം ഫലപ്രദമായി നടപ്പാക്കാന്‍ ഇരു രാജ്യങ്ങള്‍ക്കും കഴിഞ്ഞിരുന്നില്ല. ഈ സാഹചര്യത്തില്‍ ഏതെല്ലാം വിഷയങ്ങളില്‍ ഉച്ചകോടിയില്‍ ചര്‍ച്ചയാവുമെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ ഉറ്റുനോക്കുന്നത്.
ഉച്ചകോടിയില്‍ പങ്കെടുക്കാനായി കഴിഞ്ഞ ദിവസം ഉന്‍ ഉത്തരകൊറിയയില്‍ നിന്ന് തീവണ്ടിയില്‍ യാത്രതിരിച്ചിരുന്നു. ഇന്നലെ രാവിലെ ഉന്നിന്റെ തീവണ്ടി ചൈനയിലെ വുഹാന്‍ പിന്നിട്ടു. എന്നാല്‍ തീവണ്ടിയുടെ റൂട്ട് സംബന്ധിച്ച വിശദ വിവരങ്ങള്‍ ഉത്തരകൊറിയ പുറത്തുവിട്ടിട്ടില്ല.
ഉന്‍ ഇന്ന് വിയറ്റ്‌നാമിലെത്തുമെന്നാണ് റിപ്പോര്‍ട്ട്. അദ്ദേഹം തീവണ്ടിയിറങ്ങുന്ന ചൈനീസ്- വിയറ്റ്‌നാം അതിര്‍ത്തിയിലെ സ്‌റ്റേഷന്‍ ഇതിനകം സൈന്യം വളഞ്ഞിട്ടുണ്ട്. സ്‌റ്റേഷനിലേക്കു പൊതുജനത്തിന് നിയന്ത്രണമേര്‍പ്പെടുത്തി. ഇവിടെനിന്ന് റോഡ്മാര്‍ഗമാവും ഹനോയിലേക്കു പുറപ്പെടുക.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."