പെരുന്നാള്‍ ദിനത്തിലെ ഉപ്പമാര്‍
ഗൃഹാതുരത്വത്തെ ഉണര്‍ത്തുകകൂടിയാണ് പെരുന്നാളും പെരുന്നാള്‍ രാവുമെല്ലാം. പുത്തനുടുപ്പും ചെരുപ്പുമിട്ട് ദേഹമാസകലം അത്തര്‍ പുരട്ടി അതിന്റെ മണം അന്തരീക്ഷമൊന്നാകെ പരത്തി, മുതിര്‍ന്നവരും കുട്ടികളും പണക്കാരനും പാമരനുമെല്ലാം പെരുന്നാള്‍ നിസ്‌കാരം ലക്ഷ്യംവച്ച് തക്ബീര്‍ധ്വനികള്‍ മുഴക്കി നീങ്ങുന്ന കാഴ്ചയ്ക്കു ലോകമൊന്നാകെ ഒരേ നിറവും മണവുമാണ്.
പെരുന്നാള്‍ദിനം കുടുംബത്തിലെ നായകന്‍ പിതാവാണ്. കാരണം വസ്ത്രവും ഭക്ഷണവുമടക്കം കുടുംബത്തിനുവേണ്ട എല്ലാം കൊണ്ടുവന്നു കൊടുക്കുന്നവര്‍ അവരാണ്. അതുകൊണ്ട് പെരുന്നാളിനോടനുബന്ധിച്ച് ഉപ്പമാരെ കാത്തിരിക്കുന്ന ഓര്‍മകള്‍ വലിയവര്‍ക്കും ചെറിയവര്‍ക്കുമെല്ലാം അനേകമുണ്ടാകും. കേരളീയ സമൂഹത്തിന്റെ വിവിധ രംഗങ്ങളിലെ അറിയപ്പെടുന്ന വ്യക്തിത്വങ്ങള്‍ പെരുന്നാള്‍ ദിനങ്ങളിലെങ്ങനെയായിരുന്നുവെന്നതിലേക്ക് അവരുടെ മക്കളുടെ ഓര്‍മകളിലൂടെ കടന്നുപോകുകയാണ്. പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങള്‍, വൈക്കം മുഹമ്മദ് ബഷീര്‍, എന്‍.പി മുഹമ്മദ്, പി. സീതി ഹാജി, പി.എ മുഹമ്മദ് കോയ(മുഷ്താഖ്), ഡോ. പി.കെ അബ്ദുല്‍ ഗഫൂര്‍ എന്നിവരുടെ മക്കളാണ് തങ്ങളുടെ ഓര്‍മകള്‍ അയവിറക്കുന്നത്.
പെരുന്നാള്‍ദിനത്തിലെ മുത്തം
ചേര്‍ത്തുപിടിച്ചൊരു മുത്തം. ഓരോ പെരുന്നാള്‍ പുലരിയിലും ഉപ്പയില്‍നിന്നു കിട്ടിയിരുന്ന ഈ വിശിഷ്ടസമ്മാനത്തിന്റെ സുഗന്ധം ഇപ്പോഴും മനസില്‍നിന്നു മായുന്നില്ലെന്നാണ് കേരള രാഷ്ട്രീയത്തിലെ വ്യതിരിക്ത വ്യക്തിത്വവും ആത്മീയചൈതന്യവുമായിരുന്ന മുസ്‌ലിം ലീഗ് മുന്‍ സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് സയ്യിദ് മുഹമ്മദ് അലി ശിഹാബ് തങ്ങളുടെ മകന്‍ മുനവ്വറലി ശിഹാബ് തങ്ങള്‍ക്ക് പിതാവിനൊപ്പമുള്ള പെരുന്നാള്‍ ദിനത്തില്‍നിന്ന് ആദ്യമായി ഓര്‍മിച്ചെടുക്കാനുള്ളത്. ഉപ്പയുടെ കരവലയത്തിലമര്‍ന്ന് നെഞ്ചോടുചേര്‍ന്ന് നില്‍ക്കുമ്പോഴുള്ള ആശ്വാസം ഒന്നുവേറെ തന്നെയാണെന്ന് ഉപ്പയില്ലാതായപ്പോഴാണു കൂടുതല്‍ അറിയുന്നതെന്ന് മുനവ്വറലി തങ്ങള്‍ പറയുന്നു. ഉപ്പയോടൊപ്പം പാണക്കാട്ടെ പള്ളിയില്‍നിന്ന് നിസ്‌കാരം കഴിഞ്ഞുനേരെ തറവാട്ടിലേക്കു പോരും. രാവിലത്തെ ഭക്ഷണം കഴിയുമ്പോഴേക്ക് ഉപ്പയെ കാണാന്‍ പല നാടുകളില്‍നിന്ന് ആളുകളെത്തും. കണ്ടു പരിചയം പുതുക്കാനും ഈദ് ആശംസകളര്‍പ്പിക്കാനുമായിരുന്നു ഇവര്‍ വന്നിരുന്നത്. പല സമയത്തും ഇങ്ങനെ വരുന്നവരുടെ മുന്‍പില്‍ ഉപ്പയുടെ മണിക്കൂറുകള്‍ പെരുന്നാള്‍ ദിനത്തിലേതടക്കം കൊഴിഞ്ഞുപോകുന്ന കാഴ്ച എന്നെ ഏറെ സങ്കടപ്പെടുത്തിയിട്ടുണ്ടെന്നും മുനവ്വറലി തങ്ങള്‍ പറയുന്നു.
അഴീക്കോടെത്തുന്ന പെരുന്നാള്‍
പെരുന്നാള്‍ ദിനത്തില്‍ അങ്ങനെ പുറമേനിന്നുള്ള സന്ദര്‍ശകര്‍ കുറവാണെങ്കിലും കോഴിക്കോട്ടുണ്ടെങ്കില്‍ സുകുമാര്‍ അഴീക്കോട് മിക്കവാറും റ്റാറ്റയെ കാണാന്‍ എത്താറുണ്ടായിരുന്നു. തങ്ങളുടെ റ്റാറ്റ അഥവാ മലയാളത്തിന്റെ പ്രിയ ബേപ്പൂര്‍ സുല്‍ത്താന്‍ വൈക്കം മുഹമ്മദ് ബഷീറിന്റെ പെരുന്നാള്‍ ദിനത്തെക്കുറിച്ച് ഇപ്പോള്‍ ഓര്‍മിച്ചെടുക്കുമ്പോള്‍ ആദ്യം ഓര്‍മയില്‍ വരുന്നതിതാണെന്ന് മകന്‍ അനീസ് ബഷീര്‍. ഒരു പോസ്റ്റ് കാര്‍ഡിട്ട് വന്നാല്‍ പെരുന്നാള്‍ദിനത്തില്‍ ബിരിയാണി തരാം. പെരുന്നാളിനെക്കുറിച്ച് ചോദിക്കുമ്പോള്‍ ബഷീറിന്റെ സുഹൃത്തുക്കളോടുള്ള മറുപടിയിതായിരുന്നു. എന്നാല്‍ അങ്ങനെ സ്ഥിരമായി സുഹൃത്തുക്കള്‍ വരാറില്ലായിരുന്നു. ബന്ധുക്കളും അയല്‍വാസികളുമെല്ലാമായിരുന്നു പെരുന്നാളിന്റെ അന്ന് ബഷീറിനെ തേടിയെത്താറുണ്ടായിരുന്നത്.
അഞ്ചാം വയസില്‍ ആദ്യമായി നോമ്പുപിടിച്ച് അസര്‍ വാങ്കുകൊടുത്തതോടെ തളര്‍ന്ന എന്നെ അടുത്തിരുത്തി കഥയെല്ലാം പറഞ്ഞ് മഗ്‌രിബുവരെ പിടിച്ചിരുത്തിയത് റ്റാറ്റയായിരുന്നു. പിന്നീട് നോമ്പ് മുറിച്ചപ്പോള്‍ ഞാന്‍ ഒറ്റയിരുപ്പിനു ധാരാളം വെള്ളം കുടിച്ചു. ശേഷം ഛര്‍ദിച്ചു. ഇതിനുശേഷം റ്റാറ്റ അടുത്തിരുത്തി എങ്ങനെയാണു നോമ്പ് മുറിക്കേണ്ടതെന്ന് എന്നെ പഠിപ്പിക്കുകയായിരുന്നു. ആദ്യം കാരക്ക തിന്നുന്നതടക്കമുള്ളത് എനിക്കു പറഞ്ഞു തന്നത് അദ്ദേഹമായിരുന്നു.
ഞങ്ങള്‍ നോമ്പ് പിടിച്ചാല്‍ റ്റാറ്റക്ക് അതു വലിയ ഇഷ്ടമായിരുന്നു. ശരീരത്തിനും മനസിനുമെല്ലാം അത് ഏറെ ഉത്തമമായിരുന്നുവെന്നു പറഞ്ഞ് റ്റാറ്റ അതിനെ പ്രോത്സാഹിപ്പിക്കാറാണുണ്ടായിരുന്നത്. ഒരു പെരുന്നാള്‍ദിനത്തിലാണ് എനിക്ക് ആദ്യമായി ഒരു സീക്കോ വാച്ച് സമ്മാനമായി തന്നത്. വര്‍ഷങ്ങളോളം റ്റാറ്റയുടെ ഓര്‍മയായി എന്റെ കൈത്തണ്ടയില്‍ ആ വാച്ചുണ്ടായിരുന്നു. തങ്ങള്‍ക്കൊക്കെ പ്രായവും പക്വതയുമെല്ലാം വരുന്നതിനു മുന്‍പേ ചെറുപ്പത്തിലേ റ്റാറ്റയോടൊപ്പം പെരുന്നാളും മറ്റും ആഘോഷിക്കാന്‍ സാധിച്ചിരുന്നുള്ളൂവെന്നും അനീസ് ബഷീര്‍ പറഞ്ഞു.
രണ്ടുപെരുന്നാളിന്റെ ബുദ്ധിമുട്ട്
''വര്‍ഷത്തിലെ രണ്ടുപെരുന്നാളിനുമിടയില്‍ ആറുമാസമെങ്കിലും അകലം വേണം''- പ്രഗത്ഭ സാഹിത്യകാരന്‍ എന്‍.പി മുഹമ്മദിന്റെ ഈ വാക്കുകളാണ്, പിതാവിനോടൊപ്പമുള്ള പെരുന്നാളിനെക്കുറിച്ച് ഓര്‍മിക്കുമ്പോള്‍ ആദ്യമായി മനസിലേക്ക് ഓടിവരുന്നതെന്ന് അധ്യാപകനും ചെറുകഥാകൃത്തുമായ എന്‍.പി ഹാഫിസ് മുഹമ്മദ് പറയുന്നു.
ഉപ്പയുടെയും ഉമ്മയുടെയും അടക്കം മൂന്നു കുടുംബത്തിന് പെരുന്നാള്‍ സംബന്ധമായ എല്ലാം ഒരുക്കേണ്ടതിന്റെ ഉത്തരവാദിത്തമായിരുന്നു ഉപ്പയെക്കൊണ്ട് ഇതു പറയിപ്പിച്ചിരുന്നത്. എല്ലാം അല്ലല്ലിതെ നടത്തിക്കൊണ്ടുപോകാന്‍ സാധിക്കാതെ വരുമ്പോഴായിരുന്നു ഉപ്പ ഇതു പറഞ്ഞിരുന്നത്. ഉപ്പയോടൊപ്പം ആദ്യമായി കോഴിക്കോട് കടല് കാണാന്‍ പോയത്, പെരുന്നാള്‍രാവിനു പുതിയ വസ്ത്രമെടുക്കാന്‍ മിഠായിത്തെരുവില്‍ പോയത് ഇതെല്ലാം എന്നും മനസില്‍ പച്ചപിടിച്ചു നില്‍ക്കുന്ന ഓര്‍മകളാണ്.
ഇല്ലായ്മയുടെ അയവിറക്കലിനൊരു ദിനം
''രാവിലെ പെരുന്നാള്‍ നിസ്‌കാരം കഴിഞ്ഞ് ഞങ്ങള്‍ മക്കളെല്ലാം ബാപ്പയുടെ അരികത്ത് ഒത്തുകൂടും. ആ സമയത്ത് ഇല്ലായ്മയുടെ പഴയകാലത്തെക്കുറിച്ച് ബാപ്പ ഞങ്ങളോട് ധാരാളമായി പറയും. ചെറുപ്പകാലത്ത് മരപ്പണിക്ക് പോകുമ്പോള്‍ ഒരു അപ്പം ആറുകഷണമായി വീതംവച്ച് ആറാള്‍ കഴിച്ചിരുന്ന കഥയൊക്കെ ഞങ്ങളുടെ മനസിലേക്കിട്ടു തരും. നമ്മള്‍ കയറിവന്ന പഴയകാലത്തെ ഒരിക്കലും മറക്കരുതെന്നായിരുന്നു ബാപ്പ ഞങ്ങളെ ഇതിലൂടെ ഓര്‍മിപ്പിച്ചിരുന്നതെന്ന് പിന്നീട് ഞങ്ങള്‍ക്ക് മനസിലായി''- ഒരു കാലഘട്ടത്തിന്റെ ചിരിയും ചിന്തയുമായി കേരളരാഷ്ട്രീയത്തില്‍ നിറഞ്ഞുനിന്നിരുന്ന മുന്‍ ഗവ. ചീഫ് വിപ്പും എം.എല്‍.എയുമായിരുന്ന പി. സീതിഹാജി എന്ന ബാപ്പയോടൊപ്പമുള്ള പെരുന്നാള്‍ ഓര്‍മ അയവിറക്കി പി.കെ ബഷീര്‍ എം.എല്‍.എയാണ് ഇക്കഥ പറഞ്ഞത്.
അല്ലല്‍ പുറത്തറിയിക്കാത്ത പെരുന്നാള്‍
പെരുന്നാള്‍ രാവിനുപോലും 'നാളെ പെരുന്നാളിന് എന്ത് ' എന്ന് ആശങ്കയോടെ ആലോചിച്ചിരുന്ന ഉപ്പയെയാണ് ഇപ്പോള്‍ ഓര്‍മവരുന്നതെന്ന് നോവലിസ്റ്റും പത്രപ്രവര്‍ത്തകനും കളിയെഴുത്തുകാരനുമായിരുന്ന മുഷ്താഖിനെ (പി.എ മുഹമ്മദ് കോയ) മകനും കോഴിക്കോട് മിഠായിത്തെരുവിലെ തുണിവ്യാപാരിയുമായ ബഷീര്‍ അനുസ്മരിക്കുന്നു.
പെരുന്നാളിനു പുതുവസ്ത്രമെടുക്കാന്‍ തന്റെ ചുരുങ്ങിയ ശമ്പളത്തിനുള്ളില്‍ സാധിക്കുകയില്ലെന്ന് അറിഞ്ഞ് ആശങ്കയോടെ ഇരുന്നിരുന്ന ഉപ്പാക്കു മുന്നില്‍ ദൈവദൂതനെപ്പോലെ പലരും പ്രത്യക്ഷപ്പെടുന്നതു പലപ്പോഴും ഞാന്‍ കണ്ടിട്ടുണ്ട്. എല്ലാത്തിനെയും നന്മയോടുകൂടി മാത്രം കണ്ടിരുന്ന ഉപ്പായുടെ നല്ല മനസിന്റെ ഗുണമായിട്ടാണ് ഞാനിതു മനസിലാക്കുന്നത്. നാട്ടിലാകെ കോളറ പിടിപ്പെട്ടു പരന്ന സന്ദര്‍ഭത്തില്‍ എന്‍.വി കൃഷ്ണവാരിയര്‍ 'മാതൃഭൂമി'യില്‍ നിന്ന് അഡ്വാന്‍സ് പെയ്‌മെന്റ് നല്‍കി ഉപ്പായെ പെരുന്നാള്‍ സമയത്ത് സഹായിച്ചിരുന്നു. പി.എ പിന്നീടെപ്പോഴെങ്കിലും ലേഖനമെഴുതി സഹായിച്ചാല്‍ മതിയെന്നായിരുന്നു എന്‍.വി ഉപ്പയോട് പറഞ്ഞിരുന്നതെന്നും ബഷീര്‍ ഓര്‍ക്കുന്നു.
വസ്ത്രധാരണത്തില്‍ ശ്രദ്ധ പുലര്‍ത്തിയ പിതാവ്
മറ്റു പല കാര്യങ്ങളിലും താല്‍പര്യമില്ലെങ്കിലും സുന്ദരനായ എന്റെ പിതാവിന് പെരുന്നാളിനോടനുബന്ധിച്ച് എടുക്കുന്ന വസ്ത്രങ്ങളോടു വലിയ താല്‍പര്യമായിരുന്നുവെന്നു പ്രഗത്ഭ ഭിഷഗ്വരനും സാമൂഹികപ്രവര്‍ത്തകനുമായ ഡോ. പി.കെ അബ്ദുല്‍ ഗഫൂറിനോടൊത്തുള്ള പെരുന്നാള്‍ ഓര്‍മകള്‍ അയവിറക്കിക്കൊണ്ട് എം.ഇ.എസ് സംസ്ഥാന പ്രസിഡന്റുകൂടിയായ മകന്‍ ഡോ. ഫസല്‍ ഗഫൂര്‍. പുതിയ തരം കളര്‍ഫുളായ വസ്ത്രങ്ങള്‍ കണ്ടെത്തി അത് ഇസ്തിരി ചുളിയാതെ ധരിക്കുകയെന്നുള്ളത് അദ്ദേഹത്തിന്റെ ശീലമായിരുന്നു. 1964ല്‍ ആദ്യമായി ടര്‍ലിന്‍ മെറ്റീരിയല്‍ ഉപയോഗിച്ചത് ഉപ്പയായിരുന്നു. സി.ഡി, ഡബിള്‍ ബുള്‍ എന്നീ കമ്പനികളുടെ ഷര്‍ട്ടുകള്‍ മുംബൈയില്‍നിന്നു കൊണ്ടുവന്ന് ധരിച്ചതും പിതാവായിരുന്നുവെന്നും ഫസല്‍ ഗഫൂര്‍ അനുസ്മരിക്കുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."