വയനാട്ടില്‍ 16 ദുരിതാശ്വാസ ക്യാംപുകള്‍ തുറന്നു
കല്‍പ്പറ്റ: കാലവര്‍ഷം ശക്തി പ്രാപിച്ചതോടെ വയനാട്ടിലെ താഴ്ന്ന പ്രദേശങ്ങള്‍ വെള്ളത്തിനടിയിലായി. പൊഴുതനയില്‍ മണ്ണിടിഞ്ഞുവീണ് രണ്ട് സ്ത്രീകള്‍ക്ക് പരുക്കേറ്റു. അച്ചൂര്‍ വീട്ടില്‍ കുഞ്ഞാമി (70), മരുമകള്‍ ഫാത്തിമ (35)എന്നിവര്‍ക്കാണ് പരുക്കേറ്റത്.
കുഞ്ഞാമിനയെ കല്‍പ്പറ്റയിലെ സ്വകാര്യ ആശുപത്രിയിലും ഫാത്തിമയെ വൈത്തിരി താലൂക്ക് ആശുപത്രിയിലും പ്രവേശിപ്പിച്ചു. അടുക്കളയിലായിരുന്ന ഇവരുടെ ദേഹത്തേക്ക് മണ്ണിടിഞ്ഞു വീഴുകയായിരുന്നു. വയനാട്ടില്‍ ഇന്നലെ വൈകുന്നേരം വരെ 380 കുടുംബങ്ങളെയാണ് ദുരിതാശ്വാസ ക്യാംപുകളിലേക്ക് മാറ്റിയത്.10 വീടുകള്‍ക്ക് ഇന്നലെ മാത്രം കേടുപാടുകള്‍ സംഭവിച്ചു. രണ്ടാഴ്ചക്കിടെ 64 വീടുകളാണ് മഴയില്‍ തകര്‍ന്നത്. ജലനിരപ്പ് ഉയര്‍ന്നതിനാല്‍ ഇന്നലെ കാരാപ്പുഴ ഡാം തുറന്നുവിട്ടു. ജില്ലയുടെ വിവിധ ഭാഗങ്ങള്‍ വെള്ളത്തിനടിയിലായതോടെ ജില്ലാ കലക്ടറുടെ നിര്‍ദേശപ്രകാരം കര്‍ണാടകയിലെ ബീച്ചനഹള്ളി ഡാം തുറന്നു. പുഴകളിലും തോടുകളിലും ജലനിരപ്പ് ഉയര്‍ന്നതോടെയാണ് കലക്ടറുടെ അടിയന്തര നടപടിയുണ്ടായത്. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളുടെ ഏകോപനത്തിനായി സബ് കലക്ടറും രണ്ട് ഡെപ്യൂട്ടി കലക്ടര്‍മാരുമടങ്ങുന്ന സംഘത്തിന് ചുമതല നല്‍കിയിട്ടുണ്ട്.
ജില്ലയിലെ എല്ലാ ക്വാറികളുടെയും പ്രവര്‍ത്തനം കനത്ത മഴ അവസാനിച്ച് 24 മണിക്കൂര്‍ കഴിയുന്നതുവരെ നിര്‍ത്തിവെക്കാന്‍ ജില്ലാ കലക്ടര്‍ നിര്‍ദേശം നല്‍കി. ക്വാറികള്‍ പ്രവര്‍ത്തിക്കുന്ന മേഖലകളില്‍ ഉരുള്‍പൊട്ടല്‍ ഭീതി നിലനില്‍ക്കുന്നതിനാലാണ് നടപടി. വയനാട് ചുരത്തില്‍ ചിപ്പിലിത്തോടിന് സമീപം റോഡ് ഇടിഞ്ഞതിനാല്‍ വലിയ വാഹനങ്ങളുടെ ഗതാഗതം തടസപ്പെട്ടു. മാനന്തവാടി-കുറ്റ്യാടി പാതയില്‍ പകല്‍ 11 ഓടെ മരച്ചുവട് പള്ളിക്ക് സമീപം വെള്ളം കയറി ഗതാഗതം മുടങ്ങി. കുഞ്ഞോം എ.യു.പി സ്‌കൂളിന് സമീപത്തും വെള്ളം കയറി ഗതാഗതം മുടങ്ങി. പാല്‍ചുരം ദേവാലയത്തിന്റെ മതില്‍ ഇടിഞ്ഞുവീണ് കൊട്ടിയൂര്‍-ബോയ്‌സ് ടൗണ്‍ റോഡിലും ഗതാഗതം മുടങ്ങി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."