ഈ ഫുട്‌ബോളിന് നൂറില്‍ നൂറുമാര്‍ക്ക്
കളിയിലെ അവസാനത്തെ നിമിഷവും ഓരോ കളിക്കാരനും പ്രതീക്ഷയുടേതാണ്. ഒരു സെക്കന്‍ഡിനുള്ളില്‍ ചിലപ്പോള്‍ ഒരു സന്തോഷത്തിന്റെ അവസാനമാകും അല്ലെങ്കില്‍ ഒരു സന്തോഷത്തിന്റെ തുടക്കമാകും. അത്തരം സന്ദര്‍ഭങ്ങളും സാഹചര്യങ്ങളും നിറഞ്ഞതായിരുന്നു കഴിഞ്ഞ ദിവസം നടന്ന മൂന്ന് കളികളും ഈജിപ്ത്-ഉറുഗ്വെ, ഇറാന്‍-മൊറോക്കോ, പോര്‍ച്ചുഗല്‍-സ്‌പെയിന്‍ മത്സരം. ഗോള്‍ രഹിതമായിരുന്ന ഈജിപ്ത് -ഉറുഗ്വെ മത്സരത്തില്‍ അവസാന നിമിഷങ്ങളിലായിരുന്നു ഉറുഗ്വെ വിജയം സ്വന്തമാക്കിയത്. ഈജിപ്ത് സൂപ്പര്‍ താരം മുഹമ്മദ് സലാഹ് കൂടി ഉണ്ടായിരുന്നെങ്കില്‍ ഒരു പക്ഷെ അന്തിമ ഫലം മറ്റൊന്നാകുമായിരുന്നു.
രണ്ടാമതായി നടന്ന ഇറാന്‍-മൊറോക്കോ മത്സരവും കണ്ടിരിക്കേണ്ട ഒന്നു തന്നെയായിരുന്നു. കളിയില്‍ പൂര്‍ണ ആധിപത്യം മൊറോക്കോക്കായിരുന്നിട്ടും അവസാന നിമിഷത്തെ അശ്രദ്ധക്ക് മൊറോക്കോ വലിയ വിലകൊടുക്കേണ്ടി വന്നു. മൊറോക്കോ സുന്ദര ഫുട്‌ബോളുമായി കളംനിറഞ്ഞപ്പോള്‍ പരുക്കന്‍ അടവുകളും പൂര്‍ണമാകാത്ത പാസുകളും കൊണ്ട് ഇറാന്‍ മത്സരത്തിന്റ ശോഭ കെടുത്തി. ചില സമയത്തെല്ലാം ഇറാനും മികച്ച ഫുട്‌ബോള്‍ പുറത്തെടുത്തപ്പോള്‍ പോരാട്ടത്തിന് ക്ലാസിക് ടച്ച് കൈവന്നു. എതിര്‍ ബോക്‌സില്‍ പന്തെത്തിയാല്‍ എങ്ങനെയെങ്കിലും വലയിലാക്കുക എന്ന തിയറിയാണ് ഇറാന്‍ പരീക്ഷിച്ചത്.
അവസാന നിമിഷത്തെ കോര്‍ണര്‍ ഏതു ടീമിനും നെഞ്ചിടിപ്പിന്റേതും ഭയത്തിന്റേതുമായിരിക്കും. ഇതില്‍ നിന്നാണ് ഇഞ്ചുറി ടൈമില്‍ മൊറോക്കോയുടെ സെല്‍ഫ് ഗോള്‍ പിറക്കുന്നതും തോറ്റുപോകുന്നതും. ഫുട്‌ബോളിന് ചില സമയങ്ങളില്‍ ഇത്തരം പരിവേശമാണ്. ജയം അര്‍ഹിക്കുന്നുണ്ടെങ്കിലും നിര്‍ഭാഗ്യമെന്ന നിര്‍വചനം കൂടെനിന്ന് അന്തിമ വിധിയെ മറ്റൊന്നാക്കി മാറ്റും. ഇതായിരുന്നു ഇന്നലെ ഇറാന്‍-മൊറോക്കൊ കളിയിലും കണ്ടത്. അനാവശ്യമായ തോല്‍വി, അനാവശ്യമായ ഗോള്‍. മൈതാനത്തിന്റെ എവിടെയായിരുന്നാലും എതിര്‍ ടീമിനെ പരമാവധി പ്രതിരോധത്തിലാക്കുക എന്ന തന്ത്രത്തില്‍ നിന്നായിരുന്നു ഇറാന്റെ വിജയം. ഇഞ്ചുറി ടൈമില്‍ ലഭിച്ച കോര്‍ണര്‍ എവിടേക്കെങ്കിലും തട്ടിവിടുക എന്ന വെപ്രാളത്തില്‍ നിന്നായിരുന്നു ഈ ലോകകപ്പിലെ ആദ്യ സെല്‍ഫ് ഗോള്‍ പിറന്നത്. ഇറാന്‍-മൊറോക്കെ കളിയിലെ റഫറിയിങ്ങ് കാരണം പലപ്പോഴും പരുക്കന്‍ കളി കാണേണ്ടി വന്നു.
അപകട ഫുട്‌ബോള്‍ പുറത്തെടുക്കുന്ന താരത്തെ കാര്‍ഡ് കാണിച്ച് അടക്കിയിരുത്തുന്നതിന് പകരം പലപ്പോഴും റഫറി മുന്നറിയിപ്പ് മാത്രമാണ് കൊടുത്തത്. അതുകൊണ്ടു തന്നെ ഇരു ടീമിലെയും രണ്ടിലധികം താരങ്ങള്‍ പരുക്കുകളുമായി പുറത്തുപോകേണ്ടി വന്നു. കൃത്യസമയത്ത് കാര്‍ഡ് കാണിക്കാതിരുന്നതിനാലാണ് പല സമയത്തും ഇരു ടീമും പരുക്കന്‍ അടവുകള്‍ പുറത്തെടുത്തത്. ശേഷംനടന്ന പോര്‍ച്ചുഗല്‍-സ്‌പെയിന്‍ മത്സരമായിരുന്നു യഥാര്‍ഥ ഫുട്‌ബോള്‍. ഒരു ഭാഗത്ത് യൂറോപ്യന്‍ ഫുട്‌ബോള്‍ കരുത്തന്മാര്‍ മുഴുവന്‍ അണിനിരന്നു. മറു വശത്ത് ക്രിസ്റ്റ്യാനോ റൊണോള്‍ഡോ എന്ന ഒറ്റയാന്‍ മാത്രം. കളിയിലെ ഓരോ നിമിഷവും പ്രതീക്ഷയുടേതായിരുന്നു. റയല്‍ മാഡ്രിഡ്, ബാഴ്‌സലോണ ടീമുകളുടെ നെടും തൂണുകള്‍ അണിനിരന്നിട്ടും നാലാമത്തെ മിനുട്ടില്‍ പോര്‍ച്ചുഗല്‍ ലീഡ് നേടി. എന്നാല്‍ അധികം കാത്തിരിക്കാതെ തന്നെ സ്‌പെയിന്‍ ഗോള്‍ തിരിച്ചടിച്ചു. വീണ്ടും കഠിനാധ്വാനത്തിലൂടെ പോര്‍ച്ചുഗലിന്റെ രണ്ടാം ഗോളും പിറന്നു. കളിയുടെ ഒരു ദിവസം മാത്രം മുമ്പെ പരിശീലകനെ നഷ്ടമായിട്ടും അതൊന്നും സ്‌പെയിന്‍ ഫുട്‌ബോളില്‍ കണ്ടതേയില്ല. രണ്ടാം ഗോളും തിരിച്ചടിച്ച് സ്‌പെയിന്‍ വീണ്ടും കളത്തിലുണ്ടെന്ന് തെളിയിച്ചു.
മാത്രവുമല്ല 87-ാം മിനുട്ട് വരെ സ്‌പെയിന്‍ ഒരു ഗോളിന്റെ ലീഡ് നേടി. സ്‌പെയിനിന്റെ രാജകീയ നീക്കങ്ങള്‍. പോര്‍ച്ചുഗലിന്റെ പകുതിയില്‍ കയറി ടിക്കി ടാക്ക കളിച്ച് സ്‌പെയിന്‍ ഫുട്‌ബോള്‍ ലോകത്തെ ഞെട്ടിച്ചു. അതീവ ഗൗരവമായി നീങ്ങുന്നൊരു കളിയില്‍ എതിര്‍ ടീമിന്റെ കളത്തില്‍ കയറി ടിക്കി ടാക്ക കളിക്കാന്‍ മാത്രം സ്‌പെയിനിന് കരുത്തുണ്ടെങ്കില്‍ സംശയം വേണ്ട അതാണ് നട്ടെല്ലുള്ളവരുടെ ഫുട്‌ബോള്‍. കളി പഠിച്ചവരുടെ ഫുട്‌ബോള്‍. പക്ഷെ അതൊന്നുമല്ല ഇന്നലെ ഫുട്‌ബോള്‍ ലോകത്തെ ഞെട്ടിച്ച അത്ഭുത നീക്കം. 88-ാം മിനുട്ടിലെ ക്രിസ്റ്റ്യാനോയുടെ ഫ്രീകിക്ക് ഗോളിന് കൊടുക്കണം നൂറില്‍ നൂറ് മാര്‍ക്ക്. തോല്‍ക്കുമെന്ന് ഉറച്ച് വിശ്വസിച്ചിരുന്ന സമയത്ത് ലഭിച്ച സമനില ഗോള്‍ വിജയത്തേക്കാള്‍ മഹത്തരമുള്ളതാണ്. അതാണ് കളി, അതാവണം കളി, അതായിരുന്നു കഴിഞ്ഞ ദിവസത്തെ ഫുട്‌ബോള്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."