രോഗബാധിതരുടെ എണ്ണം കൂടി; കോട്ടയത്ത് കനത്ത നിയന്ത്രണം
സ്വന്തം ലേഖകന്‍
കോട്ടയം: കൊവിഡ് 19 ബാധിതരുടെ എണ്ണം വര്‍ധിച്ചതോടെ റെഡ് സോണിലായ കോട്ടയം ജില്ലയില്‍ പ്രതിരോധ നടപടികള്‍ ശക്തമാക്കി. ജില്ലയില്‍ ഇന്നലെ മുതല്‍ കര്‍ശന നിയന്ത്രണങ്ങളാണ് ഏര്‍പ്പെടുത്തിയിട്ടുള്ളത്. മൂന്നു ദിവസത്തേക്കു കൂടി കര്‍ശന നിയന്ത്രണം തുടരും. ജില്ലയുടെ ചുമതലയുള്ള ഭക്ഷ്യ പൊതുവിതരണ മന്ത്രി പി. തിലോത്തമന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ജനപ്രതിനിധികളുടെ യോഗത്തിന്റെ നിര്‍ദേശം പരിഗണിച്ചാണ് തീരുമാനം.
നിലവിലെ സാഹചര്യത്തില്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്തേണ്ടതുണ്ടെന്ന് യോഗം വിലയിരുത്തി. അവശ്യസേവനങ്ങള്‍ക്കും അടിയന്തര യാത്രകള്‍ക്കും ഭക്ഷ്യവസ്തുക്കളുടെ നിര്‍മാണം, വിതരണം, വില്‍പ്പന എന്നിവയ്ക്കും മാത്രമാണ് അനുമതി. ഹോട്ട്‌സ്‌പോട്ടുകളില്‍ ആശുപത്രികള്‍ ഒഴികെയുള്ള സര്‍ക്കാര്‍ ഓഫിസുകള്‍ പ്രവര്‍ത്തിക്കില്ല. വാഹനയാത്ര നിയന്ത്രിക്കുന്നതിന്റെ ഭാഗമായി പ്രധാന കേന്ദ്രങ്ങളിലെല്ലാം പൊലിസ് പരിശോധന ഏര്‍പ്പെടുത്തിയിട്ടുണ്ട്.
രോഗം സ്ഥിരീകരിച്ചവരുടെ വീടുകള്‍ ഉള്‍പ്പെടുന്ന കണ്ടെയ്ന്‍മെന്റ് മേഖലയില്‍ അവശ്യ സര്‍വിസുകള്‍ക്കു മാത്രമാണ് അനുമതി. പ്രതിരോധ മുന്‍കരുതലുകളുടെ ഭാഗമായി എല്ലാവരും മാസ്‌ക് ധരിക്കണം. കഴുകി പുനരുപയോഗിക്കാവുന്ന തുണി മാസ്‌കുകളാണ് അഭികാമ്യം. ആവശ്യത്തിന് മാസ്‌കുകള്‍ തയാറാക്കുന്നതിനായി ചില പഞ്ചായത്തുകള്‍ സന്നദ്ധത അറിയിച്ചിട്ടുണ്ട്. ഇത്തരം പദ്ധതി നിര്‍ദേശങ്ങള്‍ക്ക് ജില്ലാ ആസൂത്രണ സമിതി അംഗീകാരം നല്‍കണമെന്ന് മന്ത്രി നിര്‍ദേശിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."