പ്രതിയും സഹോദരങ്ങളും ചേര്‍ന്ന് പൊലിസിനെ ആക്രമിച്ചു
നെടുങ്കണ്ടം: മോഷണശ്രമവുമായി ബന്ധപ്പെട്ട് പ്രതിയെ പിടികൂടാനെത്തിയ പൊലിസ് സംഘത്തെ പ്രതിയും സഹോദരങ്ങളുംചേര്ന്ന് ആക്രമിച്ചു.
ഇന്നലെ പുലര്‍ച്ചെ ഒരു മണിയോടെ നെടുങ്കണ്ടത്തിനു സമീപം ചാറല്മേട്ടിലാണ് സംഭവം. കഴിഞ്ഞ ഒന്‍പതിന് പീരുമേട് ട്രഷറിയില്‍ മോഷണശ്രമം നടന്നിരുന്നു. തുടര്‍ന്ന് വണ്ടിപ്പെരിയാര്‍ എസ്.ഐ ബ്രജിത്ത് ലാലിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘം ഒന്നാംപ്രതിയായ പൂപ്പാറ സ്വദേശി ആനന്ദനെ ചിന്നക്കനാലില്‍നിന്ന് കഴിഞ്ഞദിവസം പിടികൂടിയിരുന്നു. ഇയാളില്‍നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് മോഷണ ശ്രമത്തില്‍ പങ്കാളിയായ മഞ്ഞപ്പെട്ടി ജോസിനെക്കുറിച്ച് വിവരം ലഭിക്കുന്നത്. ഇയാളെ പിടികൂടാനാണ് വണ്ടിപ്പെരിയാര്‍ എസ്ഐയുടെ നേതൃത്വത്തിലുള്ള സംഘം നെടുങ്കണ്ടത്തെത്തിയത്.
നെടുങ്കണ്ടം പൊലിസിന്റെ സഹായത്തോടെ പുലര്‍ച്ചെ ചാറല്‍മേട്ടിലെ ജോസിന്റെ വീട്ടില്‍ പൊലിസ് സംഘമെത്തി. പൊലിസെത്തിയതറിഞ്ഞ് മദ്യലഹരിയിലായിരുന്ന ജോസും സഹോദരന്മാരായ ജോമോന്, ജോണ്സണ് എന്നിവരും കുറുവടിയും അരിവാളുമായി പൊലിസിനെ ആക്രമിക്കുകയായിരുന്നു.
ഇതിനിടെ ജോമോന് സമീപത്തെ പള്ളി മണിമുഴക്കി ആളുകളെ കൂട്ടി. ഇതിനുശേഷം ജോമോനും ജോസും ഓടി രക്ഷപെട്ടു. തുടര്‍ന്നുനടത്തിയ തെരച്ചിലില്‍ ഇവരെ കണ്ടെത്താനായില്ല. പൊലിസുകാരന്റെ ലാത്തി പിടിച്ചുവാങ്ങി ആക്രമിച്ച ജോണ്‍സനെ വണ്ടിപ്പെരിയാര്‍ എസ്ഐയും സംഘവും മല്പിടുത്തത്തിലൂടെ കീഴ്പ്പെടുത്തുകയായിരുന്നു. അക്രമത്തില്‍ രണ്ടു പൊലിസുകാര്‍ക്ക് പരിക്കേറ്റു.
ജോണ്‍സനെതിരേ നെടുങ്കണ്ടം പൊലിസ് കേസെടുത്തു. ഇയാള്‍ക്കെതിരെ കഞ്ചാവ് കടത്ത് അടക്കം നിരവധി കേസുകള്‍ നിലവിലുണ്ട്.
ജോസിനെതിരെയും ജില്ലയിലെ വിവിധ സ്റ്റേഷനുകളില്‍ നിരവധി മോഷണകേസുകളുണ്ട്. ജോസും ആനന്ദനും പീരുമേട് ജയിലില്‍ ശിക്ഷയനുഭവിക്കുന്നതിനിടെയാണ് മോഷണം ആസൂത്രണം ചെയ്തതെന്ന് വണ്ടിപ്പെരിയാര്‍ എസ്ഐ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."