പുതിയ നികുതി നിയമം കാരണം വിദ്യാര്‍ഥികള്‍ക്ക് ബാങ്ക് വായ്പകളും ലഭിക്കുന്നില്ല
കാഞ്ഞങ്ങാട്: പരീക്ഷണാര്‍ഥം റവന്യൂ വകുപ്പ് കാസര്‍കോട് ജില്ലയില്‍ നടപ്പിലാക്കിയ ഭൂമിയുടെ റീസര്‍വ്വേ വമ്പിച്ച വിജയമാണെന്നാണ് സര്‍ക്കാരിന്റെ അവകാശ വാദം. വിവിധ വില്ലേജ് ഓഫിസുകളുടെ പരിധിയില്‍ ഇത് സംബന്ധമായി കെട്ടികിടക്കുന്ന നൂറുക്കണക്കിന് പരാതികളുടെ വിവരം മറച്ചു വച്ചാണ് സര്‍ക്കാരിന്റെ ഈ അവകാശ വാദം എന്നതാണ് യാഥാര്‍ഥ്യം. ഹൊസ്ദുര്‍ഗ് താലൂക് ഓഫിസില്‍ പോയാല്‍ പരാതിക്കാരുടെ ഈ പ്രളയം കാണാന്‍ പറ്റും.
റീസര്‍വേ നടത്തിയപ്പോള്‍ പലര്‍ക്കും രേഖയിലുള്ളത്ര ഭൂമിയില്ല. എന്നാല്‍ മതില്‍ കെട്ടിനകത്ത് അളന്നപ്പോള്‍ പോലും ഭൂമി കുറച്ചു കാണിക്കുന്നതിന്റെ പൊരുളാണ് പലര്‍ക്കും മനസിലാകാത്തത് . സര്‍വേ നടത്തിയവര്‍ക്ക് വന്ന തെറ്റാണ് പരാതികള്‍ ഇങ്ങനെ വ്യാപകമായിത്തീരാന്‍ കാരണമെന്ന് ഉദാഹരണ സഹിതം പലരും ചൂണ്ടിക്കാട്ടുന്നു. ഈ അളവിന്റെ അടിസ്ഥാനത്തില്‍ നികുതി അടച്ചാല്‍ , രേഖയില്‍ എന്നന്നേക്കും ഭൂമിയുടെ അളവ് അതായിത്തീരും എന്ന ഭയത്താലാണ് രണ്ടാമതും അളക്കണമെന്ന അപേക്ഷ പലരും സമര്‍പ്പിച്ചിട്ടുള്ളത്.
ഇങ്ങനെ രണ്ടാമത് ഒന്ന് അളന്നു കിട്ടാനും പ്രശ്‌നം പരിഹരിക്കാനുമാണ് പലരും അപേക്ഷ കൊടുത്തു കാത്തിരിക്കുന്നത്. ലാന്‍ഡ് ട്രൂബണിലാണ് അതിന്ന് അപേക്ഷ കൊടുക്കേണ്ടത്. അപേക്ഷയോടൊപ്പം സ്ഥലത്തിന്റെ സ്‌കെച്ചും ഹാജരാക്കണം. ശേഷം ഉദ്യോഗസ്ഥരെ നേരിട്ട് കൊണ്ടുപോയി സ്ഥലം ബോധ്യപ്പെടുത്തി കൊടുക്കണം. ഒരു വര്‍ഷമെങ്കിലും അതിന്നായി കാത്തിരിക്കേണ്ടി വരുന്ന സ്ഥിതിയാണ് ഇപ്പോഴുള്ളത്. അപേക്ഷക്കനുസരിച് പെട്ടെന്ന് തീരുമാനമുണ്ടാക്കാന്‍ വില്ലേജ് ഓഫിസുകളിലോ, താലൂക്ക് ഓഫിസുകളിലോ സര്‍വെയര്‍മാരില്ല. അതിനാല്‍ തീരുമാനം ആകുമ്പോള്‍ കാലമേറെ പിടിക്കാനാണ് സാധ്യത.
ഇത് ഭൂമിയെ സംബന്ധിച്ച പ്രശ്‌നമാണെങ്കില്‍ നിലവില്‍ ജന്മം അല്ലാത്ത കാണം കുഴിക്കാണം എന്നിങ്ങനെ രേഖപ്പെടുത്തിയ ആധാരങ്ങള്‍ മൂലമാണ് വിദ്യാര്‍ഥികള്‍ക്ക് ബാങ്ക് ലോണുകളും മറ്റും എടുക്കാന്‍ പറ്റാത്ത സ്ഥിതി ഉണ്ടായിട്ടുള്ളത്. കാരണം വസ്തു ജന്മമാണെങ്കില്‍ മാത്രമേ വില്ലേജ് ഓഫിസുകളില്‍ കരം സ്വീകരിക്കുന്നുള്ളു. ജന്മമല്ലാത്ത സ്വത്തുക്കള്‍ ഉള്ള കുടുംബത്തിലെ വിദ്യാര്‍ഥികള്‍ക്ക് അത് മൂലം കരമടച്ച രസീതുകള്‍ ഹാജരാക്കാന്‍ കഴിയാത്തത് നിമിത്തം ബാങ്ക് വായ്പകള്‍ നിഷേധിക്കപെടുകയാണ് . നിയമത്തിന്ന് മാറ്റം വരാത്ത കാലത്തോളം നികുതി അടക്കാനും കഴിയില്ല.
കാണം, കുഴിക്കാണം, ജന്മം ഇവയൊക്കെ പണ്ടു കാലം മുതലേ ഭൂമിയുടെ ആധാരങ്ങളില്‍ രേഖപെടുത്തിയവയാണ്. പണ്ടു മുതലേ ഇതിനൊക്കെ നികുതിയും സ്വീകരിക്കാറുണ്ട്. എന്നാല്‍ റീസര്‍വേയ്ക്ക് ശേഷം ജന്മം എന്ന് രേഖപ്പെടുത്തിയിട്ടുള്ള ഭൂമിക്കു മാത്രമേ നികുതി സ്വീകരിക്കുന്നുള്ളു . ഇത് വലിയൊരു പ്രതിസന്ധിയാണ് സൃഷ്ടിച്ചിട്ടുള്ളത്. 30-40 വര്‍ഷങ്ങളായി ഉപയോഗിച്ചുവരുന്നതും, താമസിച്ചു വരുന്നതുമായ ഭൂമിയുടെ നികുതി പെട്ടെന്ന് ഒരു ദിവസം സ്വീകരിക്കുന്നില്ലെന്ന് പറയുമ്പോള്‍ അതുണ്ടാക്കുന്ന വിഷമങ്ങള്‍ പലതുമാണെന്ന് റവന്യൂ ഉദ്യോഗസ്ഥരും, റവന്യൂ മന്ത്രിയും മനസിലാക്കേണ്ടതുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."