സാലറി കട്ട്; കോടതി വിധി പരിശോധിക്കും: എന്താണോ പറഞ്ഞത് അത് അനുസരിക്കും: മുഖ്യമന്ത്രി
തിരുവനന്തപുരം: സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളം പിടിക്കുന്നതുമായി ബന്ധപ്പെട്ട് കോടതി വിധി വിശദമായി പരിശോധിച്ച ശേഷം തീരുമാനമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളം മാറ്റിവെയ്ക്കാനുളള സര്‍ക്കാര്‍ ഉത്തരവ് ഇന്ന് ഹൈക്കോടതി സ്റ്റേ ചെയ്തിരുന്നു. ഒരു മാസത്തിലെ ആറുദിവസത്തെ ശമ്പളം അഞ്ചുമാസ കാലയളവില്‍ മാറ്റിവെയ്ക്കാനുളള സംസ്ഥാന സര്‍ക്കാരിന്റെ ഉത്തരവാണ് തത്കാലം സ്റ്റേ ചെയ്തത്. ഇതെക്കുറിച്ച് മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു മുഖ്യമന്ത്രി.
ഒരുകാര്യം അര്‍ത്ഥശങ്കയ്ക്കിടയില്ലാതെ വ്യക്തമാക്കുകയാണ്. കോടതി എന്താണോ പറഞ്ഞിട്ടുള്ളത് അത് സര്‍ക്കാര്‍ അനുസരിക്കും. അതിന്റെ കാര്യങ്ങള്‍ പരിശോധിച്ച് നടപ്പാക്കാന്‍ പറ്റാവുന്ന കാര്യങ്ങള്‍ നടപ്പാക്കാന്‍ ശ്രമിക്കുമെന്ന് മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
സര്‍ക്കാര്‍ ഒരു തീരുമാനമെടുത്താല്‍ നിയമപരമായി പരിശോധിക്കാനുള്ള വേദിയാണല്ലോ കോടതി. കോടതിയുടെ പരിശോധനയില്‍ ഇപ്പോള്‍ ഒരു തീരുമാനം വന്നിട്ടുണ്ട്. അതുമായി ബന്ധപ്പെട്ട് മറ്റ് കാര്യങ്ങള്‍ പരിശോധിക്കേണ്ടതുണ്ട്. ആ പരിശോധനയ്ക്ക് ശേഷം മറ്റുകാര്യങ്ങള്‍ പറയാമെന്ന് മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
ശമ്പളം സര്‍ക്കാര്‍ ജീവനക്കാരുടെ അവകാശമാണ് എന്ന് ചൂണ്ടിക്കാണിച്ചാണ് സര്‍ക്കാര്‍ ഉത്തരവ് ഹൈക്കോടതി രണ്ടുമാസത്തേയ്ക്ക് സ്റ്റേ ചെയ്തത്. ഇതിനെതിരെ സംസ്ഥാന സര്‍ക്കാരിന് അപ്പീല്‍ നല്‍കാവുന്നതാണെന്നും ഹൈക്കോടതി അഭിപ്രായപ്പെട്ടിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."