വീടുകള്‍ തകര്‍ന്നു: ദലിത് കുടുംബങ്ങള്‍ക്ക് ദുരിതജീവിതം
കൊളച്ചേരി: കാറ്റിലും മഴയിലും വീടുകള്‍ തകര്‍ന്ന ദലിത് കുടുംബങ്ങള്‍ക്ക് ദുരിതജീവിതം. കൊളച്ചേരിപറമ്പ് ലക്ഷംവീട് കോളനിയിലെ എട്ട് കുടുംബങ്ങള്‍ക്കും പെരുമാച്ചേരി ലക്ഷംവീട് കോളനിയിലെ നാല് കുടുംബങ്ങള്‍ക്കുമാണ് കിടപ്പാടം നഷ്ടമായത്. കൊളച്ചേരി പറമ്പില്‍ വര്‍ഷങ്ങള്‍ക്ക് മുമ്പ് മണ്‍കട്ടകള്‍ കൊണ്ട് നിര്‍മിച്ച നാല് ഇരട്ട വീടുകളിലാണ് എട്ടു കുടുംബങ്ങള്‍ താമസിക്കുന്നത്.
ചോര്‍ന്നൊലിക്കുന്ന വീടിന്റെ മുകളില്‍ പ്ലാസ്റ്റിക്ക് ഷീറ്റ് വലിച്ചു കെട്ടിയാണ് ഇവര്‍ കഴിയുന്നത്. കഴിഞ്ഞദിവസം പെയ്ത മഴയില്‍ പനയന്‍ ശ്യാമള, കൊയ്‌ലേരിയന്‍ വനജ എന്നിവരുടെ വീടിന്റെ ചുമര്‍ പൂര്‍ണമായും തകര്‍ന്നു. മറ്റു ഭാഗങ്ങളും ഏതു സമയവും നിലംപതിക്കാറായ അവസ്ഥയിലാണ്. ഇതോടെ വീട്ടുപകരണങ്ങള്‍ വാടക മുറിയിലേക്ക് മാറ്റി ഇരുകുടുംബങ്ങളേയും ബന്ധുവീടുകളിലേക്ക് മാറ്റിപാര്‍പ്പിച്ചു.
കോളനിയില്‍ ഇതുകൂടാതെ മറ്റ് ആറ് വീടുകളും അപകടഭീഷണിയിലാണ്. ശോചനീയാവസ്ഥയിലായ ഈ വീടുകളിലുള്ള കുടുംബങ്ങളോടും പഞ്ചായത്ത് അധികൃതര്‍ മാറി താമസിക്കണമെന്നാവശ്യപ്പെട്ടിട്ടുണ്ട്. എന്നാല്‍ ഇടമില്ലാത്തതിനാല്‍ ഈ കുടുംബങ്ങള്‍ ഇപ്പോഴും ഇതിനുള്ളില്‍ തന്നെയാണ്. വീടിന്റെ ശോചനീയാവസ്ഥ ചൂണ്ടിക്കാണിച്ച് കുടുംബങ്ങള്‍ മുമ്പ് നിരവധി തവണ ഓഫിസുകളില്‍ കയറിയിറങ്ങിയിരുന്നെങ്കിലും ഫലമുണ്ടായിരുന്നില്ല. സര്‍ക്കാറിന്റെ ലൈഫ് ഭവന പദ്ധതിയിലും ഈ കുടുംബങ്ങള്‍ക്ക് സ്ഥാനം കിട്ടിയില്ല. കഴിഞ്ഞ ദിവസം ജയിംസ് മാത്യു എം.എല്‍.എയും ഡി.സി.സി പ്രസിഡന്റ് സതീശന്‍ പാച്ചേനി, ജനപ്രതിനിധികള്‍ എന്നിവരും വീട് സന്ദര്‍ശിച്ചു. കുടുംബങ്ങള്‍ക്ക് താത്കാലികമായി താമസിക്കുന്നതിന് സൗകര്യം ചെയ്യുമെന്ന് പാച്ചേനി ഉറപ്പുനല്‍കി.
കുടുംബങ്ങളെ ലൈഫ് പദ്ധതിയില്‍ ഉള്‍പ്പെടുത്തുന്നതിനാവശ്യമായ നടപടി സ്വീകരിക്കണമെന്ന് കലക്ടര്‍ പഞ്ചായത്തിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഇതിനായി നാളെ അടിയന്തിര ഭരണസമിതി യോഗം ചേരുമെന്ന് കൊളച്ചേരി പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം. അനന്തന്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."