കളക്ടര്‍ പ്രഖ്യാപിച്ചതില്‍ നീരസം; കൊവിഡ് സ്ഥിരീകരണം തള്ളി മുഖ്യമന്ത്രി
തൊടുപുഴ: തൊടുപുഴ നഗരസഭയിലെ വനിത കൗണ്‍സിലറടക്കം മൂന്ന് പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചതായുള്ള ജില്ലാ കളക്ടറുടെ പ്രഖ്യാപനം തള്ളി മുഖ്യമന്ത്രി. തന്നെ മറികടന്ന് ജില്ലാ കളക്ടര്‍ പ്രഖ്യാപനം നടത്തിയതിലെ നീരസമാണ് മുഖ്യമന്ത്രി പ്രകടിപ്പിച്ചതെന്നാണ് സൂചന. ഫലത്തില്‍ തെറ്റുണ്ടെന്നും വീണ്ടും പരിശോധിച്ച ശേഷമേ സ്ഥിരീകരിക്കൂവെന്നാണ് മുഖ്യമന്ത്രി ഇന്ന് വൈകിട്ട് പറഞ്ഞത്. കൊവിഡ് ബാധിച്ച് ചികിത്സയിലിരിക്കെ മരിച്ച നാലുമാസം പ്രായമുള്ള കുഞ്ഞിന്റെ രോഗം വിവരം പിതാവില്‍ നിന്ന് മറച്ചുവെച്ചത് സംബന്ധിച്ച് സുപ്രഭാതം ഇന്നലെ റിപ്പോര്‍ട്ട് ചെയ്തിരുന്നു.
ഇടുക്കിയില്‍ മൂന്നുപേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതായ വിവരം ആരോഗ്യ വകുപ്പില്‍ നിന്നറിഞ്ഞ മാധ്യമ പ്രവര്‍ത്തകര്‍ ജില്ലാ ഭരണകൂടവുമായി ബന്ധപ്പെട്ടെങ്കിലും വിവരം ലഭിച്ചില്ല. ഗുരുതരമായ വിഷയം മൂടിവെയ്ക്കാന്‍ ശ്രമിക്കുന്നുവെന്ന ആക്ഷേപം ഉയര്‍ന്നതോടെ രാവിലെ 11.30 ഓടെ ജില്ലാ കലക്ടര്‍ ഇക്കാര്യം പുറത്തുവിട്ടു. ഉച്ചയ്ക്ക് 12.19 ന് മാധ്യമ പ്രവര്‍ത്തകരുടെ വാട്സാപ്പ് ഗ്രൂപ്പില്‍ പി.ആര്‍.ഡി ഇത് പത്രക്കുറിപ്പായി ഇറക്കിയതോടെ വലിയ വാര്‍ത്തയായി.
തിങ്കളാഴ്ച വൈകിട്ട് നടന്ന മുഖ്യമന്ത്രിയുടെ വാര്‍ത്താസമ്മേളത്തില്‍ ഇടുക്കിയില്‍ നാല് കൊവിഡ് കേസുകള്‍ സ്ഥിരീകരിച്ചിരുന്നു. പിന്നാലെ രാത്രി 11 മണിയോടെ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ക്ക് മൂന്ന് കേസുകള്‍ കൂടി ഉണ്ടെന്ന അറിയിപ്പുമായി ഫോണ്‍ കോള്‍ വരുന്നത്. തൊടുപുഴ നഗരസഭ കൗണ്‍സിലര്‍, തൊടുപുഴ ജില്ലാ ആശുപത്രിയിലെ സ്റ്റാഫ് നഴ്സ്, ബാഗ്ലൂരുവില്‍ നിന്ന് വന്ന ഇടുക്കി നാരകക്കാനം സ്വദേശി എന്നിവര്‍ക്ക് പോസിറ്റീവായതായും ഇവരെ എത്രയും വേഗം ആശുപത്രിയിലേക്ക് മാറ്റണമെന്നുമായിരുന്നു അറിയിപ്പ്. ജനപ്രതിനിധിയ്ക്കും നഴ്സിനും രോഗം സ്ഥിരീകരിച്ചതോടെ വളരെ വേഗത്തില്‍ തന്നെ ജില്ലാ ഭരണകൂടം ഇക്കാര്യത്തില്‍ നടപടി എടുത്തു. ജില്ലാ ആശുപത്രിയിലെ ഒ.പിയും അടച്ചു. എല്ലാം മുഖ്യമന്ത്രി പറഞ്ഞ ശേഷമാണ് പുറത്ത് വരുന്നതെന്ന പതിവ് ഇതോടെ തെറ്റി. തുടര്‍ന്നാണ് വാര്‍ത്താ സമ്മേളനത്തില്‍ ഇതെല്ലാം മുഖ്യമന്ത്രി തള്ളിയത്. ഒരു ഫലം കൂടി വന്ന ശേഷമെ ഉറപ്പിക്കാനാകൂവെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്.
ആശയകുഴപ്പമില്ല: ജില്ലാ കലക്ടര്‍
തൊടുപുഴ: കൊവിഡ് പ്രഖ്യാപനവുമായി ബന്ധപ്പെട്ട് ആശയ കുഴപ്പമില്ലെന്നാണ് ജില്ലാ കലക്ടര്‍ എച്ച്്. ദിനേശന്‍ അറിയിച്ചു. ആശുപത്രിയിലുള്ളവരുടെ സ്രവം വീണ്ടും പരിശോധനയ്ക്കെടുത്തതായും ഇതിന്റെ ഫലം ഇന്ന് ലഭിക്കുമെന്നും ഇതിന്റെയടിസ്ഥാനത്തില്‍ തുടര്‍നടപടികള്‍ എടുക്കുമെന്നും അദ്ദേഹം പറഞ്ഞു. ഫലം വന്നിട്ടും ഇവരെ ആശുപത്രിയിലാക്കാതെ വന്നാല്‍ അത് വലിയ വീഴ്ചയാകുമെന്ന് കണ്ടതോടെയാണ് ആശുപത്രിയിലെത്തിക്കാന്‍ നടപടി എടുത്തതെന്നും വാര്‍ത്ത പുറത്ത് വിട്ടതെന്നും കലക്ടര്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."