കെ.എം ഷാജഹാനോട് പിണറായി പ്രതികാരം ചെയ്യുന്നുവെന്ന് മാതാവ്
തിരുവനന്തപുരം: വി.എസിന്റെ മുന്‍ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറിയായിരുന്ന കെ.എം ഷാജഹാനോട് മുഖ്യമന്ത്രി പിണറായി വിജയന് ലാവലിന്‍ കേസിലെ പ്രതികാരം തീര്‍ക്കുകയാണെന്ന് ഷാജഹാന്റെ അമ്മ എല്‍.തങ്കമ്മ.പൊലിസ് ആസ്ഥാനത്ത് നടന്ന സംഭവങ്ങള്‍ക്ക് പിന്നിലെ ഗൂഢാലോചനയില്‍ ഷാജഹാന് പങ്കില്ലെന്നും മാതാവ് പറഞ്ഞു.
തോക്ക് സ്വാമി എന്നറിയപ്പെടുന്ന ഹിമവല്‍ ഭദ്രാനന്ദയുമായി തന്റെ മകന് ബന്ധമില്ല. എല്ലാവിധ പൊതുപ്രശ്നങ്ങളിലും അവന് ഇടപെടുന്നതാണ്. ഇപ്പോള്‍ ക്രിമിനല്‍ കുറ്റവാളികളുമായി ചേര്‍ന്ന് ഗൂഢാലോചന നടത്തുന്നു എന്നാരോപിക്കുന്നതും സര്‍ക്കാറിന്റെ തന്ത്രമാണെന്നും തങ്കമ്മ കുറ്റപ്പെടുത്തി.
ജിഷ്ണുവിന്റെ അമ്മ മഹിജയും ബന്ധുക്കളും ഡിജിപി ഓഫിസിന് മുമ്പില്‍ നിരാഹാര സമരം നടത്താന്‍ എത്തിയപ്പോള്‍ പൊലിസ് തടയുകയും വലിച്ചിഴക്കുകയും ചെയ്തിരുന്നു. പിന്നീട് ഇവരോടൊപ്പം കെ.എം ഷാജഹാന് ഉള്‍പ്പെടെയുളള മറ്റു അഞ്ചുപേരെയും പൊലിസ് കസ്റ്റഡിയില്‍ എടുക്കുകയും ഈ അഞ്ചുപേരുടെ അറസ്റ്റ് രേഖപ്പെടുത്തുകയും ചെയ്തിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."