ചികിത്സയിലിരിക്കെ കുട്ടി മരിച്ചു; ആശുപത്രിയില്‍ സംഘര്‍ഷം
കൊട്ടാരക്കര: ശ്വാസംമുട്ടലിനെ തുടര്‍ന്ന് ആശുപത്രിയിലെത്തിച്ച കുട്ടി ചികിത്സയിലിരിക്കെ മരിച്ചു. ചികിത്സാ പിഴവെന്നാരോപിച്ച് ആശുപത്രിയില്‍ സംഘര്‍ഷം. കോട്ടാത്തല തടത്തില്‍ഭാഗം മുരുകനിവാസില്‍ രതീഷ്-ആര്യ ദമ്പതികളുടെ മകന് ആദി ആര്. കൃഷ്ണ (5) ആണ് ഇന്നലെ രാത്രി ഏഴിന് മരിച്ചത്. രാവിലെ 10നാണ് ശ്വാസതടസം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് കുട്ടിയെ കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലെത്തിച്ചത്.
ആശുപത്രിയിലെ വനിതാ ഡോക്ടറാണു കുട്ടിയെ പരിശോധിച്ച് ഇഞ്ചക്ഷനു നിര്‍ദേശിച്ചത്. ഇഞ്ചക്ഷന് എടുത്തയുടനെ കുട്ടിക്ക് അസ്വസ്ഥത അനുഭവപ്പെടുകയും ഐ.സി.യുവിലേക്കു മാറ്റുകയുമായിരുന്നു. ഉച്ചയോടെ വീണ്ടും ഇഞ്ചക്ഷന് എടുത്തു. അപ്പോഴേക്കും കുട്ടി അവശനിലയിലായിയിരുന്നു. ഉടന്‍ തിരുവനന്തപുരം എസ്.എ.ടി ആശുപത്രിയിലേക്കു മാറ്റാന്‍ ആശുപത്രി അധികൃതര്‍ നിര്‍ദേശിച്ചെങ്കിലും കുട്ടിയുടെ അവസ്ഥ തീരെ മോശമായതിനാല്‍ കൊട്ടാരക്കരയിലെ തന്നെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ഇവിടെനിന്നു അധികം വൈകാതെ കുട്ടി മരിക്കുകയും ചെയ്തു.
താലൂക്ക് ആശുപത്രിയിലെ ചികിത്സയിലുണ്ടായ പിഴവാണു കുട്ടിയുടെ മരണത്തിനു കാരണമെന്ന് ബന്ധുക്കളും നാട്ടുകാരും ആരോപിച്ചതോടെ ആശുപത്രിയില്‍ സംഘര്‍ഷം ഉടലെടുത്തു. കൊട്ടാരക്കര പൊലിസും ആശുപത്രി സൂപ്രണ്ടും രാത്രി 9.30ന് സ്ഥലത്തെത്തി പ്രതിഷേധക്കാരുമായി ചര്‍ച്ച നടത്തി. മൃതദേഹം ആശുപത്രിയിലെ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിട്ടുണ്ട്. ഇന്നു ബന്ധുക്കളുടെ പരാതി നിലനില്‍ക്കുകയാണെങ്കില്‍ മൃതദേഹം തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പോസ്റ്റ്മോര്‍ട്ടത്തിനായി രാവിലെ കൊണ്ടുപോകും. കൂലിപ്പണിക്കാരനാണ് രതീഷ്. ആദി കോട്ടാത്തല ഗവ. എല്‍.പി സ്കൂളിലെ ഒന്നാംക്ലാസ് വിദ്യാര്‍ഥിയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."