കുട്ടാടന്‍പാടത്ത് കൃഷി പുനരാരംഭിക്കാനുള്ള നടപടി ഈ വര്‍ഷം തന്നെ ഉണ്ടാവും: മന്ത്രി വി.എസ് സുനില്‍കുമാര്‍
ചാവക്കാട്: കുട്ടാടന്‍പാടത്ത് നെല്‍കൃഷി പുനരാരംഭിക്കാനുള്ള നടപടി ഈ വര്‍ഷം തന്നെ ഉണ്ടാകുമെന്ന് മന്ത്രി വി.എസ് സുനില്‍കുമാര്‍ പറഞ്ഞു.
ചാവക്കാട് മത്തിക്കായല്‍ മുട്ടില്‍ പാടശേഖരത്തെ 40 ഏക്കറില്‍ നഗരസഭയുടെ സഹായത്തോടെ നടപ്പിലാക്കിയ നെല്‍കൃഷിയുടെ കൊയ്ത്തുത്സവം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. എം.എല്‍.എ ഉള്‍പ്പെടെയുള്ളവര്‍ പങ്കെടുക്കുന്ന അടിയന്തിരയോഗം വിളിച്ചുചേര്‍ത്ത് കുട്ടാടന്‍പാടത്ത് കൃഷി പുനരാരംഭിക്കാനുള്ള ആസൂത്രണ പരിപാടികള്‍ തയ്യാറാക്കും.
പുതിയ സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം സംസ്ഥാനത്ത് 17,500 ഏക്കര്‍ തരിശുസ്ഥലത്ത് കൃഷി പുനരാരംഭിച്ചു.അടുത്ത അഞ്ച് വര്‍ഷം കൊണ്ട് സംസ്ഥാനത്ത് കൃഷി ചെയ്യുന്ന നെല്‍വയലുകളുടെ വിസ്തൃതിയും ഉല്‍പ്പാദനവും ഇരട്ടിയാക്കുകയാണ് ലക്ഷ്യം.സംസ്ഥാന ബജറ്റില്‍ തന്നെ ചരിത്രത്തിലെ ഏറ്റവും വലിയ തുകയാണ് നെല്‍കൃഷിക്കായി അനുവദിച്ചിരിക്കുന്നത്. നെല്‍കൃഷിയിലെ വിളനഷ്ടത്തിന് ഹെക്ടറിന് 12,500 രൂപയില്‍ നിന്ന് 35,000 രൂപ നഷ്ടപരിഹാരം നല്‍കാന്‍ സര്‍ക്കാര്‍ പുതിയ ഉത്തരവിറക്കി.
നെല്ല് സംഭരിച്ചാല്‍ തുക ഉടനെ കര്‍ഷകര്‍ക്ക് ബാങ്കില്‍ ലഭിക്കാനുള്ള സൗകര്യം അടുത്ത വര്‍ഷം മുതല്‍ ഉണ്ടാവും.മത്തിക്കായല്‍ മുട്ടില്‍ പാടശേഖരത്തെ പോലെ ഓരുവെള്ളം കയറാന്‍ സാധ്യതയുള്ള സ്ഥലങ്ങളില്‍ ഓരുവെള്ളത്തിലും കൃഷി ചെയ്യാവുന്ന ഇനം വിത്തുകള്‍ ഉപയോഗിക്കുന്നത് പരീക്ഷണാടിസ്ഥാനത്തില്‍ പരിഗണിക്കും.
ഇത്തരത്തിലുള്ള വിത്തുകള്‍ കാര്‍ഷിക സര്‍വ്വകലാശാല വികസിപ്പിച്ചെടുത്തിട്ടുണ്ട്.മുട്ടില്‍ പാടശേഖരത്ത് ഇത്തവണ 40 ഏക്കറില്‍ ഇറക്കിയ കൃഷി അടുത്ത തവണ 100 ഏക്കറിലേക്ക് വ്യാപിപ്പിക്കാനുള്ള ശ്രമത്തിന് സര്‍ക്കാരിന്റെ ഭാഗത്ത് എല്ലാ പിന്തുണയും ഉണ്ടാകുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.കെ.വി അബ്ദുള്‍ഖാദര്‍ എം.എല്‍.എ അധ്യക്ഷനായി.നഗരസഭ ചെയര്‍മാന്‍ എന്‍.കെ.അക്ബര്‍, വൈസ് ചെയര്‍പേഴ്‌സന്‍ മഞ്ജുഷ സുരേഷ്,മത്തിക്കായല്‍ മുട്ടില്‍ കര്‍ഷക കൂട്ടായ്മ സെക്രട്ടറി പി.കെ.ബാലന്‍,എം.ആര്‍.രാധാകൃഷ്ണന്‍, നഗരസഭ സ്റ്റാന്‍ഡിങ് കമ്മറ്റി അധ്യക്ഷന്‍മാരായ കെ.എച്ച്.സലാം,എ.സി.ആനന്ദന്‍,എം.ബി.രാജലക്ഷ്മി,എ.എ.മഹേന്ദ്രന്‍,സഫൂറ ബക്കര്‍,കൃഷി ഓഫീസര്‍ ജോഷിമോന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."