കോവളം ബീച്ചിലെ അനധികൃത കെട്ടിടം പൊളിക്കുന്നത് നാട്ടുകാര്‍ തടഞ്ഞു
കോവളം: കോവളം ബീച്ചിലെ കീഴേവീട് ദേവീ ക്ഷേത്രത്തിനു സമീപത്തെ രണ്ടുനിലയുള്ള കെട്ടിടം പൊളിക്കാന്‍ മുന്നറിയിപ്പില്ലാതെ എത്തിയ നഗരസഭാ ജീവനക്കാരെ നാട്ടുകാരില്‍ ഒരുവിഭാഗവും ടൂറിസം പ്രൊട്ടക്ഷന്‍ കൗണ്‍സില്‍ പ്രവര്‍ത്തകരും തടഞ്ഞത് സംഘര്‍ഷാവസ്ഥ സൃഷ്ടിച്ചു. കോവളം കെ.എസ് റോഡ് സ്വദേശി താജുദ്ദീന്റെ ഉടമസ്ഥതയിലുള്ള കെട്ടിടം അനധികൃതമായി നിര്‍മിച്ചതാണെന്നും ചീഫ് സെക്രട്ടറിയുടെ ഉത്തരവനുസരിച്ചാണു കെട്ടിടം പൊളിക്കാനെത്തിയതെന്നും അധികൃതര്‍ വാദിച്ചെങ്കിലും നാട്ടുകാര്‍ സമ്മതിച്ചില്ല.
കെട്ടിടം പൊളിക്കുന്നതുമായി ബന്ധപ്പെട്ട് തനിക്കു മുന്‍കൂര്‍ നോട്ടിസ് ലഭിച്ചിട്ടില്ലെന്ന് കെട്ടിടം ഉടമയും പരാതി ഉന്നയിച്ചു. എന്നാല്‍ ഇതു പൊളിക്കുന്നതുമായി ബന്ധപ്പെട്ട് നേട്ടിസ് നല്‍കുന്നതടക്കമുള്ള നടപടികള്‍ പൂര്‍ത്തിയാക്കിയിരുന്നെന്ന് അധികൃതര്‍ വ്യക്തമാക്കിയെങ്കിലും മുന്നറിയിപ്പുമില്ലാതെ കെട്ടിടം പൊളിക്കാന്‍ അനുവദിക്കില്ലെന്ന നിലപാടില്‍ നാട്ടുകാരും പ്രൊട്ടക്ഷന്‍ കൗണ്‍സില്‍ ഭാരവാഹികളും ഉറച്ചുനില്‍ക്കുകയായിരുന്നു.
തുടര്‍ന്ന് കോവളം എസ്.ഐ അജിത്കുമാറിന്റെ സാന്നിധ്യത്തില്‍ നഗരസഭയുടെ വിഴിഞ്ഞം സോണല്‍ അസി. എക്‌സിക്യുട്ടീവ് എന്‍ജിനീയര്‍ സുരേഷ്, എ.ഇ രാജീവ് എന്നിവരുമായും കെട്ടിടം പൊളിക്കുന്നത് തടയാനെത്തിയവരുമായും നടത്തിയ ചര്‍ച്ചയില്‍ ഒരാഴ്ച വരെ കെട്ടിടം പൊളിക്കുന്നത് നിറുത്തിവയ്ക്കാന്‍ അധികൃതര്‍ തയാറായതോടെയാണ് സംഘര്‍ഷാവസ്ഥ അയഞ്ഞത്.
സംഭവത്തില്‍ കേരള ടൂറിസം പ്രൊട്ടക്ഷന്‍ ആന്‍ഡ് ഡെവലപ്‌മെന്റ് കൗണ്‍സില്‍ യോഗം പ്രതിഷേധിച്ചു. കൗണ്‍സില്‍ രക്ഷാധികാരി കോവളം ടി.എന്‍ സുരേഷ് അധ്യക്ഷനായി. ആര്‍. വിശ്വനാഥന്‍, എം.എസ് ഷിബുലാല്‍, കോവളം ബി. ശ്രീകുമാര്‍, കെ. കുശലന്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."