കുടിവെള്ള സംഭരണി വൃത്തിഹീനമെന്ന് മനുഷ്യാവകാശ കമ്മിഷന്‍
കൊച്ചി: ജല അതോറിറ്റിയുടെ പള്ളിമുക്കിലെ പ്രധാന ജലസംഭരണിയില്‍ നിന്നും നഗരത്തിലെത്തുന്ന കുടിവെള്ളം ഉപയോഗയോഗ്യമാണോ എന്നത് സംബന്ധിച്ച ലാബ് പരിശോധനാ റിപ്പോര്‍ട്ടുകള്‍ ഹാജരാക്കാന്‍ സംസ്ഥാന മനുഷ്യാവകാശ കമ്മിഷന്‍ ഉത്തരവ്.ജലസംഭരണി വൃത്തിയാക്കിയത് 25 വര്‍ഷങ്ങള്‍ക്ക് മുമ്പാണെന്ന റിപ്പോര്‍ട്ടിനെ തുടര്‍ന്ന് സ്ഥലപരിശോധന നടത്തിയ ശേഷമാണ് കമ്മിഷന്‍ ആക്റ്റിങ് അധ്യക്ഷന്‍ പി.മോഹനദാസ് ജലഅതോറിറ്റി എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ക്ക് രേഖകള്‍ സമര്‍പ്പിക്കാന്‍ നിര്‍ദ്ദേശം നല്‍കിയത്.
വളരെ പഴക്കമുള്ള സംഭരണിയാണ് മനുഷ്യാവകാശ കമ്മിഷന്‍ കണ്ടത്. കുടിവെള്ള സംഭരണിയാണെന്ന് മനസിലാക്കാതിരിക്കാന്‍ മണ്ണിട്ട് മൂടി തറനിരപ്പിലാക്കിയ അവസ്ഥയാണ് നിലവിലുള്ളത്. ഇവിടം കാടുമൂടിയ നിലയിലാണ്. ഇവിടം വൃത്തിയാക്കാറുണ്ടെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞെങ്കിലും അത് വിശ്വാസയോഗ്യമല്ലെന്ന് കമ്മിഷന്‍ നിരീക്ഷിച്ചു.
സംഭരണി വൃത്തിയാക്കിയിട്ട് വര്‍ഷങ്ങളായെന്ന പരാതി കമ്മിഷന്‍ സ്ഥിരീകരിച്ചു. ഇത് വൃത്തിയാക്കണമെങ്കില്‍ ജലവിതരണം നിര്‍ത്തിവയ്‌ക്കേണ്ടി വരുമെന്നാണ് ജല അതോറിറ്റി, കമ്മിഷന്‍ ആക്റ്റിങ് അധ്യക്ഷന്‍ പി.മോഹനദാസിനെ അറിയിച്ചത്.
അങ്ങനെ വന്നാല്‍ ഒരാഴ്ചയോളം പശ്ചിമകൊച്ചിയില്‍ കുടിവെള്ളം മുടങ്ങുമത്രേ. പള്ളിമുക്കിലെ സംഭരണിയില്‍ നിന്നും മട്ടാഞ്ചേരിയിലെയും പള്ളുരുത്തിയിലെയും സംഭരണിയിലേക്ക് കുടിവെള്ളം എത്തിച്ചശേഷം ട്രീറ്റ്‌മെന്റ് ചെയ്യാറുണ്ടെന്ന് ജലഅതോറിറ്റി കമ്മിഷനെ അറിയിച്ചു. ഏതായാലും പള്ളിമുക്കിലെ സംഭരണിയില്‍ നിന്ന് ലഭിക്കുന്ന കുടിവെള്ളം ശുദ്ധീകരിക്കാറില്ലെന്ന കാര്യം കമ്മിഷന്‍ സ്ഥിരീകരിച്ചു.ലാബ് റിപ്പോര്‍ട്ട് ലഭിച്ച ശേഷം കൂടുതല്‍ നടപടികളിലേക്ക് കടക്കും.
കമ്മിഷന്റെ സന്ദര്‍ശന വേളയില്‍ ജല അതോറിറ്റിയിലെ ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ സന്നിഹിതരായിരുന്നു.കമ്മിഷന്‍ സ്വമേധയാ രജിസ്റ്റര്‍ ചെയ്ത കേസിലാണ് ഉത്തരവ്. ജലഅതോറിറ്റി എക്‌സിക്യൂട്ടിവ് എന്‍ജിനീയറും ജില്ലാ മെഡിക്കല്‍ ഓഫിസറും ജില്ലാ കലക്ടറും പരാതി സംബനധിച്ച് മൂന്നാഴ്ചക്കകം വിശദീകരണം നല്‍കണമെന്ന് കമ്മിഷന്‍ ആക്റ്റിങ് അധ്യക്ഷന്‍ പി.മോഹനദാസ് ആവശ്യപ്പെട്ടു. കേസ് മേയില്‍ എറണാകുളത്ത് നടക്കുന്ന സിറ്റിങില്‍ പരിഗണിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."