കൊട്ടിയൂര്‍ പീഡനം: വൈദികനു ജാമ്യമില്ല
തലശ്ശേരി: കൊട്ടിയൂരില്‍ പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ മുഖ്യപ്രതി ഫാ. റോബിന്‍ വടക്കുംചേരി നല്‍കിയ ജാമ്യഹരജി കോടതി തള്ളി. പ്രതിക്കു ജാമ്യം നല്‍കിയാല്‍ അതു കേസന്വേഷണത്തെ ബാധിക്കുമെന്ന് ചൂണ്ടിക്കാട്ടിയാണു അഡീഷനല്‍ ജില്ലാ സെഷന്‍സ് (അഡ്‌ഹോക്-ഒന്ന്) കോടതി ജഡ്ജി ശ്രീകലാ സുരേഷ് ജാമ്യം നിഷേധിച്ചത്.
ബൈബിളിനെ ഉദ്ധരിച്ചാണു ഫാ. റോബിന്റെ ജാമ്യഹരജി തള്ളിക്കൊണ്ടുള്ള കോടതി വിധി. ബൈബിള്‍ എന്ന മഹദ് ഗ്രന്ഥം സമൂഹത്തെ നല്ലതിലേക്കു നയിക്കേണ്ട ഒന്നാണ്. ആ ബൈബിള്‍ സന്ദേശങ്ങള്‍ ദുര്‍വ്യാഖ്യാനം ചെയ്യുകയായിരുന്നു പ്രതി.
നിരാലംബരും പാവപ്പെട്ടവരുമായ സാധാരണക്കാര്‍ക്കു നല്ല വഴി കാട്ടിക്കൊടുക്കേണ്ട സഭയുടെ മുന്നില്‍നിന്നു പ്രവര്‍ത്തിക്കേണ്ട വ്യക്തിയാണ് ഇത്തരം ഹീനപ്രവൃത്തി ചെയ്തത്.
പൊതുസമൂഹത്തെ മുന്‍നിരയിലേക്കു കൊണ്ടുവരേണ്ട വ്യക്തി ബൈബിളിനെ പോലും ദുരുപയോഗം ചെയ്തു. ദേവാലയത്തിലെ ഉന്നത വ്യക്തിയായ പ്രതിയുടെ കിടപ്പുമുറിയില്‍ പീഡനത്തിനിരയായ പെണ്‍കുട്ടി എത്തിയെന്നതു കേസിന്റെ പ്രാധാന്യം വര്‍ധിപ്പിക്കുന്നെന്നും ഇത്തരം പ്രവര്‍ത്തനം നടത്തിയ പ്രതിക്കു ജാമ്യം നല്‍കാന്‍ കഴിയിലെന്നുംവിധിയില്‍ പറയുന്നു. പ്രതിക്കു ജാമ്യം നല്‍കിയാല്‍ അതുകേസിന്റെ നിലനില്‍പ്പിനെ തന്നെ ഇല്ലാതാക്കുമെന്നും കോടതി ചൂണ്ടിക്കാട്ടി.
കേസില്‍ കന്യാസ്ത്രീകളടക്കം ഒന്‍പതു പ്രതികള്‍ക്കു കോടതി നേരത്തെ ജാമ്യം നല്‍കിയിരുന്നു. ഫാ. റോബിന്‍ കണ്ണൂര്‍ സ്‌പെഷല്‍ സബ് ജയിലില്‍ റിമാന്‍ഡില്‍ കഴിയുകയാണ്. പീഡനത്തെ തുടര്‍ന്നു പെണ്‍കുട്ടി പ്രസവിച്ച കുഞ്ഞിന്റെ പിതാവ് ഫാ. റോബിന്‍ തന്നെയാണെന്നു ഡി.എന്‍.എ പരിശോധനയില്‍ തെളിഞ്ഞിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."