ഒരമ്മയോട് ഇത്രയും ക്രൂരത വേണോ?
കൊല്ലപ്പെട്ട ജിഷ്ണുവിന്റെ അമ്മ മഹിജയെ പൊലിസ് തൊഴിച്ചു വലിച്ചിഴച്ചു. അന്നേ ദിവസം എല്ലാ പത്രങ്ങളിലും ഇതായിരുന്നു പ്രധാനവാര്‍ത്ത. കേരളം ഞെട്ടിത്തരിച്ചു പോയി. ഡി.ജി.പി ഓഫിസിനു മുന്നില്‍ സമരത്തിനെത്തിയതിന്റെ പേരിലാണ് ഇതു ചെയ്തത്. ഡി.ജി.പി ഓഫിസിന്റെ മുന്നില്‍ സമരം പാടില്ലെന്ന നിഷ്‌കര്‍ഷ കൊളോണിയല്‍ ഭരണക്രമത്തിന്റെ അവശിഷ്ടം ഇനിയും നമ്മളില്‍ അവശേഷിക്കുന്നുവെന്നാണു വ്യക്തമാക്കുന്നത്.
ജിഷ്ണുവിന്റെ അമ്മ മഹിജയെ വലിച്ചിഴച്ചു കൊണ്ടുപോകുന്നതു കേരളം മുഴുവന്‍ കണ്ടതാണ്. ദൃശ്യമാധ്യമങ്ങള്‍ ഇതു മുഴുവനും കേരളത്തെ കാണിച്ചു. എന്നാല്‍, പൊലിസ് ആസ്ഥാനത്തുണ്ടായ സംഭവങ്ങളില്‍ പൊലിസിനു തെറ്റുപറ്റിയിട്ടില്ലെന്നാണു മുഖ്യമന്ത്രി പറയുന്നത്.
ഇത്ര ക്രൂരത സഖാവില്‍നിന്ന് ഉണ്ടാകാന്‍ പാടില്ല. അടിയന്തരാവസ്ഥയില്‍ പൊലിസിന്റെ മര്‍ദനമുണ്ടായപ്പോള്‍ എന്തുമാത്രം പ്രതിഷേധത്തോടും ആവേശത്തോടും കൂടിയാണ് 1970ല്‍ അസംബ്ലിയില്‍ പ്രതികരിച്ചത്. ഇപ്പോള്‍ പൊലിസിനെ ന്യായീകരിക്കുന്നത് എന്തടിസ്ഥാനത്തിലാണ്. ആദ്യസര്‍ക്കാരിന്റെ അറുപതാം വാര്‍ഷികദിനത്തിലെ ഈ സംഭവം സര്‍ക്കാരിനു തീരാകളങ്കമാണുണ്ടാക്കിയത്.
കേരളത്തില്‍ ആദ്യമായി അധികാരത്തില്‍ വന്ന ഇടതുസര്‍ക്കാരിന്റെ കാലത്താണു തൊഴിലാളികള്‍ക്കെതിരേ ആദ്യമായി വെടിവയ്പു നടന്നത്. അധികാരത്തില്‍ വന്ന് ഏതാനും മാസം കഴിഞ്ഞപ്പോള്‍ കൊല്ലത്തിനടുത്ത ഒരു ഫാക്ടറിയിലെ തൊഴിലാളികള്‍ പണിമുടക്കിലേര്‍പ്പെട്ടു. ആ ഫാക്ടറിയിലെ യൂണിയന്‍ ആര്‍.എസ്.പിയുടെ നേതൃത്വത്തിലായിരുന്നു. പണിമുടക്ക് ഗവണ്‍മെന്റിനെതിരായിരുന്നില്ല. ആ പ്രത്യേക ഫാക്ടറിയിലെ തൊഴിലുടമയ്‌ക്കെതിരേയായിരുന്നു. ഒരു സാധാരണ തൊഴിലാളി സമരം.
ആ കാലത്തെ പ്രമുഖ കമ്മ്യൂണിസിറ്റ് സൈദ്ധാന്തികനും കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഉണ്ടാക്കുന്നതില്‍ പങ്കുവഹിച്ചിരുന്ന ആളുമായ കെ. ദാമോദരന്‍ ഈ സംഭവം വ്യക്തമായി ഓര്‍ക്കുന്നു: 'സി.പി.ഐയുടെ (അവിഭക്ത കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ) സംസ്ഥാനകൗണ്‍സില്‍ കൂടിക്കൊണ്ടിരിക്കുകയായിരുന്നു.
അപ്പോഴാണു ഞങ്ങള്‍ക്കു വിവരം കിട്ടിയത്, പണിമുടക്കിലേര്‍പ്പെട്ട മൂന്നു തൊഴിലാളികളെ പൊലിസ് വെടിവച്ചു കൊന്നുവെന്ന്. ഞങ്ങള്‍ തരിച്ചിരുന്നു പോയി. കമ്മ്യൂണിസ്റ്റുകാര്‍ അധികാരത്തിലിരിക്കുമ്പോള്‍ പൊലിസ് തൊഴിലാളികളെ വെടിവച്ചു കൊല്ലുക.
ഉടന്‍തന്നെ അവിടെ സന്നിഹിതരായ സഖാക്കളില്‍നിന്നുണ്ടായ പ്രതികരണം ഇതായിരുന്നു. വെടിവയ്പിനെ അപലപിക്കുക. അടിയന്തരമായും അന്വേഷണത്തിന് ഉത്തരവിടുക. കുടുംബങ്ങള്‍ക്കു നഷ്ടപരിഹാരം നല്‍കുക. പണിമുടക്കിലേര്‍പ്പെട്ട തൊഴിലാളികളോടു പരസ്യമായി മാപ്പുപറയുക. ഇതായിരുന്നു ഞങ്ങളുടെ സഹജമായ വര്‍ഗപ്രതികരണം.
ചര്‍ച്ച തുടങ്ങി. അതു രണ്ടു മണിക്കൂര്‍ നീണ്ടുനിന്നു. അവസാനമെടുത്ത തീരുമാനം ആദ്യ പ്രതികരണത്തില്‍നിന്നു വ്യത്യസ്തമായിരുന്നു. വിമോചനസമരം കൊടുമ്പിരികൊള്ളുമ്പോള്‍ പൊലിസിനെ ആക്രമിച്ചാല്‍ അവരുടെ വീര്യം തകരും. അവരുടെ ആത്മവീര്യം തകര്‍ന്നാല്‍ കമ്മ്യൂണിസ്റ്റ് വിരുദ്ധപ്രസ്ഥാനം ശക്തിപ്പെടും.'
അങ്ങനെ പൊലിസ് നടപടിയെ ന്യായീകരിച്ചുകൊണ്ടു പ്രമേയം പാസാക്കി. പൊലിസ് നടപടിയെ ന്യായീകരിക്കാനും ആര്‍.എസ്.പിയുടെ നിലപാടിനെ തുറന്നുകാണിക്കാനും കെ. ദാമോദരനെ ചുമതലയേല്‍പ്പിച്ചു. കെ. ദാമോദരന് ആ തീരുമാനം ദഹിച്ചിട്ടില്ല. ആ നിയോഗത്തില്‍നിന്ന് ഒഴിഞ്ഞുമാറാന്‍ ശ്രമിച്ചു. നിര്‍ബന്ധിച്ചപ്പോള്‍ മാത്രമാണു കെ. ദാമോദരന്‍ പോയത്.
ആ പ്രസംഗം നടത്തിക്കഴിഞ്ഞു വീട്ടില്‍ വന്നപ്പോള്‍ ഉറങ്ങാന്‍ കഴിഞ്ഞില്ലെന്നാണു ദാമോദരന്‍ പറയുന്നത്. തന്നെ ഈ അവസ്ഥയിലെത്തിച്ച പാര്‍ട്ടി നേതാക്കളോടു ശകാരവര്‍ഷം ചൊരിയുന്നതിനു പകരം സ്വന്തം ഭാര്യയോടു ശകാരവര്‍ഷം ചൊരിയുകയാണു ചെയ്തത്.
പിന്നീട് പാര്‍ട്ടി നിര്‍ബന്ധിച്ചിട്ടുപോലും ദാമോദരന്‍ ആദ്യസര്‍ക്കാരിന്റെ ഈ കിരാത നടപടിയെ ന്യായീകരിക്കാന്‍ പോയില്ല. ഇത് ആദ്യമന്ത്രിസഭയിലെ സംഭവവികാസം.
ജിഷ്ണുവിന്റെ അമ്മ മഹിജയുടെ മേല്‍ നടത്തിയ പരാക്രമം സര്‍ക്കാരിന്റെ നയം മനസ്സിലാക്കാത്ത പൊലിസ് ഉദ്യോഗസ്ഥര്‍ ചെയ്തതാണെന്നും അവര്‍ക്കെതിരേ നടപടിയെടുക്കണമെന്നും എം.എ. ബേബി പറയുന്നു.
എന്തു തോന്ന്യാസമാണു ചെയ്യുന്നതെന്നാണ് ഡി.ജി.പിയെ വിളിച്ചു വി.എസ്. അച്യുതാനന്ദന്‍ ചോദിച്ചത്. കേരളം മുഴുവനും പൊലിസ് ചെയ്തതു കണ്ടതാണ്. എന്നാല്‍, മുഖ്യമന്ത്രി പറയുന്നു പൊലിസ് ഒന്നും ചെയ്തിട്ടില്ലെന്ന്. മറ്റ് ആറുപേരാണു കുഴപ്പമുണ്ടാക്കിയതത്രെ. ഇനിയും ഈ ക്രൂരത തുടരണോ?
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."