HOME
DETAILS

ഡല്‍ഹിയില്‍ അഴിഞ്ഞാടുന്ന ഭരണകൂട ഭീകരത

  
backup
May 03 2020 | 01:05 AM

state-sponsored-religious-execution-in-india

 

1992ല്‍ ബാബരി ധ്വംസനത്തിന് തൊട്ട് പിറകെ പ്രശസ്ത ചരിത്രകാരന്‍ സുമിത് സര്‍ക്കാര്‍, ആര്‍.എസ്.എസ് പ്രതിനിധാനം ചെയ്യുന്ന സംഘ്പരിവാര്‍ ഫാസിസത്തിന്റെ ഇരച്ചുകയറ്റത്തെ കുറിച്ച് പ്രതിപാദിക്കുന്നിടത്ത് വലിയൊരു യാഥാര്‍ഥ്യത്തിലേക്ക് വിരല്‍ചൂണ്ടുകയുണ്ടായി: ഇറ്റലിയും ജര്‍മനിയും ഫാസിസ്റ്റ് വഴിയിലേക്ക് കടന്നുപോയ അതേ പാതയിലൂടെ സഞ്ചരിച്ചാണ് ഇന്ത്യയില്‍ സംഘ്പരിവാര്‍, ഫാസിസത്തെ അടിപടലം വാരിപ്പുണരുന്നതെന്ന് തെളിഞ്ഞുകൊണ്ടിരിക്കയാണെന്ന് അദ്ദേഹം നിരീക്ഷിച്ചു. ആള്‍ക്കൂട്ടത്തിന്റെ പിന്‍ബലമുള്ള ആക്രമണങ്ങള്‍, പൊലിസ് സേനയിലും ബ്യൂറോക്രസിയിലും പട്ടാളത്തിലേക്കുമുള്ള കാവി നുഴഞ്ഞുകയറ്റം, മധ്യപക്ഷരാഷ്ട്രീയക്കാരുടെ പിന്തുണ - എല്ലാം ഒത്തുചേര്‍ന്നപ്പോള്‍ ഹിന്ദുത്വയുടെ ലക്ഷ്യം നിഷ്പ്രയാസം സഫലീകൃതമാവുകയായിരുന്നു. അക്രമവും പൊലിസും ആള്‍ക്കൂട്ടവും 'ആപ്പ്' പ്രതിനിധാനം ചെയ്യുന്ന സെന്‍ട്രിസ്റ്റ് പൊളിറ്റിക്‌സും കൈകോര്‍ത്തപ്പോള്‍ വര്‍ത്തമാനകാല ഇന്ത്യ ഫാസിസത്തിന്റെ ക്രൂരമുഖം തുറന്നുകാട്ടുകയാണ്. രാജ്യതലസ്ഥാന നഗരിയില്‍ ഇന്ന് അഴിഞ്ഞാടുന്ന ഭരണകൂട ഭീകരത അതിന്റെ പ്രാഥമിക ലക്ഷണം മാത്രമാണ്.


ലോകം കൊവിഡ് മഹാമാരിയുമായി പൊരുതുമ്പോള്‍, ഡല്‍ഹി പൊലിസിന്റെ യുദ്ധം മുസ്‌ലിം ന്യൂനപക്ഷങ്ങളോടാണ്. കൊറോണ വൈറസിന്റെ വ്യാപനവും പകര്‍ച്ചവ്യാധി പരത്തുന്ന ഉത്കണ്ഠയും മാധ്യമശ്രദ്ധ ആ ഭാഗത്തേക്ക് തിരിച്ചപ്പോള്‍, കൂടുതല്‍ ഒച്ചപ്പാടും ബഹളവുമൊന്നുമില്ലാതെ കേന്ദ്ര ആഭ്യന്തര മന്ത്രാലയവും ഡല്‍ഹി പൊലിസും ആര്‍.എസ്.എസിന്റെ അജന്‍ഡകള്‍ ഓരോന്നോരോന്നായി നടപ്പാക്കിക്കൊണ്ടിരിക്കയാണ്. ഇതിനു പിന്നിലെ രാഷ്ട്രീയം സുവ്യക്തമാണ്. സ്വാതന്ത്ര്യാനന്തര ഇന്ത്യ കണ്ട ഏറ്റവും ജനകീയവും വ്യാപകവുമായ പൗരത്വപ്രക്ഷോഭത്തില്‍ പങ്കെടുത്തവരോട് പ്രതികാരം ചെയ്യുക, കൊവിഡാനന്തര കാലഘട്ടത്തിലും അത്തരം ജനാധിപത്യപ്രക്ഷോഭങ്ങളിലേക്ക് ആരും കടന്നുപോകാതിരിക്കാന്‍ ഭീഷണിപ്പെടുത്തി വരിയുടച്ച്‌നിര്‍ത്തുക തുടങ്ങിയവയാണ് മുഖ്യലക്ഷ്യം. പ്രധാനമന്ത്രിയുടെയും കേന്ദ്രആഭ്യന്തരമന്ത്രിയുടെയും മൂക്കിനു താഴെ നടക്കുന്ന കൂട്ടഅറസ്റ്റുകളും തുറുങ്കല്‍വാസവുമൊന്നും മാധ്യമങ്ങള്‍ക്ക് വാര്‍ത്തയാവുന്നില്ല എന്നതാണ് ഈ ട്രാജഡിയുടെ ഏറ്റവും ലജ്ജാവഹമായ വശം.


53 പേരുടെ മരണത്തിനും 500ലധികം പേര്‍ക്ക് പരുക്കേല്‍ക്കാനും കോടിക്കണക്കിന് രൂപയുടെ നഷ്ടം വരുത്തിവച്ച കൊള്ളക്കും കൊള്ളിവെപ്പിനും 14പള്ളികള്‍ കത്തിച്ചാമ്പലക്കാന്‍ കാരണമായ കാപാലികതക്കും നിമിത്തമായ ഫെബ്രുവരി 23 - 26 തിയതികളില്‍ വടക്കുകിഴക്കന്‍ ഡല്‍ഹിയില്‍ നടന്ന ഏകപക്ഷീയ കലാപം കേന്ദ്രഭരണകൂടത്തിന്റെ ഒത്താശയോടെ സംഘ്പരിവാര്‍ ഗുണ്ടകള്‍ ആസൂത്രണം ചെയ്തു നടപ്പാക്കിയതാണെന്ന് പകല്‍ വെളിച്ചം പോലെ തെളിഞ്ഞതാണ്. എന്നാല്‍, കൊവിഡ് പരത്തിയ കൂരിരുട്ടില്‍ ആക്രമണങ്ങളുടെയും കലാപത്തിന്റെയും പാപഭാരം മുസ്‌ലിം വിദ്യാര്‍ഥികളുടെയും ചെറുപ്പക്കാരുടെയും പിരടിയില്‍ വെച്ചുകെട്ടി കൊടിയ പീഡനങ്ങളാണ് പുറത്തെടുത്തുകൊണ്ടിരിക്കുന്നത്. പൗരത്വപ്രക്ഷോഭത്തിന്റെ പ്രധാനകേന്ദ്രമായിരുന്ന ഡല്‍ഹി ജാമിഅ മില്ലിയ സര്‍വകലാശാലയെ ലക്ഷ്യമിട്ടാണ് ഗൂഢാലോചന സിദ്ധാന്തം പൊലിസ് ചുട്ടെടുത്തിരിക്കുന്നത്. കൊല്ലപ്പെട്ട 53പേരില്‍ 45ഉം മുസ്‌ലിംകളാണ്. കത്തിച്ചാമ്പലാക്കപ്പെട്ട കടകളും വീടുകളും മുഴുവന്‍ ന്യൂനപക്ഷ വിഭാഗത്തില്‍പ്പെട്ടവരുടേതാണെന്ന് ജാഫ്‌റാബാദ്, ശിവ്വിഹാര്‍, മുസ്തഫാബാദ്, കര്‍ദംപുരി, ഗോകുല്‍പുരി, മൗജ്പൂര്‍ തുടങ്ങിയ പ്രദേശങ്ങള്‍ സന്ദര്‍ശിച്ചപ്പോള്‍ ഈ ലേഖകന്‍ നേരില്‍ കണ്ടതാണ്.


മൗജ്പൂരി, ജാഫറാബാദ്, കര്‍ദംബുരി, ശിവ്വിഹാര്‍ തുടങ്ങിയ പ്രദേശങ്ങളില്‍ ആരംഭിച്ച ഷഹീന്‍ ബാഗുകള്‍ക്ക് നേരെയുള്ള ആക്രമണങ്ങളോടെയാണ് ഡല്‍ഹി വംശഹത്യക്ക് തുടക്കം കുറിക്കുന്നത്. അക്രമികളോടൊപ്പം ചേര്‍ന്ന് ന്യൂനപക്ഷവേട്ടയില്‍ പങ്കാളികളായ പൊലിസ് സേനയെകുറിച്ച് ഉയര്‍ന്ന എണ്ണമറ്റ പരാതികള്‍ ആരും മറന്നിട്ടില്ല. അതേ പൊലിസിനെ ഉപയോഗിച്ചാണ് ന്യൂനപക്ഷവിഭാഗങ്ങളെ പ്രതിസ്ഥാനത്ത് നിര്‍ത്തി എഫ്.ഐ.ആര്‍ തയാറാക്കിയതും ജാമ്യത്തില്‍ ഇറങ്ങുമെന്ന് കണ്ടപ്പോള്‍ കരിനിയമമായ യു.എ.പി.എ ചുമത്തി അനിശ്ചിതമായി തുറങ്കിലടച്ചിരിക്കുന്നതും. കലാപബാധിത പ്രദേശങ്ങള്‍ മാര്‍ച്ച് രണ്ടാം വാരത്തില്‍ സന്ദര്‍ശിച്ചപ്പോള്‍ കൊല്ലപ്പെട്ടവരുടെ വീടുകള്‍ ചൂണ്ടിക്കാട്ടിത്തരാനും ചാമ്പലായ വീടുകളുടെയും പള്ളികളുടെയും അവശിഷ്ടങ്ങളുടെ ചാരത്ത് എത്തിക്കാനും ഞങ്ങളോടൊപ്പം കുറേ ചെറുപ്പക്കാര്‍ പിന്നാലെ നടന്നിരുന്നു. കൂടുതല്‍ അടുത്തപ്പോള്‍ അവര്‍ പറഞ്ഞു ഇക്കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പില്‍ കെജ്‌രിവാളിന്റെ പാര്‍ട്ടിക്കുവേണ്ടിയാണ് തങ്ങളെല്ലാം രാപകല്‍ അധ്വാനിച്ചതെന്ന്. കലാപത്തിനുശേഷം തങ്ങള്‍ക്കു മനസ്സിലായി തങ്ങള്‍ വഞ്ചിക്കപ്പെടുകയായിരുന്നുവെന്നും. ഏറ്റവുമൊടുവില്‍ കിട്ടിയ വിവരമനുസരിച്ച്, കലാപബാധിതപ്രദേശങ്ങളില്‍നിന്ന് എണ്ണമറ്റ മുസ്‌ലിം ചെറുപ്പക്കാരെ പൊലിസ് പിടിച്ചുകൊണ്ടുപോയിരിക്കയാണ്. യു.എസ് പ്രസിഡന്റ് ട്രംപിന്റെ സന്ദര്‍ശനവേളയില്‍ പൗരത്വസമരത്തിന് ലോകശ്രദ്ധ പിടിച്ചുപറ്റാന്‍ മുസ്‌ലിംകള്‍ ആസൂത്രണം ചെയ്തതാണ് ഡല്‍ഹി കലാപമെന്ന് വരുത്തിത്തീര്‍ക്കാനുള്ള ശ്രമത്തിലാണ് മോദി ഭരണകൂടം.

ലക്ഷ്യമിട്ടത് പുതുതലമുറയെ


അമിത് ഷാ കൊണ്ടുവന്ന പൗരത്വനിയമ ഭേദഗതിക്കെതിരേ ലോകം ശ്രദ്ധിക്കുന്ന പ്രക്ഷോഭമുഖങ്ങള്‍ തുറന്നിട്ടത് വിദ്യാര്‍ഥികളും സ്ത്രീജനങ്ങളുമായിരുന്നു. ഷഹീന്‍ബാഗ് എന്ന അപൂര്‍വ കൂട്ടായ്മകള്‍ ആഗോളശ്രദ്ധ പിടിച്ചുപറ്റിയത് ഹിന്ദുത്വവാദികളുടെ ഉറക്കംകെടുത്തി. ഡല്‍ഹിയില്‍ സംഘ്പരിവാര്‍ തെരുവോരങ്ങളെ യുദ്ധക്കളമാക്കിയിട്ടും പ്രക്ഷോഭകര്‍ തിരിച്ചുപോവാതെ പിടിച്ചുനിന്നെങ്കിലും കൊവിഡിന്റെ മറവില്‍ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചും കര്‍ഫ്യൂ നടപ്പാക്കിയും സമരക്കാരെ ആട്ടിയോടിക്കുകയായിരുന്നു. അതോടെയാണ് വര്‍ഗീയകലാപത്തിന് പ്രേരിപ്പിക്കുകയോ നേതൃത്വം നല്‍കുകയോ ചെയ്ത ഒരാളെപോലും നിയമത്തിനു മുന്നില്‍ കൊണ്ടുവരാതെ, ഇരകളെ വേട്ടയാടാന്‍ പദ്ധതികളാവിഷ്‌കരിച്ചത്. കപില്‍ മിശ്രയുടെ പേരില്‍ എഫ്.ഐ.ആര്‍ ഫയല്‍ചെയ്യാന്‍ 'സമയമായിട്ടില്ല'എന്നാണ് പൊലിസ് കോടതിയെ അറിയിച്ചത്. അതേസമയം, മാര്‍ച്ച് ആറിന് ഫയല്‍ ചെയ്ത 59 / 2020 എഫ്.ഐ.ആര്‍ പ്രകാരം ആക്ടിവിസ്റ്റുകളായ ഉമര്‍ ഖാലിദിനും മുഹമ്മദ് ഡാനിഷിനും എതിരേ കേസെടുത്തു. തുടര്‍ന്നങ്ങോട്ട് കേസിന്റെ വല നീട്ടിയെറിയുകയായിരുന്നു. രാഷ്ട്രീയ ജനതാദള്‍ യൂത്ത് വിങ് പ്രസിഡന്റ മീരാന്‍ ഹൈദര്‍, ജാമിഅ പൗരത്വപ്രക്ഷോഭ ഏകോപന സമിതി മീഡിയ കോഓര്‍ഡിനേറ്റര്‍ സഫൂറ സര്‍ഗാര്‍, അലൂംനി അസോസിയേഷന്‍ ജാമിഅ മില്ലിയ പ്രസിഡന്റ് ശിഹാഉറഹ്മാന്‍ തുടങ്ങി അമ്പതോളം പേര്‍ക്കെതിരേ ഡല്‍ഹി പൊലിസിലെ സ്‌പെഷല്‍ സെല്‍ നോട്ടിസ് നല്‍കി.


മീരാന്‍, സഫൂറ, റഹ്മാന്‍ എന്നിവരെ ഉടന്‍ അറസ്റ്റ് ചെയ്തു ജയിലിലടക്കാന്‍ പൊലിസ് കാണിച്ച ആവേശം കേട്ടുകേള്‍വിയില്ലാത്തതാണ്. തിഹാര്‍ ജയിലില്‍ നോമ്പ്കാലത്ത് ഏകാന്തതടവില്‍ അടക്കപ്പെട്ട സഫൂറയുടെ കഥ മാധ്യമശ്രദ്ധ നേടിയത് അവള്‍ മൂന്ന് മാസം ഗര്‍ഭിണിയാണ് എന്നതുകൊണ്ട് കൂടിയാണ്. ഏപ്രില്‍ 10നാണ് വടക്കുകിഴക്കന്‍ ഡല്‍ഹി പൊലിസ് സഫൂറയെ അറസ്റ്റ് ചെയ്യുന്നത്. ഫെബ്രുവരി 22ന് ജഅഫറാബാദ് മെട്രോ സ്റ്റേഷന് സമീപം പൗരത്വ നിയമ ഭേദഗതിക്കെതിരേ പ്രതിഷേധിക്കാന്‍ സമരക്കാരെ പ്രേരിപ്പിച്ചുവെന്നും ഗവണ്‍മെന്റിനും പൊലിസിനും എതിരേ പ്രസംഗിച്ച് പ്രക്ഷുബ്ധാവസ്ഥ സൃഷ്ടിക്കാന്‍ ശ്രമിച്ചുവെന്നുമാണ് അവരുടെമേല്‍ ചുമത്തിയ കുറ്റം. എന്നാല്‍, എഫ്.ഐ.ആറില്‍ പറയുന്ന 14പേരില്‍ സഫൂറയുടെ പേരുണ്ടായിരുന്നില്ല. ഏപ്രില്‍ 13ന് മജിസ്‌ട്രേറ്റ് കോടതി അവര്‍ക്ക് ജാമ്യമനുവദിച്ചിരുന്നു. എന്നാല്‍ സഫൂറയെ വീണ്ടും അറസ്റ്റ് ചെയ്തു ജയിലിലടച്ചു. കോടതി ജാമ്യം നിഷേധിക്കുകയും ചെയ്തു. അപ്പോള്‍ ഏത് സമയവും ആരേയും അറസ്റ്റ് ചെയ്തു ജയിലലടക്കാനുള്ള പാകത്താല്‍ തയാറാക്കിയ എഫ്.ഐ.ആര്‍ പൊലിസിന്റെ കൈയില്‍ ബ്ലാങ്ക് ചെക്കായി മാറിയിരിക്കുകയാണ്. എന്നാല്‍ മാര്‍ച്ച് ആറിന്റെ എഫ്.ഐ.ആറിലും സഫൂറയുടെ പേരുണ്ടായിരുന്നില്ല. ഉമര്‍ ഖാലിദിന്റെയും മുഹമ്മദ് ഡാനിഷിന്റെയും പേര് മാത്രമേ ഉണ്ടായിരുന്നുള്ളൂ.


ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ പല വകുപ്പുകള്‍ ചേര്‍ത്ത് തയാറാക്കിയ എഫ്.ഐ.ആറ് കൊണ്ട് തൃപ്തി വരാത്ത ഡല്‍ഹി പൊലിസ് സ്‌പെഷല്‍ സെല്‍ ഒടുവില്‍ ഭീകരവിരുദ്ധ നിയമമായ യു.എ.പി.എ ചുമത്തി എണ്ണമറ്റ വിദ്യാര്‍ഥികളെ വേട്ടയാടാന്‍ തുടങ്ങി. ഉമര്‍ ഖാലിദ് ഇപ്പോഴും പിടികൊടുത്തില്ലെങ്കിലും സഫൂറയുടെയും മീരാന്‍ ഹൈദരിന്റെയും അനുഭവങ്ങള്‍ ആഗോളമീഡിയയുടെ പോലും ശ്രദ്ധ നേടിയെടുത്തിരിക്കയാണ്. കശ്മിരില്‍നിന്നുള്ള ഈ യുവതി നേരിട്ട അനുഭവം, താഴ്‌വരയില്‍ മാത്രമല്ല, എവിടെയായാലും ഞെരിഞ്ഞമരേണ്ടതാണ് കശ്മിരികളുടെ ശബ്ദമെന്ന ക്രൂര കാഴ്ചപ്പാടിന്റെ ദൃഷ്ടാന്തം കൂടിയാണ്.
യു.എ.പി.എ ചുമത്തപ്പെട്ടതോടെ, പ്രതിയെ 30 ദിവസം പൊലിസ് കസ്റ്റഡിയില്‍ വെക്കാന്‍ നിയമം അനുവദിക്കുന്നുണ്ട്. 180 ദിവസത്തിനുള്ളില്‍ കുറ്റപത്രം സമര്‍പ്പിച്ചാല്‍ മതി.
ഒരു ഗര്‍ഭിണിയെ ഏകാന്തതടവിലിട്ട് എത്ര കണ്ട് പീഡിപ്പിക്കാന്‍ പറ്റുമോ അത്രക്കും പീഡിപ്പിച്ചേ അടങ്ങൂ എന്ന വാശിയിലാണ് ഹിന്ദുത്വ സര്‍ക്കാര്‍. പ്രക്ഷോഭമുഖത്ത് മാധ്യമ ഏകോപനത്തിന്റെ ചുമതലയേറ്റെടുത്തതിന്റെ പേരിലാണ് ഈ യുവതി ഇമ്മട്ടില്‍ ശിക്ഷിക്കപ്പെടുന്നതെന്നും ജാമിഅ മില്ലിയയില്‍നിന്ന് 22 കി.മീറ്റര്‍ അകലെയുള്ള ജഅഫറാബാദില്‍ അവര്‍ പോയിട്ടുപോലുമില്ല എന്ന സത്യം പൊലിസ് മനപ്പൂര്‍വം തള്ളിക്കളയുകയുമാണ്. സംഘ്പരിവാര്‍ ഗുണ്ടകള്‍ തലങ്ങും വിലങ്ങും മര്‍ദിച്ച് അവശനായ ഒരു പാവം മനുഷ്യന്‍ മരണമുഖത്ത് ഒരിറ്റ് വെള്ളത്തിന് ചോദിച്ചപ്പോള്‍ , ജയ് ശ്രീറാം വിളിക്കാന്‍ ആജ്ഞാപിച്ച മതഭ്രാന്ത് മൂത്ത ഡല്‍ഹി പൊലിസില്‍നിന്ന് എന്ത് നീതിയാണ് പ്രതീക്ഷിക്കാനുള്ളത്?

ചെറുവിരല്‍ അനക്കാതെ മതേതര ചേരി


കൊവിഡ് മഹാമാരി ഇന്ത്യയില്‍ അടിയന്തരാവസ്ഥക്ക് സമാനമായ അധികാര ദുര്‍വിനിയോഗത്തിന് അവസരമൊരുക്കിക്കൊടുത്തു. ലോക്ക് ഡൗണിന്റെയും കര്‍ഫ്യൂവിന്റെയും മറവില്‍ വടക്കുകിഴക്കന്‍ ഡല്‍ഹിയുടെ ഉള്‍ഭാഗങ്ങളിലും ഗലികളിലും നടക്കുന്നതൊന്നും പുറംലോകം അറിയാത്ത ഭീകരാവസ്ഥ. കലാപത്തിന്റെ ഇരകള്‍ മുഴുപ്പട്ടിണിയിലാണത്രെ. ജീവകാരുണ്യ പ്രവര്‍ത്തനങ്ങളിലേര്‍പ്പെട്ടവര്‍ക്ക് പോലും ഭക്ഷണസാധനങ്ങള്‍ പോലും എത്തിച്ചുകൊടുക്കാന്‍ പറ്റാത്ത ഭീതിദാവസ്ഥ. കെജ്‌രിവാള്‍ സര്‍ക്കാരിന്റെ ഹിന്ദുത്വ ആഭിമുഖ്യ നിലപാട് ന്യൂനപക്ഷങ്ങളുടെ സര്‍വ പ്രതീക്ഷകളും തകര്‍ത്തു. കോണ്‍ഗ്രസ് അടക്കമുള്ള പ്രതിപക്ഷപാര്‍ട്ടികള്‍ അവരുടെ മൂക്കിനു മുന്നില്‍ നടക്കുന്ന കിരാത നടപടികള്‍ക്കെതിരേ ഒരക്ഷരം ഉരിയാടാന്‍ ഇതുവരെ തയാറല്ല എന്നത് ഭരണകൂട ഭീകരതക്ക് വളമിട്ടുകൊടുക്കുന്നു. പ്രത്യാഘാതം ഭയന്ന് മുസ്‌ലിം നേതാക്കള്‍ പോലും ചകിതരാണ്.
തബ്‌ലീഗ് ജമാഅത്തുമായി ബന്ധപ്പെട്ട് ഉയര്‍ന്ന കൊവിഡ് വിവാദം ആഗോളതലത്തില്‍ ഇന്ത്യയുടെ പ്രതിച്ഛായക്ക് കനത്ത പോറലേല്‍പിച്ചിട്ടും വിദ്വേഷത്തിന്റെ രാഷ്ട്രീയം കൈയൊഴിയാന്‍ ആര്‍.എസ്.എസ് നേതൃത്വം ഇതുവരെ തയാറായിട്ടില്ല. മതസ്വാതന്ത്ര്യത്തിന്റെ കാര്യത്തില്‍ യു.എസ് കമ്മിഷന്‍ ഇന്ത്യയെ കരിമ്പട്ടികയില്‍ പെടുത്തിയിട്ടും തങ്ങളുടെ നയനിലപാടുകളിലും ന്യൂനപക്ഷങ്ങളോടുള്ള പെരുമാറ്റത്തിലും മാറ്റം വരുത്താന്‍ ബി.ജെ.പി സര്‍ക്കാരിന് ഉദ്ദേശ്യമില്ല എന്ന് തന്നെയാണ് ഡല്‍ഹി അനുഭവങ്ങള്‍ വിളിച്ചുപറയുന്നത്. പൂര്‍ണമായ വര്‍ഗീയ ധ്രുവീകരണത്തിനും അതുവഴിയുള്ള സാമുദായിക സംഘര്‍ഷങ്ങള്‍ക്കും പോംവഴി തേടുകയാണ് അമിത്ഷായുടെ കീഴില്‍ ആഭ്യന്തര വകുപ്പ്. ഇതിനെതിരേ മതേതര ചേരിയില്‍നിന്ന് ശക്തമായ ചെറുത്തുനില്‍പ് ഉണ്ടാവുന്നില്ല എന്നതാണ് ഏറ്റവും ഖേദകരമായ വസ്തുത. മുസ്‌ലിം സംഘടനകളും കൂട്ടായ്മകളും ഉയര്‍ത്തുന്ന ഏത് ശബ്ദവും കൂടുതല്‍ വര്‍ഗീയവ്യാപനത്തിന് വഴിവെക്കുമെന്ന യാഥാര്‍ഥ്യം മനസ്സിലാക്കാത്തവരല്ല ബി.ജെ.പിയുടെ മറുപക്ഷത്ത് നിലയുറപ്പിച്ചവര്‍. അതിനുള്ള ഇച്ഛാശക്തി നഷ്ടപ്പെട്ടതാണ് സംഘ്പരിവാറിന് കുത്സിത അജന്‍ഡകളുമായി മുന്നോട്ടുപോവാന്‍ ധൈര്യം പകരുന്നത്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വിരട്ടലും, വിലപേശലും വേണ്ട, ഇത് പാര്‍ട്ടി വേറെയാണ്; അന്‍വറിന്റെ വീടിന് മുന്നില്‍ ഫഌക്‌സ് ബോര്‍ഡ്

Kerala
  •  3 months ago
No Image

ബംഗാളും ത്രിപുരയും ഓര്‍മിപ്പിച്ച് പോരാളി ഷാജി; അന്‍വറിന്റെ വിമര്‍ശനങ്ങള്‍ക്ക് പിന്നാലെ ഫേസ്ബുക്ക് പോസ്റ്റ്

Kerala
  •  3 months ago
No Image

സ്റ്റുഡന്റ് പൊലിസ് കേഡറ്റായ വിദ്യാഥിനിയെ പീഡിപ്പിച്ച എസ്.ഐ അറസ്റ്റില്‍

Kerala
  •  3 months ago
No Image

വെടിനിര്‍ത്തലിനില്ല, യുഎസിനെ തള്ളി ഇസ്രാഈല്‍; ചോരക്കൊതി തീരാതെ നെതന്യാഹു

International
  •  3 months ago
No Image

'കോടിയേരിയുടെ സംസ്‌കാരം നേരത്തെയാക്കിയത് മുഖ്യമന്ത്രിയുടെയും കുടുംബത്തിന്റെയും വിദേശയാത്രക്ക് വേണ്ടിയെന്ന് ഒരു സഖാവ് പറഞ്ഞു': പിവി അന്‍വര്‍ എംഎല്‍എ

Kerala
  •  3 months ago
No Image

അന്‍വറിന്റെ തുറന്നുപറച്ചില്‍; മുഖ്യമന്ത്രിയുടെ രാജിക്കായി പ്രക്ഷോഭത്തിനൊരുങ്ങി യുഡിഎഫ്

Kerala
  •  3 months ago
No Image

ഇടത് എം.എല്‍.എയെന്ന പരിഗണന ഇനിയില്ല; അന്‍വറിനെ പ്രതിരോധിക്കാന്‍ സിപിഎം

Kerala
  •  3 months ago
No Image

നാട്ടിലേക്ക് യാത്ര പുറപ്പെട്ട മലയാളി യുവാവ് എയര്‍പോര്‍ട്ടിലേക്കുള്ള യാത്രക്കിടെ മരണപ്പെട്ടു

Saudi-arabia
  •  3 months ago
No Image

ഹൂതികള്‍ക്ക് റഷ്യയുടെ സൂപ്പര്‍സോണിക് മിസൈലുകള്‍; ചെങ്കടലിലെ പടിഞ്ഞാറന്‍ കപ്പലുകള്‍ക്ക് മിസൈലുകള്‍ ഭീഷണിയാകും

International
  •  3 months ago
No Image

'ജനങ്ങളോട് നേരിട്ട് കാര്യങ്ങള്‍ വിശദീകരിക്കാനുണ്ട്'; ഞായറാഴ്ച നിലമ്പൂരില്‍ പൊതുസമ്മേളനം വിളിച്ച് അന്‍വര്‍

latest
  •  3 months ago