ലോക്ക് ഡൗണിലെ 'സുപ്രഭാത' വിജയം
കൊവിഡ് ഭീതി നിറഞ്ഞു നില്‍ക്കുന്ന ഇക്കാലത്ത്, കൊവിഡ് നിയന്ത്രണത്തിലായില്ലെന്ന തിരിച്ചറിവില്‍ ലോക്ക് ഡൗണ്‍ വീണ്ടും നീട്ടാന്‍ ഭരണകൂടം നിര്‍ബന്ധിതമായിരിക്കുന്ന ഇക്കാലത്ത് ആഹ്ലാദം, സന്തോഷം, വിജയം തുടങ്ങിയ വാക്കുകള്‍ ഉപയോഗിക്കുന്നത് ശരിയല്ലെന്നറിയാം. എങ്കിലും, രാജ്യത്തെ മുഴുവന്‍ നിശ്ചലമാക്കി നാല്‍പതു നാള്‍ നീണ്ടു നിന്ന സമ്പൂര്‍ണ്ണ ലോക്ക് ഡൗണിന് ഭാഗികമായെങ്കിലും ഇളവുവരുന്ന അവസരത്തില്‍ ഒത്തിരി അഭിമാനത്തോടെ ആ വാക്കുകള്‍ തന്നെ ഇവിടെ പ്രയോഗിക്കട്ടെ. ഈ ലോക്ക് ഡൗണ്‍ ദിനങ്ങള്‍ 'സുപ്രഭാത' സാരഥികള്‍ക്കും പ്രവര്‍ത്തകര്‍ക്കും ബന്ധുക്കള്‍ക്കും വിജയകാലം കൂടിയാണ്. 'വര്‍ക്ക് അറ്റ് എനിവേര്‍' എന്ന സുപ്രഭാതം എഡിറ്റോറിയല്‍ ടീമിന്റെ സ്വപ്നം സമ്പൂര്‍ണ്ണവിജയമായ നാളുകള്‍.
ലോക്ക് ഡൗണ്‍ കാലം എല്ലാ തൊഴില്‍മേഖലയില്‍പ്പെട്ടവര്‍ക്കും വെല്ലുവിളി നിറഞ്ഞതാണ് എന്നതു യാഥാര്‍ഥ്യം. പത്രക്കടലാസിന്റെയും മറ്റ് അച്ചടിസാമഗ്രികളുടെയും ലഭ്യതക്കുറവ്, പരസ്യമില്ലായ്മ സൃഷ്ടിച്ച കടുത്ത സാമ്പത്തിക വെല്ലുവിളി എന്നിവ മറ്റു മാധ്യമസ്ഥാപനങ്ങള്‍ക്കെന്ന പോലെ സുപ്രഭാതത്തിനും പ്രതിസന്ധി സൃഷ്ടിച്ചിട്ടുണ്ട്.
എന്നാല്‍, സുപ്രഭാതം എഡിറ്റോറിയല്‍ വിഭാഗത്തെ സംബന്ധിച്ചിടത്തോളം ഈ ദിനങ്ങളില്‍, ദീര്‍ഘകാലമായി നടപ്പാക്കണമെന്നാഗ്രഹിച്ച വലിയൊരു പരീക്ഷണത്തിന്റെ സമ്പൂര്‍ണ്ണ വിജയം കൈവരിക്കാനായി.
വര്‍ക്ക് അറ്റ് ഹോം (വീട്ടിലിരുന്നു ജോലിചെയ്യല്‍ ) എന്നതായിരുന്നില്ല വര്‍ക്ക് എനിവേര്‍ (ഏതിടവും തൊഴിലിടം) എന്നതായിരുന്നു 2014 സെപ്റ്റംബര്‍ ഒന്നിനു പിറവിയെടുക്കുന്ന കാലത്ത് സുപ്രഭാതം എഡിറ്റോറിയല്‍ ടീമിന്റെ മനസ്സിലെ സ്വപ്നം. അതൊരു അതിമോഹമല്ലേ എന്ന സംശയം പ്രകടിപ്പിക്കാതെ സുപ്രഭാതം മാനേജ്‌മെന്റും ഒപ്പം നിന്നു. അല്‍പ്പം ചെലവേറിയതെങ്കിലും എഡിറ്റോറിയല്‍ മാനേജ്‌മെന്റ് ഓണ്‍ലൈന്‍ സോഫ്റ്റ്‌വെയര്‍ ഒരുക്കിത്തന്നു.
വാര്‍ത്ത കവര്‍ ചെയ്ത് ഓഫിസില്‍ പോകാതെ സംഭവസ്ഥലത്തു വച്ചുതന്നെ പ്രാദേശിക ലേഖകന്മാരടക്കമുള്ളവര്‍ക്ക് ലാപ്‌ടോപ്പില്‍ എഡിറ്റോറിയല്‍ മാനേജ്‌മെന്റ് സോഫ്റ്റ്‌വെയറിലൂടെ വാര്‍ത്തയും പടങ്ങളും അയയ്ക്കാന്‍ കഴിയുമെന്നതാണ് ഇതിന്റെ പ്രത്യേകത. കോപ്പി എഡിറ്റര്‍മാര്‍ക്കും പേജ് എഡിറ്റര്‍മാര്‍ക്കും ലാപ്‌ടോപ്പുണ്ടെങ്കില്‍ അവര്‍ എവിടെയായാലും എഡിറ്റ് ചെയ്ത് പേജ് രൂപകല്‍പ്പന നടത്താനുമാകും. ജോലി ചെയ്യാന്‍ ഓഫിസ് മുറി ആവശ്യമില്ല!
പ്രാരംഭദിനം മുതല്‍ ഇതു നടപ്പാക്കി പത്രപ്രവര്‍ത്തന ചരിത്രത്തില്‍ റെക്കോര്‍ഡ് സൃഷ്ടിക്കണമെന്നായിരുന്നു സുപ്രഭാതം എഡിറ്റോറിയല്‍ ടീമിന്റെ മോഹമെങ്കിലും ചില സാങ്കേതിക പ്രയാസങ്ങളാല്‍ അതു പ്രാവര്‍ത്തികമാക്കാനായില്ല. ലാപ്‌ടോപ്പോ നെറ്റ്ബുക്കോ സ്വന്തമാക്കല്‍ പല പ്രാദേശികലേഖകര്‍ക്കും എളുപ്പമായിരുന്നില്ല. ലാപ്‌ടോപ്പ് താങ്ങി നടക്കലിന്റെ പ്രയാസവും പലരും പറഞ്ഞു.
അങ്ങനെയാണ് ഇതേ സംവിധാനം മൊബൈലില്‍ പ്രായോഗികമാക്കുന്നതിനുള്ള ശ്രമം നടത്തിയത്. ഒടുവില്‍, അതും സഫലമായി.
കംപ്യൂട്ടറില്‍ ഉപയോഗിക്കുന്ന എഡിറ്റോറിയല്‍ മാനേജ്‌മെന്റ് സിസ്റ്റം മൊബൈല്‍ ആപ്പാക്കി. എത്രയോ നാളായി ജില്ലാലേഖകന്മാരും പ്രാദേശിക ലേഖകന്മാരും മൊബൈലില്‍ ഈ ആപ്പിലൂടെയാണ് വാര്‍ത്തയെഴുതി അയയ്ക്കുന്നത്. പല ഫോട്ടോഗ്രാഫര്‍മാരും മൊബൈലില്‍ ഫോട്ടോയെടുത്ത് ഈ ആപ്പു വഴിയാണ് അയയ്ക്കുന്നത്.
അപ്പോഴും ആ സ്വപ്നം സഫലമാകാതെ നില്‍ക്കുകയായിരുന്നു, ബ്യൂറോകളും യൂണിറ്റ് ഡെസ്‌ക്കുകളുമെല്ലാം അടച്ചിട്ട് മെയിന്‍ ഡെസ്‌ക്കിലുള്ളവരുള്‍പ്പെടെ വീട്ടിലിരുന്ന് ജോലി ചെയ്ത് പത്രമിറക്കുന്ന സുദിനം! അതു പക്ഷേ, ഒരു കാരണവുമില്ലെങ്കിലും നടക്കാതെ പോയി.
അതിനിടയിലാണ് ലോകം മുഴുവന്‍ ഭീതി പരത്തി മിന്നല്‍വേഗത്തില്‍ കൊവിഡ് പടരുന്നത്. ലോക്ക് ഡൗണിനെക്കുറിച്ചു സര്‍ക്കാര്‍ ചിന്തിക്കുന്നതിനു മുമ്പു തന്നെ ഓഫിസില്‍ ഇരുന്നു ജോലി ചെയ്യല്‍ ഭാവിയില്‍ അസാധ്യമായേക്കാമെന്നു ഞങ്ങള്‍ ചിന്തിച്ചു; പുതിയ സംവിധാനം സഹായകമാകുമെന്ന് ആശ്വസിച്ചു.
ലാപ്‌ടോപ്പില്‍ പേജ് രൂപകല്‍പ്പന എളുപ്പമാകുമോ എന്നതു മാത്രമായിരുന്നു ആശങ്ക. അടുത്ത രണ്ടുദിവസങ്ങളില്‍ ഒരു സബ് എഡിറ്ററെ വീട്ടിലിരുത്തി ലാപ്‌ടോപ്പില്‍ പേജ് സംവിധാനം നടത്തിച്ചു. സമ്പൂര്‍ണ്ണവിജയമായിരുന്നു.
ആ ആശ്വാസ നിമിഷത്തിനിടയിലാണ് ലോക്ക് ഡൗണ്‍ പ്രഖ്യാപനം. അപ്പോള്‍ത്തന്നെ എല്ലാവര്‍ക്കും വീട്ടിലിരുന്നു ജോലി ചെയ്യാനുള്ള നിര്‍ദേശം മാനേജ്‌മെന്റിന്റെ അനുമതിയോടെ നല്‍കി.
സ്വന്തമായി ലാപ്‌ടോപ്പോ ഡെസ്‌ക്‌ടോപ്പോ ഇല്ലാത്തവര്‍ക്ക് സ്ഥാപനത്തിലെ ലാപ്‌ടോപ്പുകളും ഡെസ്‌ക്‌ടോപ്പുകളും നല്‍കി. നെറ്റ്‌വര്‍ക്ക് ലഭ്യത പ്രശ്‌നവും ഇടയ്ക്കിടെ വൈദ്യുതി മുടങ്ങല്‍ പ്രശ്‌നവും മൂലം വീട്ടിലിരുന്നു ജോലി ചെയ്യാനുള്ള പ്രയാസമറിയിച്ച വളരെക്കുറച്ചു പേര്‍ക്ക് മാത്രം ഓഫിസിലിരുന്നു പ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കി.
നാല്‍പ്പതു ദിവസം പൂര്‍ത്തിയായ ഈ കൊവിഡ് ലോക്ക് ഡൗണ്‍ കാലം മുഴുവന്‍ സുപ്രഭാതം എഡിറ്റോറിയല്‍ ടീം വീട്ടിലിരുന്നാണ് ജോലി ചെയ്തത്. ഈ 'വീണ്ടുവിചാരം' കുറിപ്പെഴുത്തുപോലും ഒരു അവധിക്കാല വസതിയില്‍ തനിച്ചിരുന്നാണ്.
ഭീതിയും മരണവും വിതച്ചുകൊണ്ട് കൊവിഡ് ഈ ലോകത്ത് നിറഞ്ഞു നില്‍പ്പുണ്ടെങ്കിലും ലോക്ക് ഡൗണ്‍ കാലത്തെ ഈ 'സുപ്രഭാതവിജയ'ത്തില്‍ തീര്‍ച്ചയായും സുപ്രഭാത ബന്ധുക്കള്‍ക്ക് ആഹ്ലാദിക്കാതിരിക്കാന്‍ കഴിയില്ലല്ലോ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."