പ്രായമായവര്‍ക്കും രോഗികള്‍ക്കും പ്രത്യേക കരുതല്‍
തിരുവനന്തപുരം: പ്രായമായവര്‍ക്കും കിഡ്‌നിരോഗം, ഹൃദ്‌രോഗം, കാന്‍സര്‍ തുടങ്ങിയവയുള്ളവര്‍ക്കും പ്രത്യേക കരുതല്‍ ഉറപ്പാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. വീട്ടുകാരെ ബോധവല്‍കരിക്കുന്നതിനൊപ്പം ആരോഗ്യപ്രവര്‍ത്തകരുടെ ഗൃഹസന്ദര്‍ശനവും ഉറപ്പാക്കും. അതിനായി പ്രാദേശിക സമിതികള്‍ രൂപീകരിക്കും. അതിന്റെ ഭാഗമായി എല്ലാ വാര്‍ഡുകളിലും മോണിറ്ററിങ് സമിതിയുമുണ്ടാക്കും.
റസിഡന്റ്‌സ് അസോസിയേഷന്‍ ഉണ്ടെങ്കില്‍ അതിന്റെ പ്രതിനിധി, അല്ലെങ്കില്‍ നാട്ടുകാരുടെ രണ്ടു പ്രതിനിധികള്‍, വാര്‍ഡ് മെമ്പര്‍, കൗണ്‍സിലര്‍, എസ്.ഐ, വില്ലേജ് ഓഫിസര്‍ അല്ലെങ്കില്‍ പ്രതിനിധി, ചാര്‍ജുള്ള തദ്ദേശസമിതി ഉദ്യോഗസ്ഥന്‍, സന്നദ്ധപ്രവര്‍ത്തകരുടെ പ്രതിനിധി, അങ്കണവാടി ഉണ്ടെങ്കില്‍ അതിലെ ടീച്ചര്‍, കുടുംബശ്രീയുടെ ഒരു പ്രതിനിധി, പെന്‍ഷനേഴ്‌സ് യൂണിയന്റെ പ്രതിനിധി, വാര്‍ഡിലെ ആശാ വര്‍ക്കര്‍ എന്നിവരായിരിക്കും സമിതിയില്‍. ഇവര്‍ വീടുകളുമായി ബന്ധപ്പെട്ട് പ്രായമായവരുടെയും രോഗമുള്ളവരുടെയും കാര്യത്തില്‍ പ്രത്യേക കരുതല്‍ ഉറപ്പാക്കും.
വിദേശത്തു നിന്നും മറ്റു സംസ്ഥാനങ്ങളില്‍ നിന്നും തിരിച്ചുവന്ന് നിരീക്ഷണത്തില്‍ കഴിയുന്നവരുടെ കാര്യത്തിലും മോണിറ്ററിങ് സമിതിയുടെ ശ്രദ്ധയുണ്ടാകും. സ്വകാര്യ ആശുപത്രിയിലേതുള്‍പ്പെടെ ഡോക്ടര്‍മാരുടെ സേവനവും ഉറപ്പാക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."