തദ്ദേശ സ്ഥാപനങ്ങളുടെ പ്രളയാനന്തര സാങ്കേതിക പദ്ധതികള്‍ ഇഴഞ്ഞുനീങ്ങുന്നു
#അശ്‌റഫ് കൊണ്ടോട്ടി
കൊണ്ടോട്ടി: തദ്ദേശ സ്ഥാപനങ്ങളുടെ പ്രളയാനന്തര സാങ്കേതിക പദ്ധതികള്‍ ഇഴഞ്ഞുനീങ്ങുന്നു. പദ്ധതികളില്‍ ഇതുവരെ പൂര്‍ത്തീകരിച്ചത് 31.54 ശതമാനം മാത്രം പദ്ധതികള്‍.
തദ്ദേശ സ്ഥാപനങ്ങള്‍ക്ക് കീഴിലുള്ള കെട്ടിടങ്ങള്‍, അങ്കണവാടികള്‍, പാലങ്ങള്‍, റോഡുകള്‍, തോടുകളുടേയും കനാലുകളുടേയും കൈവരി കെട്ടല്‍ തുടങ്ങിയ സാങ്കേതിക പദ്ധതികള്‍ക്ക് 3,553.65 കോടിയുടെ പ്രവര്‍ത്തികളാണ് ഈ സാമ്പത്തിക വര്‍ഷം പൂര്‍ത്തിയാക്കേണ്ടിയിരുന്നത്. എന്നാല്‍, സാമ്പത്തിക വര്‍ഷത്തിന്റെ അവസാന മാസത്തിലേക്ക് കടന്നിട്ടും നിലവില്‍ ഇതുവരെ 1120.73 കോടികളുടെ പ്രവര്‍ത്തികള്‍ മാത്രമാണ് പൂര്‍ത്തിയാക്കിയത്. 2432.92 കോടി രൂപയുടെ പ്രവര്‍ത്തികള്‍ ഇനിയും വിനിയോഗിക്കാനുണ്ട്.
ആവശ്യമായ അസംസ്‌കൃത വസ്തുക്കള്‍ ലഭ്യമാവാത്തതാണ് പദ്ധതികളുടെ നടത്തിപ്പ് ഇഴയാന്‍ കാരണമെന്ന് ഉദ്യോഗസ്ഥര്‍ പറയുന്നു. കരിങ്കല്ല്, മെറ്റല്‍, എംസാന്റ്, റോഡുകള്‍ക്കുള്ള ടാര്‍ ഉള്‍പ്പെടെയുള്ള അസംസ്‌കൃത വസ്തുക്കള്‍ സമയബന്ധിതമായി ലഭിക്കുന്നില്ലെന്ന പരാതിയും വ്യാപകമാണ്. കഴിഞ്ഞ വര്‍ഷത്തെ സ്പില്‍ ഓവര്‍ പ്രവര്‍ത്തികള്‍ കൂടി ഉള്‍പ്പെടുത്തിയാണ് പദ്ധതികള്‍ ഈ വര്‍ഷം തയാറാക്കിയത്. സംസ്ഥാനത്ത് കഴിഞ്ഞ വര്‍ഷമുണ്ടായ പ്രളയത്തില്‍ തദ്ദേശ സ്ഥാപനങ്ങള്‍ക്ക് കീഴിലെ കെട്ടിടങ്ങള്‍ക്കും റോഡുകള്‍ക്കും കനത്ത നാശനഷ്ടമാണുണ്ടായത്. ഇവ വേഗത്തില്‍ പൂര്‍ത്തീകരിക്കാനാണ് ഫണ്ടുകള്‍ അനുവദിച്ചിരുന്നത്.
കൊല്ലം, പാലക്കാട് ജില്ലകളിലാണ് കൂടുതല്‍ പ്രവര്‍ത്തികള്‍ പൂര്‍ത്തീകരിച്ചത്. കൊല്ലത്ത് 37.01 ശതമാനവും പാലക്കാട് 37.05 ശതമാനവും പൂര്‍ത്തീകരിച്ചു. 26.49 ശതമാനം പ്രവര്‍ത്തികള്‍ മാത്രം പൂര്‍ത്തീകരിച്ച കോട്ടയം ജില്ലയാണ് ഏറ്റവും പിറകിലുള്ളത്. 187.98 കോടിയുടെ പ്രവര്‍ത്തികളില്‍ 49.80 കോടിയാണ് ഇതുവരെ കോട്ടയം ചെലവഴിച്ചത്. 28 ശതമാനം പൂര്‍ത്തീകരിച്ച തൃശൂര്‍, കോഴിക്കോട് ജില്ലകളും പിറകിലാണ്. 30.01 ശതമാനം പ്രവര്‍ത്തികള്‍ പൂര്‍ത്തീകരിച്ച തിരുവനന്തപുരം ജില്ല 139.46 കോടിയുടെ ഫണ്ടാണ് ചെലവഴിച്ചത്. കൂടുതല്‍ ഫണ്ട് വിനിയോഗിച്ച ജില്ലയും തിരുവനന്തപുരമാണ്.
പ്രവര്‍ത്തികളില്‍ 27.95 ശതമാനം പൂര്‍ത്തിയാക്കിയ ബ്ലോക്ക് പഞ്ചായത്തുകള്‍ മുന്നിലും, 5.87ശതമാനം പൂര്‍ത്തീകരിച്ച ജില്ലാപഞ്ചായത്തുകള്‍ ഏറ്റവും പിറകിലുമാണുള്ളത്. ഗ്രാമപഞ്ചായത്തുകള്‍ 22.98 ശതമാനവും നഗരസഭകള്‍ 19.67 ശതമാനവും കോര്‍പറേഷനുകള്‍ 12.94 ശതമാനവും പ്രവര്‍ത്തികള്‍ പൂര്‍ത്തീകരിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."