ഉരുള്‍പൊട്ടലും മണ്ണിടിച്ചിലും കോടഞ്ചേരിയില്‍ ഏഴു കോടിയിലേറെ
കോടഞ്ചേരി: കഴിഞ്ഞ ദിവസങ്ങളിലുണ്ടായ ഉരുള്‍പൊട്ടലുകളിലും കാലവര്‍ഷക്കെടുതികളിലുമായി പഞ്ചായത്തില്‍ ഏഴുകോടിയിലേറെ രൂപയുടെ നാശനഷ്ടമുണ്ടായതായി കണക്കാക്കുന്നു.
കൂരോട്ടുപാറ, നാരങ്ങാത്തോട്, നൂറാംതോട്, മഞ്ഞുമല എഴുപത്തിയെട്ട്, തേവര്‍വയല്‍, നിരന്നപാറ കരിങ്കല്‍ ക്വാറി എന്നിവിടങ്ങളില്‍ ഉണ്ടായ ഉരുള്‍പൊട്ടലിലും, മറ്റിടങ്ങളിലുണ്ടായ മണ്ണിടിച്ചിലിലും 70 ഹെക്ടര്‍ കൃഷി സ്ഥലം ഒലിച്ചുപോയി. കൃഷിസ്ഥലം ഒലിച്ചുപോയ സ്ഥലങ്ങളില്‍ പാറകള്‍ മാത്രമാണ് അവശേഷിക്കുന്നത്. ഈ സ്ഥലത്തിന്റെ കൂടി വില കണക്കാക്കിയായാല്‍ നഷ്ടം ഇരട്ടിയിലധികമാവും.
പഞ്ചായത്തിന്റെ കണക്കുപ്രകാരം 30 വീടുകള്‍ പൂര്‍ണമായും 93 വീടുകള്‍ ഭാഗികമായും തകര്‍ന്നു. ഒട്ടേറെ വീടുകള്‍ താമസയോഗ്യമല്ലാതായി. കണ്ണോത്ത് കളപ്പുറത്ത് പച്ചാനിയില്‍ അനൂപിന്റെ കോണ്‍ക്രീറ്റ് വീടും വീട്ടുപകരണങ്ങളും മുറ്റത്തുണ്ടായിരുന്ന വാഹനങ്ങളും ഉള്‍പ്പെടെ മണ്ണിടിച്ചിലില്‍ പൂര്‍ണമായും തകര്‍ന്നു. കൂരോട്ടുപാറ പൂക്കോട്ടില്‍ ജോണ്‍സന്റെ ഇരുനില കോണ്‍ക്രീറ്റ് വീടും പൂര്‍ണമായി തകര്‍ന്നിരുന്നു.
35 റോഡുകള്‍ ഒലിച്ചുപോയി. നൂറാംതോട്ടിലെ അമ്പലപ്പടി റോഡ് പൂര്‍ണമായി ഉരുള്‍പൊട്ടി ഒലിച്ചുപോയി. തേവര്‍വയല്‍ തേക്കുംതോട്ടം റോഡ്, കൂരോട്ടുപാറ പുളിയിലക്കാട്ടുപടി റോഡ് തുടങ്ങിയവ ഉരുള്‍പൊട്ടലില്‍ തകര്‍ന്നു. പ്രദേശങ്ങളിലെ നൂറുകണക്കിന് കര്‍ഷകരുടെ റബര്‍, തെങ്ങ്, കവുങ്ങ്, ജാതി, വാഴ, കപ്പ ഫലവൃക്ഷങ്ങള്‍, നിരവധി വന്‍ മരങ്ങള്‍ എന്നിവ വ്യാപകമായി നശിച്ചു. നെല്ലിപ്പൊയില്‍ സെന്റ് തോമസ് എല്‍.പി സ്‌കൂളിലെയും മറ്റു നിരവധി വീടുകളിലെയും കിണറുകളും ഉപോയോഗിക്കാനാകാത്തവിധം ഇടിഞ്ഞുതാണു. ശക്തമായ മലവെള്ളപ്പാച്ചിലില്‍ ഒന്‍പത് കലിങ്കുകളും തകര്‍ന്നു.
ചാലിപ്പുഴയിലെ ചെമ്പുകടവ്, പറപ്പറ്റ പാലങ്ങളില്‍ ശക്തമായ മലവെള്ള പാച്ചിലില്‍ വന്‍ മരങ്ങള്‍ തടഞ്ഞു നില്‍ക്കുന്നതും ഭീഷണി ഉയര്‍ത്തുന്നു. പതിനഞ്ചോളം വൈദ്യുതത്തൂണുകളും തകര്‍ന്നു. തുടര്‍ന്ന് ശക്തമായ മഴയില്‍ പഞ്ചായത്തിലെ താഴ്ന്ന സ്ഥലങ്ങളിലെല്ലാം വെള്ളം കയറി.
ഇതിനെ തുടര്‍ന്ന് മുപ്പതിലധികം വീടുകളില്‍ വെള്ളം കയറി. മിനാര്‍ ഗ്രൂപ്പിന്റെ പതങ്കയത്തെ പവര്‍ഹൗസും ശക്തമായ മണ്ണിടിച്ചിലില്‍ തകര്‍ന്നു. മൂന്ന് ജനറേറ്ററുകളും ചെളിവെള്ളത്തില്‍ മുങ്ങി. ഓഫിസ് മുറിയും മണ്ണിടിച്ചിലില്‍ തകര്‍ന്നിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."