കലക്ടറുടെ ഉത്തരവ് ലംഘിച്ച് ക്വാറികളുടെ പ്രവര്‍ത്തനം സജീവം
മുക്കം: ഉരുള്‍പൊട്ടലിന്റേയും ശക്തമായ കാലവര്‍ഷത്തിന്റേയും പശ്ചാത്തലത്തില്‍ മലയോര മേഖലയിലെ ക്വാറികളുടെ പ്രവര്‍ത്തനം താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കണമെന്ന ജില്ലാ കലക്ടറുടെ ഉത്തരവിന് പുല്ലുവില.
പ്രകൃതിയുടെ താണ്ഡവത്തില്‍ എല്ലാം നഷ്ടപ്പെട്ട വേദനയില്‍നിന്നും മലയോര മേഖലയിലെ ജനങ്ങള്‍ മുക്തരാകുന്നതിനു മുന്‍പ് തന്നെയാണ് യാതൊരു നിയന്ത്രണവുമില്ലാതെ ചില ക്വാറികള്‍ പ്രവര്‍ത്തിക്കുന്നത്. എത്ര ദുരന്തങ്ങളുണ്ടായാലും പ്രകൃതിയെ ചൂഷണം ചെയ്യുന്നത് തുടരുമെന്ന ധാര്‍ഷ്ട്യമാണ് ഇവര്‍ പ്രകടിപ്പിക്കുന്നതെന്ന് പരിസ്ഥിതി പ്രവര്‍ത്തകര്‍ പറയുന്നു.
പ്രാദേശിക ഭരണകൂടങ്ങളും രാഷ്ട്രീയ പാര്‍ട്ടികളും ഇതിന് മൗനാനുവാദം നല്‍കുന്നതിനാല്‍ നടപടികള്‍ ഉണ്ടാകുന്നില്ലെന്ന് നാട്ടുകാരും ചൂണ്ടിക്കാട്ടുന്നു. മലയോര മേഖലയില്‍ ക്വാറികളും ക്രഷറുകളും മൂലം അടിക്കടി ദുരന്തങ്ങള്‍ സംഭവിക്കുമ്പോഴും പക്ഷെ അധികൃതരാരും ഇത് ഇപ്പാഴും കണ്ടില്ലെന്ന് നടിക്കുന്നതിന്റെ ഉത്തമ ഉദാഹരണമാണ് കാരശേരി പഞ്ചായത്തിലെ തോണിച്ചാല്‍ നിവാസികളുടെ ജീവിതം.
ജനങ്ങളുടെ ജീവന് തന്നെ ഭീഷണിയായി ഒരു കരിങ്കല്‍ ക്വാറിയും ഒരു ചെങ്കല്‍ ക്വാറിയും ഇന്നിവിടെ പ്രവര്‍ത്തിക്കുന്നുണ്ട്. എല്ലാ നിയമങ്ങളും കാറ്റില്‍ പറത്തിയാണ് ഇവയുടെ പ്രവര്‍ത്തനം നടക്കുന്നത്. താമരശ്ശേരി കട്ടിപ്പാറ ഉരുള്‍പൊട്ടലിന്റെ പശ്ചാത്തലത്തില്‍ കാരശ്ശേരിയിലേത് ഉള്‍പ്പെടെ നാലുപഞ്ചായത്തിലെ ക്രഷറുകളുടെ പ്രവര്‍ത്തനം ജില്ലാ കലക്ടര്‍ തടഞ്ഞെങ്കിലും ഇതൊന്നും തങ്ങള്‍ക്ക് ബാധകമല്ലെന്ന തരത്തിലാണ് ഇവ ഇപ്പോഴും പ്രവര്‍ത്തിച്ച് കൊണ്ടിരിക്കുന്നത്.
വളരെ വീതി കുറഞ്ഞ പഞ്ചായത്ത് റോഡിലൂടെ ക്വാറി, ക്രഷര്‍ യൂനിറ്റുകളിലേക്ക് വലിയ വാഹനങ്ങള്‍ വരുന്നതോടെ പ്രദേശവാസികള്‍ക്ക് നടക്കാന്‍ പോലും പറ്റാതായി. പ്രദേശത്തെ വിദ്യാര്‍ഥികള്‍ സ്‌കൂളുകളില്‍ പോവുന്നതുപോലും ഭീതിയോടെയാണ്. നിരവധി വീട്ടുകാര്‍ കുളിക്കാനും കുടിക്കാനും ഉപയോഗിച്ചിരുന്ന തോട് കൈയേറി ക്വാറി മാഫിയ റോഡ് വീതി കൂട്ടിയതോടെ മഴക്കാലത്ത് ഒലിച്ചിറങ്ങുന്ന വെള്ളം റോഡിലും തൊട്ടടുത്ത പറമ്പുകളിലും നിറയുന്നു. ഈ തോടിന്റെ സൈഡ് കെട്ട് പലയിടത്തും ഇടിഞ്ഞതോടെ ഇനി എന്ത് ചെയ്യണമെന്നറിയാത്ത അവസ്ഥയിലാണ് നാട്ടുകാര്‍.
നാട്ടുകാര്‍ക്ക് സംരക്ഷണം നല്‍കേണ്ട പൊലിസ് ഉദ്യോഗസ്ഥര്‍ പോലും ക്വാറി മാഫിയക്ക് ഒത്താശ ചെയ്യുന്നതായും നാട്ടുകാര്‍ പറയുന്നു. ഇന്നലെ തകര്‍ന്ന റോഡ് നന്നാക്കണമെന്നാവശ്യപ്പെട്ട് പ്രതിഷേധിച്ച നാട്ടുകാരില്‍ രണ്ടുപേരെ പൊലിസ് കസ്റ്റഡിയിലെടുത്തിരുന്നു. ക്വാറി മുതലാളിമാര്‍ നല്‍കുന്ന ലിസ്റ്റനുസരിച്ചാണ് പൊലിസ് പ്രവര്‍ത്തിക്കുന്നതെന്നും ഇവര്‍ ആരോപിച്ചു.
മലയോര മേഖലയില്‍ പ്രവര്‍ത്തിക്കുന്ന മിക്ക ക്വാറികളുടേയും സമീപത്ത് താമസിക്കുന്ന ജനങ്ങളുടെ അവസ്ഥ ഏതാണ്ട് ഇങ്ങനെ തന്നെയാണ്. പൊലിസും ഭരണകൂടങ്ങളും ഉദ്യോഗസ്ഥരും ക്വാറി മാഫിയയ്ക്ക് ഓശാന പാടുമ്പോള്‍ ജനങ്ങള്‍ക്ക് ദുരിതം സഹിക്കുകയല്ലാതെ മറ്റു വഴികള്‍ ഇല്ലാതാവുന്നു. ദുരന്തങ്ങള്‍ സംഭവിക്കുമ്പോള്‍ മാത്രമാണ് പേരിനെങ്കിലും അധികാരികള്‍ നടപടിയെടുക്കുന്നതെന്നും നാട്ടുകാര്‍ പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."