റോഡ് നവീകരണം വൈകി കാല്‍നട പോലും ദുഷ്കരം
മാനന്തവാടി: റോഡ് നവീകരണ പ്രവര്‍ത്തികള്‍ യഥാസമയം പൂര്ത്തീകരിക്കാതായതോടെ കണിയാരം റോഡിലൂടെ കാല്‍നട യാത്ര പോലും ദുഷ്ക്കരമായി മാറി.
താമരശ്ശേരി ചുരത്തില്‍ ഗതാഗതം നിരോധിക്കുകയും ഇരിട്ടി-മാക്കൂട്ടം റോഡിലെ മാര്ഗ്ഗതടസവുമെല്ലാം ആയതോടെ വലിയ വാഹനങ്ങളടക്കം പതിവില്‍ കവിഞ്ഞ വാഹനങ്ങളാണ് ഇതുവഴി ദിവസേന ഓടുന്നത്. മഴയില്‍ ചെളി കൂടിയായതോടെ ഇരുചക്രവാഹനങ്ങളടക്കം അപകടത്തില്‍ പെടുന്നതും പതിവാണ്. മാനന്തവാടി ബോയിസ് ടൗണ്‍ ചന്ദനതോട് റോഡ് കഴിഞ്ഞ വര്‍ഷം ടാറിംഗ് നടത്തിയിരുന്നു. അതിനിടയില്‍ വാട്ടര്‍ അതോറിറ്റി പൈപ്പ് മാറ്റി കൊടുക്കാത്തതിനാല്‍ കണിയാരത്തെ ഇരുനൂറ് മീറ്റര്‍ ദൂരം ടാറിംഗ് നടക്കാതെയും പോയി. നാട്ടുകാരുടെ പ്രതിഷേധത്തെ തുടര്‍ന്ന് കഴിഞ്ഞ മാസം പണി തുടങ്ങിയെങ്കിലും ടാറിംഗ് പൂര്‍ത്തിയാക്കാന്‍ കരാറുകാരന് കഴിഞ്ഞുമില്ല. ഉയരം കുറക്കേണ്ടി വന്നതിനാല്‍ ജെ.സി.ബി ഉപയോഗിച്ച് റോഡ് താഴ്ത്തുകയും ചെയ്തു. കാലവര്‍ഷം ആരംഭിച്ചതോടെ റോഡിലൂടെ നടക്കാന്‍ പോലും പറ്റാത്ത അവസ്ഥയാണ്. റോഡിലെ കുണ്ടിലും കുഴിയിലും ചെളി നിറഞ്ഞതോടെ യാത്രകാര്‍ക്കും ഒപ്പം പ്രദേശവാസികള്‍ക്കും ഒരുപോലെ ദുരിതവുമായിരിക്കുകയാണ്. കാലവര്‍ഷം കനക്കുന്നതോടെ വീണ്ടും യാത്ര ക്ലേശം രൂക്ഷമാവുമെന്നുറപ്പാണ്. കരാറുകാരന് ക്വാറി വെയിസ്റ്റ് ഇട്ട് തല്കാലത്തേക്ക് റോഡ് ഗതാഗത യോഗ്യമാകുന്നതിനുള്ള നടപടി സ്വീകരിക്കുന്നുണ്ട്. എങ്കിലും കാലവര്‍ഷം കനത്താല്‍ റോഡിന്റെ സ്ഥിതി കൂടുതല്‍ ദയനീയമാവും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."