ആലംകോട് ഗവ. ഹയര്‍ സെക്കന്‍ഡറി മികവിന്റെ കേന്ദ്രമാകുന്നു
കല്ലമ്പലം: കരവാരം പഞ്ചായത്തിലെ ആലംകോട് ഗവ. വൊക്കേഷനല്‍ ആന്‍ഡ് ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ മികവിന്റെ കേന്ദ്രമായി ഉയരുന്നു. സ്കൂളിനു പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി പൊതുവിദ്യാഭ്യാസ വകുപ്പ് ഫണ്ടില്‍നിന്ന് 1.94 കോടി ചെലവഴിച്ച് നിര്‍മിച്ച ബഹുനില മന്ദിരം ഇന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന് നാടിനു സമര്‍പ്പിക്കും. ബി. സത്യന് എം.എല്‍.എ അധ്യക്ഷനാകും.
മൂന്നു നിലകളായി നിര്‍മിച്ച ആധുനിക സൗകര്യങ്ങളോടു കൂടിയ കെട്ടിടത്തില്‍ 12 ക്ലാസ് മുറികളും ഓഫിസും സജ്ജീകരിച്ചിട്ടുണ്ട്. സാധാരണക്കാരുടെ മക്കള്‍ അധ്യായനം നടത്തുന്ന ഈ പൊതുവിദ്യാലയം മികവിന്റെ കേന്ദ്രമായി ഉയരുന്നതോടെ മുഴുവന്‍ ക്ലാസ്മുറികളും ഹൈടെക് ആക്കും. പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി സ്കൂളിനു സര്‍ക്കാര്‍ ഒരുകോടി രൂപ കൂടി ഇപ്പോള്‍ അനുവദിച്ചിട്ടുണ്ട്. സ്കൂള്‍ പി.ടി.എ, പഞ്ചായത്ത് എന്നിവയുടെ അഭ്യര്‍ഥനയെ തുടര്‍ന്ന് ബി. സത്യന് എം.എല്‍.എ നടത്തിയ നിരന്തര ഇടപെടലുകളെ തുടര്‍ന്നാണു പുതിയ മന്ദിരത്തിന് 1.94 കോടിയും ഹൈടെക് പദ്ധതിക്കായി ഒരു കോടിയും സംസ്ഥാന സര്‍ക്കാര്‍ അനുവദിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."