തൊടുപുഴ നഗരസഭ ഇനി പുകയില വിരുദ്ധ മേഖല
തൊടുപുഴ: തൊടുപുഴ നഗരസഭയെ പുകയില വിരുദ്ധ മേഖലയായി പ്രഖ്യാപിച്ചു. 2003 ലെ കേന്ദ്ര നിയമമായ സിഗരറ്റ് ആന്റ് അദര്‍ ടുബാക്കോ പ്രൊഡക്ട്‌സ് ആക്ട് പ്രകാരം വിദ്യാലയങ്ങളില്‍ നിന്നും 100 വാര അകലെ (91.44 മീറ്റര്‍) യാതൊരുവിധ പുകയില ഉല്‍പന്നങ്ങളും വില്‍പന നടത്തുന്നത് പൂര്‍ണ്ണമായും നിരോധിച്ചിട്ടുണ്ട്. എന്നാല്‍ ഈ നിബന്ധന തൊടുപുഴയില്‍ പാലിക്കപ്പെടുന്നില്ല. ഇത് ശ്രദ്ധയില്‍പ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് കൂടുതല്‍ കര്‍ശന നിലപാട് സ്വീകരിക്കുവാന്‍ നഗരസഭ തിരുമാനിച്ചത്. ഇതിന്റെ അടിസ്ഥാനത്തില്‍ തൊടുപുഴയിലെ 35 വിദ്യാഭ്യാസ സ്ഥാപനങ്ങളുടേയും 100 വാര അകലം നിര്‍ണ്ണയിച്ച് പൊതുനിരത്തുകളില്‍ കോട്പ എഴുത്തോടുകൂടി മഞ്ഞവര രേഖപ്പെടുത്തി അതിര്‍ത്തി നിര്‍ണ്ണയിക്കും. ഈ പരിധിയില്‍ ഏതെങ്കിലും പുകയില ഉല്‍പന്നങ്ങള്‍ വില്‍പനക്ക് വയ്ക്കുന്ന സ്ഥാപനങ്ങള്‍ക്കെതിരെ നഗരസഭ, ആരോഗ്യം, പോലീസ്, എക്‌സൈസ്, വിദ്യാഭ്വാസം എന്നീ വകുപ്പുകള്‍ നിയമനടപടി സ്വീകരിക്കും.
കൂടാതെ ഈ സ്ഥാപനങ്ങളുടെ ലൈസന്‍സ് റദ്ദു ചെയ്യുകയും ചെയ്യും. മുതലക്കോടത്ത് നടന്ന കോട്പ അതിര്‍ത്തി നിര്‍ണ്ണയ പ്രവര്‍ത്തനത്തിന്റെ ഉദ്ഘാടനം റോഡില്‍ മഞ്ഞവര രേഖപ്പെടുത്തി ചെയര്‍പേഴ്‌സണ്‍ ജെസ്സി ആന്റണി നിര്‍വ്വഹിച്ചു. ഡെപ്യൂട്ടി ഡി.എം.ഒ., ഡോ. സുഷമ പി.കെ., കൗണ്‍സിലര്‍ വിക്‌ടോറിയ ഷേര്‍ലി മെന്റ്‌സ്, ജില്ലാ ആശുപത്രി, സൂപ്രണ്ട് ഡോ. ഉമാദേവി എം.ആര്‍., ആര്‍.എം.ഒ., ഡോ. അജി പി.എന്‍., ടെക്‌നിക്കല്‍ അസിസ്റ്റന്റ് കെ.എന്‍. വിനോദ്, ജില്ലാ വെക്ടര്‍ കണ്‍ട്രോള്‍യൂണിറ്റ് സൂപ്പര്‍വൈസര്‍ എം. എം.സോമി, എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ ഷാജി ജോര്‍ജ്ജ്, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ സുനില്‍കുമാര്‍ എം. ദാസ്, എസ്്.ജി.എച്ച്.എസ്, എസ്.എച്ച്.ജി.എച്ച് എന്നീ സ്‌കൂളുകളിലെ ഹെഡ്മാസ്റ്റര്‍, അദ്ധ്യാപകര്‍, കുട്ടികള്‍, വ്യപാരികള്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."