ജോലി നഷ്ടപ്പെട്ട പ്രവാസികളുടെ മടക്കയാത്രാ ചിലവ് കേരള സര്‍ക്കാര്‍ വഹിക്കണം: ആവശ്യവുമായി സൈന്‍ ജിദ്ദാ ചാപ്റ്റര്‍ എക്‌സിക്യൂട്ടീവ് കമ്മിറ്റി
ജിദ്ദ: കൊവിഡിന്റെ പശ്ചാത്തലത്തില്‍ ജോലി നഷ്ടപ്പെട്ട് മടങ്ങുന്ന ഇ.സി.എന്‍.ആര്‍ കാറ്റഗറിയില്‍ പെടുന്ന പ്രവാസികളുടെ മടക്കയാത്രക്കുള്ള ടിക്കറ്റ് കേരള സര്‍ക്കാര്‍ ഏറ്റെടുക്കണമെന്ന് സൈന്‍ ജിദ്ദാ ചാപ്റ്റര്‍ എക്‌സിക്യൂട്ടീവ് കമ്മിറ്റി യോഗം ആവശ്യപ്പെട്ടു.
ലോകം കീഴടക്കിയ മഹാമാരി കൊവിഡിന്റെ പശ്ചാത്തലത്തില്‍ ഇക്കഴിഞ്ഞ ബജറ്റില്‍ ലോക കേരള സഭക്കും ലോകസാംസ്‌കാരിക മേളക്കും നീക്കിവെച്ച 12 കോടി രൂപയും വൈദഗ്ദ്യ പോഷണത്തിന് നീക്കിവെച്ച 2 കോടി രൂപയും പ്രവാസി സംഘടനകള്‍ക്ക് ധനസഹായത്തിന് നീക്കിവെച്ചിട്ടുള്ള 2 കോടിയുള്‍പ്പെടെയുള്ള ഇത്തരം ബജറ്റ് വിഹിതങ്ങള്‍ മുഴുവനായും ഇതിനായി വകയിരുത്തണമെന്നും യോഗം ആവശ്യപ്പെട്ടു. ഇത് സംബന്ധിച്ച് മുഖ്യമന്ത്രി, പ്രവാസികാര്യ മന്ത്രി, പ്രതിപക്ഷ നേതാവ്, നോര്‍ക്ക എന്നിവര്‍ക്ക് ഇ-മെയില്‍ സന്ദേശം അയക്കും.
കൊവിഡ് ബാധിച്ചു പ്രവാസ ലോകത്ത് ചികിത്സയില്‍ കഴിയുന്ന പ്രവാസികളുടെ കാര്യത്തില്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാറുകളുടെ ഭാഗത്ത് നിന്നും വേണ്ടത്ര ശ്രദ്ധ ഉണ്ടായിട്ടില്ല. ഇത്തരത്തില്‍ ചികിത്സയില്‍ കഴിയുന്ന പ്രവാസി ക്ഷേമനിധിയില്‍ അംഗങ്ങളല്ലാത്തവര്‍ക്ക് അടിയന്തിര സാമ്പത്തിക സഹായം നല്‍കാന്‍ സംസ്ഥാന സര്‍ക്കാര്‍ തയ്യാറാകണമെന്നും നോര്‍ക്ക ഈയിടെ പ്രഖ്യാപിച്ച ആനുകൂല്യം പോലും ഇത്തരക്കാര്‍ക്ക് ലഭ്യമല്ലാത്ത സാഹചര്യത്തില്‍ തൊഴില്‍ നഷ്ടവും മാനസിക പിരിമുറുക്കവും അനുഭവിക്കുന്ന ആളുകളെ മാനുഷിക പരിഗണനവെച്ചുകൊണ്ടു സഹായിക്കേണ്ടത് അനിവാര്യമാണെന്നും യോഗം വിലയിരുത്തി.
കൂട്ടത്തോടെ പ്രവാസികള്‍ നാട്ടിലേക്ക് മടങ്ങിയാല്‍ ഉണ്ടായേക്കാവുന്ന ആരോഗ്യ-സാമ്പത്തിക-സാമൂഹിക വെല്ലുവിളികളെ മുന്നില്‍ കണ്ട്, അടിയന്തിര സാഹചര്യം അഭിമുഖീകരിക്കുന്ന പ്രവാസികളൊഴികെ അനാവശ്യമായി നാട്ടില്‍ പോവുന്നതിനെ നിരുത്സാഹപ്പെടുത്താന്‍ പ്രവാസി സംഘടനകള്‍ ബോധവല്‍ക്കരണം നടത്തണമെന്നും യോഗം അഭിപ്രായപ്പെട്ടു.
ഓണ്‍ലൈന്‍ യോഗത്തില്‍ ചാപ്റ്റര്‍ ഡയറക്റ്റര്‍ ഷാനവാസ് മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു. സലാഹ് കാരാടന്‍, അഷ്‌റഫ് പൊന്നാനി, ഹിഫ്സുറഹ്മാന്‍, ജുനൈസ് കെ.ടി, അഷ്‌റഫ് കോയിപ്ര തുടങ്ങിയവര്‍ സംസാരിച്ചു. കോഡിനേറ്റര്‍ മുഹമ്മദ് സാബിത്ത് സ്വാഗതവും ഫിനാന്‍സ് കോഡിനേറ്റര്‍ ഉമ്മര്‍ കോയ നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."