കൊവിഡിനിടെ വിദ്യാര്‍ഥികളെ അറസ്റ്റ് ചെയ്ത് ജയിലിലടയ്ക്കുന്നത് മനുഷ്യത്വമില്ലായ്മ: കുഞ്ഞാലിക്കുട്ടി
മലപ്പുറം: രാജ്യം കൊവിഡിനെതിരേയുള്ള പോരാട്ടം കടുപ്പിക്കുന്നതിനിടയില്‍ ഡല്‍ഹി പൊലിസ് നിരപരാധികളായ വിദ്യാര്‍ഥികളെ കള്ളക്കേസുകളില്‍ കുടുക്കി അറസ്റ്റ് ചെയ്യുന്ന തിരക്കിലാണെന്ന് മുസ്‌ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി എംപി. വിദ്യാര്‍ഥി വേട്ടയില്‍ നിന്ന് ഡല്‍ഹി പൊലിസിനെ തടയാന്‍ കേന്ദ്ര ആഭ്യന്തര വകുപ്പ് തയാറാവണമെന്നാവശ്യപ്പെട്ട് വകുപ്പ് മന്ത്രി അമിത്ഷായ്ക്ക് എം.പി കത്തെഴുതി. വിവാദ പൗരത്വ നിയമ ഭേദഗതിക്കെരേയുള്ള സമരത്തില്‍ മുന്‍പന്തിയിലുണ്ടായിരുന്ന വിദ്യാര്‍ഥികള്‍ക്കെതിരേയാണ് ഡല്‍ഹി പൊലിസിന്റെ മനുഷ്യത്വ വിരുദ്ധമായ നടപടി. ഡല്‍ഹി ജാമിയ മില്ലിയ വിദ്യാര്‍ഥികളായ സഫൂറ സര്‍ഗാര്‍, മീരാന്‍ ഹൈദര്‍, അലുംനി അസോസിയേഷന്‍ നേതാവ് ശിഫാഉര്‍ റഹ്മാന്‍ ഖാന്‍ തുടങ്ങിയവരെ ലോക്ക് ഡൗണിനിടയിലും അറസ്റ്റ് ചെയ്ത് ജയിലിലടച്ചിരിക്കുകയാണ്. ഇതില്‍ സഫൂറ സര്‍ഗാര്‍ ഗര്‍ഭിണിയാണ്.
ഡല്‍ഹിയില്‍ കൊവിഡ് കേസുകള്‍ അനുദിനം വര്‍ധിക്കുന്നതിനിടയിലും ലോക്ക്ഡൗണ്‍ നിര്‍ദേശങ്ങളൊക്കെ കാറ്റില്‍ പരത്തി വിദ്യാര്‍ഥികളെയും പൗരത്വ നിയമത്തിനെതിരേയുള്ള പ്രക്ഷോഭത്തില്‍ മുന്‍പന്തിയിലുണ്ടായിരുന്ന സാമൂഹ്യ പ്രവര്‍ത്തകരെയും പൊലിസ് സ്‌റ്റേഷനുകളിലേക്ക് നിരന്തരം വിളിച്ചുവരുത്തുന്നു.
പല സര്‍ക്കാരുകളും വിചാരണ തടവുകാരെ മോചിപ്പിക്കുന്നതിനിടയിലാണ് ഡല്‍ഹി പൊലിസ് വിദ്യാര്‍ഥികളെ ജയിലിലടക്കുന്നത്. പൊലിസിന്റെ ഈ നടപടി സര്‍ക്കാറിന്റെ കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളെ പരിഹാസ്യമാക്കി തീര്‍ക്കുന്നതായും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."