പൊതു ശ്മശാനം നിര്‍മിക്കുന്നതിന് നടപടികള്‍ സ്വീകരിക്കും: സജി ചെറിയാന്‍ എം.എല്‍.എ
ചെങ്ങന്നൂര്‍: ചെങ്ങന്നൂര്‍ നഗരസഭയില്‍ പതിമൂന്നാം വാര്‍ഡില്‍ മരണാനന്തര ചടങ്ങുകള്‍ക്കും സംസ്‌കരിക്കുന്നതിനും പൊതുശ്മശാനമോ സ്വന്തമായി ഭൂമിയോ ഇല്ലാത്തതു കാരണം നടുറോഡില്‍ വൃദ്ധയുടെ ജഡം സംസ്‌കരിക്കേണ്ടി വന്നത് തീര്‍ത്തും ദൗര്‍ഭാഗ്യകരമായ സംഭവമാണെന്ന് സജി ചെറിയാന്‍ എം.എല്‍.എ പറഞ്ഞു.
നഗരസഭാ പ്രദേശത്തുള്ള സാമൂഹികവും സാമ്പത്തികവുമായി പിന്നോക്കം നില്‍ക്കുന്ന വിഭാഗങ്ങള്‍ക്കാണ് പൊതു ശ്മശാനത്തിന്റെ ആവശ്യം വേണ്ടിവരുന്നത്. സംസ്ഥാന സര്‍ക്കാര്‍ എല്ലാ നഗരസഭകളിലും ശ്മശാനം നിര്‍മിക്കുന്നതിനുള്ള ഫണ്ട് നല്‍കാന്‍ തയാറാണെന്നിരിക്കെ ചെങ്ങന്നൂരില്‍ ശ്മശാനത്തിനുള്ള സ്ഥലം കണ്ടെത്താന്‍ നഗരസഭ ശ്രമിക്കണം.
നഗരസഭാ പ്രദേശത്ത് മൃതദേഹം സംസ്‌കരിക്കാന്‍ സ്ഥലമില്ലാത്തതിനാല്‍ വീടു പൊളിച്ച് സംസ്‌കരിക്കുകയും മെഡിക്കല്‍ കോളജുകളിലേക്ക് നല്‍കുകയും ചെയ്യുന്ന സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്. ഇതിന് ശാശ്വതമായ പരിഹാരം ഉണ്ടാകേണ്ടതുണ്ട്. സമീപ പഞ്ചായത്തുകളില്‍ ശ്മശാനം നിലവിലുണ്ട്. ഈ പഞ്ചായത്തുകളിലെ ഭരണസമിതിയുമായി ബന്ധപ്പെട്ട് സംസ്‌കരിക്കുന്നതിനുള്ള അനുവാദം തേടാമെന്നിരിക്കെ നഗരസഭ ഇതിന് മുന്‍കൈ എടുക്കേണ്ടതുണ്ട്.
ചെങ്ങന്നൂര്‍ നഗരത്തില്‍ ശ്മശാനമില്ലാത്തതിന്റെ പോരായ്മ പരിഹരിക്കുന്നതിന് സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് എന്തു സഹായവും നേടിയെടുക്കുന്നതിന് ആത്മാര്‍ത്ഥമായ ശ്രമം ഉണ്ടാകുമെന്നും ഇതിനായി നിയോജക മണ്ഡലത്തിലെ തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങളിലെ ജനപ്രതിനിധികളുടെ യോഗം വിളിച്ചു ചേര്‍ക്കുമെന്നും സജി ചെറിയാന്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."