അവ്യക്തതകൾക്കിടയിലും നാടണയാൻ കൊതിച്ച് സഊദിയിലെ പ്രവാസികൾ; അന്തിമ പട്ടിക തയ്യാറാക്കി എംബസി
റിയാദ്: സഊദിയിൽ നിന്നും നാളെ മുതൽ പ്രവാസികളെ നാട്ടിലെത്തിക്കാനുള്ള ഒരുക്കങ്ങൾ നടക്കുന്നതിനിടയിലും ഇത് സംബന്ധമായ അവ്യക്തതകൾ ആശങ്കകൾ സൃഷ്ടിക്കുന്നു. റിയാദിൽ നിന്നും കോഴിക്കോട്ടേക്കുള്ള ആദ്യ വിമാനത്തിൽ യാത്ര ചെയ്യേണ്ടവരുടെ അന്തിമ പട്ടിക എംബസി ഇതിനകം പൂർത്തിയാക്കിയതായിട്ടാണ് വിവരം. ഇതെ തുടർന്ന് പട്ടികയിൽ ഇടം പിടിച്ചവർക്ക് എംബസിയിൽ നിന്നും ഫോൺ വിളികൾ വരികയും ആവശ്യമയ നിർദ്ദേശങ്ങൾ നൽകുകയും ചെയ്തിട്ടുണ്ട്.
ഇവരോട് ഇന്ന് (ബുധൻ) രാവിലെ 9 മണിക്ക് എയർ ഇന്ത്യാ ഓഫീസിലെത്താനാണ് എംബസി നിർദ്ദേശം നൽകിയിരിക്കുന്നത്. ഗർഭിണികളെയും രോഗികളെയും പ്രായം ചെന്നവരെയുമാണ് ആദ്യ ഘട്ടത്തിൽ കൊണ്ട് പോകുന്നതിനായി എംബസി ലിസ്റ്റ് ചെയ്തിരിക്കുന്നത്. ഇതിൽ ഗർഭിണികൾ എത്ര മാസമായെന്നും യാത്ര ചെയ്യുന്നതിനാവശ്യമായ ഫിറ്റ്നസും തെളിയിക്കുന്ന ഗൈനക്കോളജിസ്റ്റ് അറ്റസ്റ്റ് ചെയ്ത സർട്ടിഫിക്കറ്റ് ഹാജരാക്കേണ്ടതുണ്ട്. സാധാരണയായി ഏഴ് മാസം വരെയാണ് ഗർഭിണികൾക്ക് യാത്രാനുമതി നൽകാറുള്ളൂ. നിലവിലെ സാഹചര്യത്തിൽ ഏഴ് മാസത്തിലധികമായ ഗർഭിണികളെ യാത്ര ചെയ്യാൻ അനുവദിക്കുമോ എന്നുള്ളതിനെ കുറിച്ച് വിശദാംശങ്ങൾ ലഭ്യമല്ല. കൂടാതെ ഗർഭിണികളോടൊപ്പമുള്ള ചെറിയ കുട്ടികളെ കൊണ്ട് പോകുന്നത് സംബന്ധമായി അവ്യക്തത നില നിൽക്കുന്നുണ്ട്. നിലവിൽ ഗർഭിണികൾക്ക് മാത്രമാണ് അനുവാദമുള്ളൂവെന്നും എയർ ഇന്ത്യാ ഓഫീസുമായി ബന്ധപ്പെട്ട് കുട്ടികളെ കൊണ്ട് പോകുന്നതുമായി ബന്ധപ്പെട്ട വിവരങ്ങൾ അന്യോഷിക്കാനുമാണ് അധികൃതർ നൽകിയ നിർദ്ദേശം. രോഗികളും മെഡിക്കൽ ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ഹാജാക്കേണ്ടി വരും.
അതെ സമയം ടിക്കറ്റ് നിരക്ക് സംബന്ധിച്ച് പല വാർത്തകളും പ്രചരിക്കുന്നുണ്ടെങ്കിലും എംബസി ഇക്കാര്യത്തിൽ വ്യക്തത വരുത്തിയിട്ടില്ല. 700 റിയാലിനടുത്ത് വരുമെന്നാണ് ചില ഏജൻസികളുടെ അഭിപ്രായം. എയർ ഇന്ത്യാ ഓഫീസിൽ നിന്നായിരിക്കും ഇത് സംബന്ധമായ കൃത്യമായ വിവരങ്ങൾ ലഭിക്കാനിടയുള്ളൂ. അതെ സമയം നിലവിലെ സാഹചര്യത്തിൽ ജോലിയോ വരുമാനമോ ഇല്ലാത്ത പ്രവാസികൾക്ക് ടിക്കറ്റ് എടുക്കാൻ പണമില്ലാത്ത സാഹചര്യമാണുള്ളതെന്നും എംബസിയുടെ വെൽഫെയർ ഫണ്ടുപയോഗിച്ച് പ്രയാസമുള്ളവർക്കെങ്കിലും സൗജന്യമായി ടിക്കറ്റ് അനുവദിക്കണമെന്നും മലയാളി സമൂഹം ഒന്നടങ്കം ആവശ്യപ്പെടുന്നുണ്ട്. കോടിക്കണക്കിന് രൂപയാണ് വെൽഫെയർ ഫണ്ടിനത്തിൽ എംബസിയിലുള്ളതെന്നും ഇവർ ചൂണ്ടിക്കാട്ടുന്നു.
കോവിഡ് രോഗ ലക്ഷണങ്ങളോ രോഗ ബാധയോ ഇല്ലാത്തവരെയാണ് യാത്രക്കായി പരിഗണിക്കുകയെന്ന് അധികൃതർ വ്യക്തമാക്കിയിട്ടുണ്ടെങ്കിലും ഈ യാത്രക്കാർക്ക് ടെസ്റ്റുകൾ നടത്തുന്നതുമായി ബന്ധപ്പെട്ട നടപടി ക്രമങ്ങളെ കുറിച്ച് വ്യക്തതയുമില്ല. സഊദിയിൽ സർക്കാർ ആശുപത്രികളിലാണ് കോവിഡ് ടെസ്റ്റ് ചെയ്യാനുള്ള സംവിധാനങ്ങളുള്ളത്. റാപ്പിഡ് ടെസ്റ്റ് സംവിധാനവും നിലവിൽ സഊദിയിലില്ല. വിമാനത്താവളത്തിൽ വെച്ച് കോവിഡ് ടെസ്റ്റ് നടത്താനിഡയുണ്ടെന്നാണ് ചിലർ പറയുന്നത്. അതെസമയം ഇത് സംബന്ധമായ നിർദ്ദേശങ്ങൾ കേന്ദ്ര സർക്കാറിൽ നിന്നും എംബസിക്ക് ലഭിച്ചിട്ടില്ലെന്നാണ് അറിയുന്നത്.
എംബസി കണക്ക് പ്രകാരം ഒരു ലക്ഷത്തിന് താഴെ രജിസ്ട്രേഷനുകളാണ് ഇതിനകം ലഭ്യമായിട്ടുള്ളത്. ഇവരിൽ നിന്നും മുൻഗണനാ പട്ടിക തയ്യാറാക്കി ആദ്യ ആഴ്ചയിൽ സഊദിയിൽ നിന്നും 800 പേരാണ് ഇന്ത്യയിലേക്ക് തിരിക്കുന്നത്. വ്യാഴാഴ്ച റിയാദിൽ നിന്ന് കോഴിക്കോട്ടേക്കും ശനിയാഴ്ച റിയാദിൽ നിന്നും ഡെൽഹിയിലേക്കും തിങ്കളാഴ്ച ദമാമിൽ നിന്ന് കൊച്ചിയിലേക്കും ചൊവ്വാഴ്ച ജിദ്ദയിൽ നിന്ന് ഡെൽഹിയിലേക്കുമാണ് ആദ്യത്തെ ആഴ്ചയിൽ ഷെഡ്യൂൾ ചെയ്ത വിമാന സർവ്വീസുകൾ. അടുത്ത ആഴ്ചകളിലായി രജിസ്ട്രേഷൻ പൂർത്തിയാക്കിയ മറ്റു യാത്രക്കാർക്കും നാടണയാൻ കഴിയുമെന്നാണ് പ്രതീക്ഷ. രജിസ്റ്റർ ചെയ്ത ഗർഭിണികളെ എല്ലാവരെയും ആദ്യ ആഴ്ചയിൽ തന്നെ നാട്ടിലെത്തിക്കും. രജിസ്റ്റർ ചെയ്തവരിൽ ചിലർ യാത്ര വേണ്ടെന്ന് വെച്ചപ്പോൾ പട്ടിക പ്രകാരം എംബസി മറ്റുള്ളവർക്ക് അവസരം ലഭിച്ചു. അവ്യക്തതകളുണ്ടെങ്കിലും നാടണയാമെന്ന പ്രതീക്ഷയിലാണ് സഊദിയിലെയും പ്രവാസി സമൂഹം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."