സത്താര്‍ പറയും; 'നോ ഹര്‍ത്താല്‍'
കാസര്‍കോട്: ഹര്‍ത്താല്‍ ദിനത്തില്‍ തളങ്കര മാലിക് ദിനാറിന് സമീപത്തെ അബ്ദുല്‍ സത്താറിനും അദ്ദേഹത്തിന്റ സ്‌കൂട്ടറിനും വിശ്രമമില്ല.
ഹര്‍ത്താലെന്ന് കേള്‍ക്കുമ്പോഴെ ആഘോഷത്തിലേക്കും അവധിയിലേക്കും കടക്കുന്നവര്‍ക്കു മാതൃകയാവുകയാണ് കല്ലുകെട്ട് തൊഴിലാളിയായ ഈ 46കാരന്‍. വര്‍ഷങ്ങളായി ഹര്‍ത്താല്‍ ദിനത്തില്‍ ലക്ഷ്യ സ്ഥാനത്തെത്താന്‍ ബുദ്ധിമുട്ടുന്നവരെ തന്റെ സ്‌കൂട്ടറില്‍ കയറ്റി ലക്ഷ്യസ്ഥാനത്തിക്കുന്ന പതിവു രീതിക്ക് കാസര്‍കോട് ഈയടുത്തായി നടന്ന നാലു ഹര്‍ത്താലിലും അദ്ദേഹം മുടക്കം വരുത്തിയില്ല.
വാഹനങ്ങളില്ലാത്തതിനാല്‍ കാസര്‍കോട് നഗരത്തിലെത്താന്‍ ട്രെയിനിനെ ആശ്രയിക്കുന്നവരാണു കൂടുതല്‍. അതുകൊണ്ടു തന്നെ എല്ലാ ഹര്‍ത്താല്‍ ദിവസങ്ങളിലും രാവിലെ മുതല്‍ സത്താറിന്റെ സേവനം കാസര്‍കോട് റെയില്‍വേ സ്റ്റേഷനില്‍ ലഭിക്കും. റെയില്‍വേ സ്റ്റേഷനിലെത്തുന്നവരെ ഒരു പരിഗണനയും ദൂരവും നോക്കാതെ ലക്ഷ്യസ്ഥാനത്തെത്തിച്ചാലേ സത്താറിനു സമാധാനമാവൂ. ചിലര്‍ ആദ്യം കയറാനൊന്നു മടിക്കും. എന്നാല്‍ കാര്യം പറഞ്ഞു മനസിലാക്കിയാല്‍ പിന്നെ യാത്രയായി.
യാത്രയുടെ ഒടുക്കം സത്താറിനും സഹയാത്രികനും നല്ല സുഹൃത്തുക്കളായിട്ടുണ്ടാകും. ഇത്തരത്തില്‍ ചില നല്ല സുഹൃത്തുക്കളെ ലഭിച്ചതായും സത്താര്‍ പറയുന്നു.
ഭാര്യയ്ക്കും മക്കള്‍ക്കുമൊപ്പം താമസിക്കുന്ന സത്താറിന് തന്റെ ആരോഗ്യം ക്ഷയിക്കും വരെ യാത്രക്കാര്‍ക്കായി ഇങ്ങനെ സേവനം ചെയ്യണമെന്നാണ് ആഗ്രഹം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."